
കെ കെ രാഗേഷിനെ പ്രശംസിച്ച പോസ്റ്റിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ദിവ്യ എസ് അയ്യർ ഐഎഎസ്. ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച വീഡിയോയിലൂടെയാണ് വിമർശനങ്ങൾക്ക് മറുപടിയുമായി ദിവ്യ എസ് അയ്യർ രംഗത്ത് വന്നിരിക്കുന്നത്. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പ്രശംസിച്ച് കഴിഞ്ഞ ദിവസം വഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടര്‍ ദിവ്യ എസ് അയ്യർ ഇൻസ്റ്റഗ്രാമിലൂടെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ദിവ്യയ്ക്ക് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.
ചില മനുഷ്യരിൽ താൻ കണ്ട നന്മ വിളിച്ചുപറഞ്ഞതിന് കഴിഞ്ഞ ഒന്നര വർഷമായി ഏറ്റവും രൂക്ഷമായ വാക്കുകളിലുള്ള വിമർശനവും കയ്പേറിയ ചില പ്രതികരണങ്ങളും കേൾക്കുകയാണെന്ന് ദിവ്യ എസ് അയ്യർ പറഞ്ഞു. എത്ര വിചിത്രമായ ലോകമാണിതെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ദിവ്യ എസ് അയ്യർ പറഞ്ഞു.കുട്ടിക്കാലത്ത് നല്ല വാക്കുകള്‍ മാത്രം പറയുക, നല്ല കാര്യങ്ങള്‍ മാത്രം ചെയ്യുക, ആരെയും അധിക്ഷേപിക്കരുത്, നാലാളുടെ മുന്നില്‍വെച്ച് ആരെയും അപമാനിക്കരുത്, നമ്മള് കാരണം ഒരു മനുഷ്യനും വേദനിക്കരുത്, മുതിര്‍ന്നവരെ ആദരപൂര്‍വം നോക്കിക്കാണണം, ബഹുമാനപൂര്‍വം അവരോട് പെരുമാറണം എന്നീ കാര്യങ്ങള്‍ നമ്മുടെ നെഞ്ചിലേറുന്നതുവരെ പറഞ്ഞു മനസ്സിലാക്കി തരികയും പ്രാവര്‍ത്തികമാക്കാനുള്ള നിരന്തര ശ്രമം അവരുടെ ജീവിതവഴിയില്‍ കാണുകയും ചെയ്തിട്ടുള്ള ബാല്യകാലമാണ് ഉണ്ടായിട്ടുള്ളത്.
അതുകൊണ്ടുതന്നെ ഇപ്പോഴും ആത്മാര്‍ഥമായി അത് പ്രാവര്‍ത്തികമാക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം. നമ്മളാരും എല്ലാം തികഞ്ഞവരും നിറഞ്ഞവരും അല്ല. നമുക്ക് ചുറ്റുമുള്ള വ്യക്തികളില്‍ എല്ലാവരിലും നന്മയുടെ വെളിച്ചം ഉണ്ടാകും. നമുക്ക് പഠിക്കാവുന്ന ഒരുപാട് ഗുണങ്ങള്‍ അവരിലൊക്കെ ഉണ്ടായിരിക്കം. അതൊക്കെ കണ്ടെത്തുക എന്നത് വലിയ പ്രയാസമേറിയ കാര്യമല്ല.
അതേസമയം,കര്ണ്ണന് പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് കെ.കെ.രാഗേഷ് കവചം തീര്‍ത്തിരുന്നത് എന്നായിരുന്നു ദിവ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇതിന് പിന്നാലെയാണ് ദിവ്യയുടെ പോസ്റ്റ് വലിയ വിവാദങ്ങൾ ഇടയാക്കുകയും അതിനു ശേഷം ദിവ്യ എസ് അയ്യർ മറുപടിയുമായി രംഗത്ത് വരികയും ചെയ്തത്.











