മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കരുതെന്ന് സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തിയ രണ്ട് പേര് അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കരുതെന്ന് സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തിയ വ്യത്യസ്ത സംഭവങ്ങളിൽ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം വിളക്കുപാറ സ്വദേശിയും യുട്യൂബറുമായ രാജേഷിനെ ഏരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ദുരിതാശ്വാസ നിധി തട്ടിപ്പാണെന്നും പണം അർഹരിലേക്ക് എത്തില്ലെന്നുമായിരുന്നു ഇയാൾ പ്രചരിപ്പിച്ചത്. മല്ലു ബോയ്‌സ് എന്ന യുട്യൂബ് ചാനൽ വഴിയും ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയുമാണ് ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയത്. ഏരൂർ പൊലീസ് സ്വമേധയാ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കായംകുളം പെരിങ്ങോല സ്വദേശി അരുണിനെയും​ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫേസ്‌ബുക്ക് വഴി പ്രചാരണം നടത്തിയതിനാണ് കായംകുളം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയ 279 സമൂഹ മാദ്ധ്യമ അക്കൗണ്ടുകളാണ് ഇതുവരെ കണ്ടെത്തിയത്. ഇവ നീക്കം ചെയ്യാൻ നിയമപ്രകാരമുള്ള നോട്ടീസ് നൽകിയിട്ടുണ്ട്.

ആലപ്പുഴയിലും പാലക്കാടും അഞ്ചുവീതവും തിരുവനന്തപുരം സിറ്റിയിലും തൃശ്ശൂർ റൂറലിലും നാലുവീതവും കൊല്ലം റൂറൽ, കോട്ടയം എന്നിവിടങ്ങളിൽ മൂന്നു വീതവും എറണാകുളം സിറ്റി, എറണാകുളം റൂറൽ, തൃശൂർ സിറ്റി,കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാത്രമല്ല തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിൽ ഒന്നു വീതം കേസുകളും രജിസ്റ്റർ ചെയ്തു. അതേസമയം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനെതിരെയും സൈബർ പോലീസ് കേസെടുത്തിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തിയവര്‍ക്കെതിരെയാണ് വയനാട് സൈബര്‍ ക്രൈം പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകള്‍, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ് എടുത്തത്. സാമൂഹ്യമാധ്യമമായ എക്‌സില്‍ കോയിക്കോടന്‍സ് 2.0 എന്ന പ്രൊഫൈലില്‍ നിന്നായിരുന്നു വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. തെറ്റിധാരണ പരത്തുന്ന തരത്തില്‍ ഇത്തരം പോസ്റ്റുകള്‍ എഡിറ്റ് ചെയ്യുകയും നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു പോലീസ് അറിയിച്ചത്. അതേമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ക്യൂ ആർ കോഡ് സംവിധാനം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്.

ക്യൂ ആർ കോഡ് സംവിധാനം ദുരുപയോഗം ചെയ്യുന്നതിനാലാണ് ഒഴിവാക്കാനുള്ള തീരുമാനമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. യുപിഐ ഐഡി വഴി സഹായം നൽകാമെന്നും ദുരിതാശ്വാസ ഫണ്ട് ഫലപ്രദമായി കൈകാര്യം ചെയ്യുമെന്നും ഇതിനായി ധനവകുപ്പ് സെക്രട്ടറിയുടെ കീഴില്‍ പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒന്നാകെ വയനാടിനെ കൈപിടിച്ചുയർത്താൻ നിൽക്കുകയാണെന്നും വെളളാര്‍മല സ്കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസം തുടരാനുളള നടപടി ഉടന്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് നേരത്തെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതാണ്. ഇതു സംബന്ധിച്ച് നിരന്തരം കേന്ദ്രവുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്ത്രമല്ല ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെന്നും മുഖ്യമന്ത്രി അറിയിച്ചു. 206 പേരെ കണ്ടത്താനുണ്ടെന്നും ദുരന്ത മേഖലയിലും ചാലിയാറിലും തിരച്ചിൽ തുടരുകയാണ്. 1419 പേരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും 40 ടീമുകൾ 6 സെക്ടറുകളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.