
ഇപ്പോൾ കോളറ ഭീതിയിലാണ് തലസ്ഥാനം. നെയ്യാറ്റിൻകരയിലെ ശ്രീകാരുണ്യ മിഷൻ ചാരിറ്റബിൾ ഹോസ്റ്റലിലെ അന്തേവാസികളായ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. 12 പേർ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരത്തെ മൂന്നുപേർക്ക് ഉൾപ്പെടെ സംസ്ഥാനത്ത് നാലുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോളറ ബാധയുടെ പശ്ചാത്തലത്തിൽ ശ്രീകാരുണ്യ മിഷൻ ചാരിറ്റബിൾ ഹോസ്റ്റൽ താത്ക്കാലികമായി പൂട്ടിയിരുന്നു. വയറിളക്കവും ഛർദിയും കാരണം ഇവിടുത്തെ അന്തേവാസിയായ 26കാരൻ മരിച്ചിരുന്നു. എന്നാൽ ഇദ്ദേഹത്തിന് കോളറ ബാധയുണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഹോസ്റ്റലിലെ അന്തേവാസിയായ പത്തു വയസ്സുകാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. സമാന രോഗലക്ഷണങ്ങളോടെ 12 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. നെയ്യാറ്റിൻകരയിലെ ഹോസ്റ്റലിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. അന്തേവാസികൾക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതോടെ ആദ്യം ഭക്ഷ്യ വിഷബാധയെന്നാണ് ഹോസ്റ്റലിലുള്ളവർ സംശയിച്ചത്. വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കിൽ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങൾ മാറിയാലും ഏതാനും ദിവസങ്ങൾ കൂടി രോഗിയിൽനിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്. കോളറ മുതിർന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. കഞ്ഞി വെള്ളത്തിൻ്റെ രൂപത്തിൽ വയറിളകി പോകുന്നതാണ് പ്രധാന ലക്ഷണം. കൂടുതൽ തവണ വയറിളകി പോകുന്നതിനാൽ വളരെ പെട്ടെന്ന് നിർജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയിൽ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ മലം പരിശോധനയ്ക്ക് അയക്കേണ്ടതും നിർജലീകരണം ഇല്ല എന്ന് ഉറപ്പുവരുതുകയും ആന്റിബൈക്കോടിക് ചികിത്സ എത്രയും വേഗം ആരംഭിക്കേണ്ടതുമാണ്. രോഗം ഗുരുതരവും മരണ കാരണവുമാകുന്നത് നിര്‍ജ്ജലീകരണം കൊണ്ടാണ്.
ആയതിനാല്‍ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗ ചികിത്സയെയും പോലെ തന്നെയാണ് കോളറാ ചികിത്സയും. ആരംഭം മുതല്‍ ഒ.ആര്‍.എസ്. ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്. ഭക്ഷ്യവസ്തുക്കള്‍ നന്നായി വേവിച്ച് മാത്രം കഴിക്കുക, പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക, മലമൂത്ര വിസര്‍ജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക, വയറിളക്കമോ ഛര്‍ദിലോ ഉണ്ടായാല്‍ ധാരാളം വെള്ളം കുടിയ്ക്കുക, ഒ.ആര്‍.എസ്. പാനീയം കുടിക്കുക, എത്രയും വേഗം ചികിത്സ തേടുക തുടനകിയവയാണ് കോലരയ്‌ക്കെതിരെയുള്ള പ്രതിരോധങ്ങൾ. അതേസമയം കോഴിക്കോടിന് പിന്നാലെ തൃശ്ശൂരിലും കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിചിരുന്നു. പാടൂർ സ്വദേശിയായ 7-ാം ക്ലാസ് വിദ്യാർത്ഥിക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്ക ജ്വരമല്ലെന്നും വെർമമീബ വെർമിഫോർസിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആദ്യമായാണ് തൃശ്ശൂരിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത്. കുട്ടി എറണാകുളത്ത് ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.











