മോഹൻലാലിൻറെ ആനക്കൊമ്പ് കേസിലെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി വനംവകുപ്പ്

മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസിലെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീക്കാനൊരുങ്ങി വനംവകുപ്പ്.റാപ്പർ വേടനെ പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന്റെ കേസുമായി താരതമ്യപ്പെടുത്തി വനം വകുപ്പിന് നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഈ വിമർശനങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ വനം വകുപ്പിന്റെ ഇങ്ങനൊരു നീക്കം. കോടനാട് ഡി.എഫ്.ഒ തന്നെയാണ് മോഹന്‍ലാലിന്റെ കൈവശമുള്ള ആനക്കൊമ്പ് കേസും അന്വേഷിച്ചിരുന്നത്. 2011ല്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതിന് ശേഷമാണ് 2012ല്‍ മോഹന്‍ലാലിന്റെ പേരില്‍ വനം വകുപ്പ് കേസെടുക്കുന്നത്.

തേവരയിലെ മോഹൻലാലിൻറെ വീട്ടിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം നടത്തിയപ്പോള്‍, നാല് ആനക്കൊമ്പും, മൂന്ന് ആനക്കൊമ്പില്‍ തീര്‍ത്ത വസ്തുക്കളും കണ്ടെത്തിയിരുന്നു. പിന്നാലെ 2022ല്‍ മോഹന്‍ലാലിനെ ഒന്നാം പ്രതിയായി ചേര്‍ത്ത് വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിന് തുടര്ന്ന് 2023 സെപ്റ്റംബറില്‍ താത്ക്കാലികമായി ആറ് മാസത്തേക്ക് വിചാരണ നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

എന്നാൽ , ആറ് മാസത്തെ കാലയളവ് കഴിഞ്ഞിട്ടും വനം വകുപ്പ് നടന്റെ ഈ കേസില്‍ പിന്നീട് അന്വേഷണമൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞദിവസം നടന്ന വേടന്റെ അറസ്റ്റ് പിന്നാലെ മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസില്‍ അന്വേഷണം നടക്കുന്നില്ലെന്ന ആരോപണങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. പിന്നാലെയാണ് സ്റ്റേ നീക്കണമെന്ന ആവശ്യവുമായി വനം വകുപ്പ് മുന്നോട്ടെത്തിയത്.