ബിഹാറില്‍ വീണ്ടും പാലം തകര്‍ന്ന് വീണ് അപകടം

ബിഹാറില്‍ വീണ്ടും പാലം തകര്‍ന്ന് വീണ് അപകടം. സിവാന്‍ ജില്ലയിലെ ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഒരു ഭാഗം ബുധനാഴ്ച രാവിലെ തകര്‍ന്നു വീണു. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെ ആണ് സംഭവം. 1982 – 83 ല്‍ കാലയളവില്‍ നിര്‍മിച്ച പാലമാണ് തകര്‍ന്നത്. ജില്ലയിലെ ഡിയോറിയ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ഈ ചെറിയ പാലം നിരവധി ഗ്രാമങ്ങളെ മഹരാജ് ഗഞ്ചുമായി ബന്ധിപ്പിക്കുന്നതാണ്. 35 വർഷം പഴക്കമുള്ള രണ്ട് പാലങ്ങൾ ജില്ലയിലെ ഡിയോറിയ ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്. . പാലങ്ങൾ തകർന്നതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും കാൽനടയും താറുമാറായി.ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ രണ്ട് പാലങ്ങളാണ് ബിഹാറിൽ തകര്‍ന്നത്. ഇതോടെ കഴിഞ്ഞ 15 ദിവസത്തിനിടെ ബിഹാറില്‍ തകര്‍ന്ന് വീണ പാലങ്ങളുടെ എണ്ണം എട്ട് ആയി. ഇന്നലെ നദി വൃത്തിയാക്കിയിരുന്നുവെന്നും ഇതിനുശേഷം വെള്ളം ശക്തമായി ഒഴുകിവന്നതോടെയാണ് പാലം തകര്‍ന്നതെന്നും നാട്ടുകാര്‍ പറ‍ഞ്ഞു.

ജൂൺ 30നു ഠാക്കൂർഗഞ്ചിൽ ഖോഷി ഡാം​ഗി ​ഗ്രാമത്തിൽ ബണ്ട് നദിക്ക്‌ കുറുകെയുള്ള പാലം തകർന്നു. പണി പൂർത്തിയാകാത്ത 75 മീറ്റർ നീളമുള്ള പാലം മധുബനി എന്ന ഗ്രാമത്തിൽ ബുട്ടാഹി നദിക്ക് കുറുകെ മൂന്ന് കോടി ചെലവിട്ട് നിര്‍മിക്കുന്ന 75 മീറ്റര്‍ നീളമുള്ള പാലം ജൂൺ 29 ന് തകർന്നു വീണിരുന്നു. ജൂൺ 26 ന് കൃഷൻഗഞ്ചിൽ പണി പൂർത്തിയാകും മുൻപ് പാലം തകർന്നു വീണിരുന്നു. ജൂൺ 23 ​നു ​കിഴക്കൻ ചമ്പാരൻ ജില്ലയിലെ 60 അടി നീളമുള്ള പാലം തകർന്നു വീണിരുന്നു. ജൂൺ 22 ന് ഗണ്ടക് കനാലിന് മുകളിൽ നിർമിച്ച പാലവും തകർന്നു വീണിരുന്നു. അരാരിയ എന്ന പ്രദേശത്തും പണിതുകൊണ്ടിരിക്കുന്ന പാലം ജൂൺ 19 നു തകർന്ന് വീണിരുന്നു. അരാരിയയിൽ ബക്ര നദിക്ക് കുറുകെ 12 കോടി രൂപ ചെലവിൽ നിര്‍മിച്ച 183 മീറ്റര്‍ നീളമുള്ള പാലമാന് ഉദ്ഘാടനത്തിന് ഒരുങ്ങവെ തകര്‍ന്നുവീണത് . നദിക്ക് കുറുകെയുള്ള പാലം ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുന്നതിന്റെയും നിമിഷങ്ങൾക്കുള്ളിൽ തകരുന്നതിന്റെയും ദൃശ്യങ്ങൾ ‌മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തകർന്ന ഭാഗം നിമിഷങ്ങൾക്കകം നദിയിലൂടെ ഒലിച്ചുപോയതും കാണാമായിരുന്നു. അതേസമയം വലിയ വിമർശനങ്ങളാണ് ബിഹാറിൽ ഈ സംഭവങ്ങളെ തുടർന്ന് സർക്കാരിനെതിരെ ഉയരുന്നത്.

ബീഹാറിലെ അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥയെ കുറിച്ചുള്ള വര്‍ധിച്ച് വരുന്ന ആശങ്കകളാണ് തുടര്‍ച്ചയായുള്ള പാലം തകര്‍ച്ചയില്‍ നിന്ന് വെളിവാകുന്നത്. കൺസ്ട്രക്ഷനിലെ പ്രശ്‌നങ്ങളാണ് പാലം തകരാൻ കാരണമെന്ന് പറഞ്ഞു സർക്കാർ കയ്യൊഴിയാൻ ശ്രമിച്ചെങ്കിലും ഭരണത്തിലെ പ്രശ്നം തന്നെയാണ് സമൂഹ മാധ്യമങ്ങൾ അടക്കം ഇപ്പോൾ എടുത്തു കാട്ടുന്നത്. വികസന പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന പണം ശരിയായി വിനിയോഗിക്കാൻ കഴിയാത്തതാണ് പ്രശ്നമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. തകര്‍ന്ന രണ്ട് പാലങ്ങളില്‍ ഒന്ന് 1998 ല്‍ അന്നത്തെ എം പി പ്രഭുനാഥ് സിംഗിന്റെ ഫണ്ടില്‍ നിന്ന് ആറ് ലക്ഷം രൂപ മുടക്കി നിര്‍മിച്ചതാണെന്നാണ് പറയപ്പെടുന്നത്. 2004 ല്‍ ഇതേ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് മറ്റൊരു പാലം നിര്‍മിച്ചത്. അതിന് ശേഷം രണ്ട് പാലങ്ങളും അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. ഈ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഒരു ഉന്നത തല സമിതിയെ ബീഹാര്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. നേരത്തെ മാർച്ചിൽ ബിഹാറിലെ സുപൗലില്‍ നിർമാണത്തിലിരുന്ന പാലം തകര്‍ന്ന് ഒരാള്‍ മരിക്കുകയും 10പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കോസി നദിക്ക് കുറുകെ നിര്‍മിച്ച പാലമാണ് അന്ന് തകർന്നുവീണത്. കഴിഞ്ഞ വർഷം ജൂണില്‍ ഭഗൽപൂരില്‍ ഗംഗാ നദിക്ക് കുറുകെ നിർമിച്ച പാലം തകർന്നുവീണ‌ിരുന്നു.