കൂലിപ്പണിയെടുത്ത് ഭാര്യയെ പഠിപ്പിച്ചു, പൊലീസായതിന് പിന്നാലെ വിവാഹമോചനം തേടി യുവതി

വിവാഹ ശേഷം പഠിയ്ക്കാന്‍ അവസരം കിട്ടുന്നവര്‍ വളരെ ചുരുക്കമാണ്. അങ്ങനെ കിട്ടുന്നവര്‍ ഭാഗ്യവുമാണ്. ഏത് ബന്ധത്തിലും വിശ്വാസ വഞ്ചനയാണ് ഏറ്റവും വലിയ ദുരന്തം. ബീഹാറിലെ ബെഗുസരായിയില്‍ നിന്നുള്ള ഒരു ചതിയുടെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. കൂലിപ്പണിയെടുത്ത് ഭാര്യയെ പഠിപ്പിച്ച് ജോലിക്കാരിയാക്കി, പിന്നാലെ ഭര്‍ത്താവിനെ ഉപേക്ഷിച്ചെന്നതാണ് വാര്‍ത്ത.

ദര്‍ഹ ഗ്രാമവാസിയായ വിജയ് കുമാറിനാണ് ഈ ദുര്‍വിധി. 2013 ജൂണ്‍ 15 നാണ് സാഹേബ്പൂര്‍ സന്‍ഹ ഗ്രാമത്തില്‍ നിന്നുള്ള റോഷ്നി കുമാരിയെ വിജയ് വിവാഹം കഴിച്ചത്. വിവാഹശേഷം പഠിക്കണമെന്ന് റോഷ്നി ആവശ്യപ്പെട്ടു. എതിര്‍പ്പുകളൊന്നും ഇല്ലാതെ വിജയ് സമ്മതിക്കുകയും ചെയ്തു.

വിജയകുമാറിന് ധര്‍മകാന്തയിലായിരുന്നു ജോലി. നല്ല രീതിയില്‍ പഠിച്ച് റോഷ്‌നിക്ക് 2022 ഒക്ടോബറില്‍ ബീഹാര്‍ പൊലീസില്‍ കോണ്‍സ്റ്റബിളായി ജോലിയും കിട്ടി. പരിശീലനത്തിനായി പോയ റോഷ്നി പതുക്കെ വിജയിയെ ഒഴിവാക്കാന്‍ തുടങ്ങി. പിന്നാലെ റോഷ്നി വിവാഹബന്ധം വേര്‍പ്പെടുത്താനും ആവശ്യപ്പെട്ടിരിക്കുകയാണ്. റോഷ്‌നിയുടെ വീട്ടുകാരും വിവാഹമോചനത്തിന് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതോടെ പോലീസ് വിഷയത്തില്‍ കേസെടുത്തിരിക്കുകയാണ്.