
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണ്ണൂർ അഡീഷണൽ ജില്ല മജിസ്ട്രേറ്റ് കെ നവീൻ ബാബു അഴിമതി ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്തത് . കണ്ണൂരിൽ നിന്നും തന്റെ ജന്മനാടായ പത്തനംതിട്ടയിലേക്ക് തിരിച്ചു വരുന്നതിനു മുന്നോടിയായി നടന്ന യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ വന്ന ഒരഥിതി അദ്ദേഹത്തെ പൊതുവേദിയിൽ അപമാനിച്ചു .
എന്നാൽ പ്രവർത്തിച്ച കർമ്മമേഖലയിലെല്ലാം ക്ലിയർ ഇമേജുള്ള ഒരു ഉദ്യോഗസ്ഥൻ ഈ കടും കൈ ചെയ്തതിലുള്ള വേദനയിലാണ് ജന്മദേശവും സഹപ്രവർത്തകരും . സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുള്ള കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു . ഏകദേശം 10 വര്ഷം വരെ തടവ് ലഭിക്കാനുള്ള വകുപ്പുണ്ട് .
ഇപ്പോൾ നവീന്റെ മരണത്തിൽ പത്തനംതിട്ടയിലെ മുൻ കളക്ടറും യുവ ഹൃദയങ്ങൾ കീഴടക്കിയ മികച്ച ഉദോഗസ്ഥനുമായിരുന്ന പി ബി നൂഹ് തന്റെ ഫേസ്ബുക് പേജിൽ കുറിച്ച കുറിപ്പാണ് വൈറലാവുന്നത് .

“എൻറെ ഔദ്യോഗിക ജീവിതത്തിലെ ഏറെ സംഭവബഹുലമായ കാലഘട്ടമായിരുന്നു 2018 മുതൽ 2021 ജനുവരി വരെ ജില്ലാ കളക്ടർ ആയി പ്രവർത്തിച്ച കാലഘട്ടം. ഈ കാലഘട്ടത്തിലാണ് 2018 ലെ വെള്ളപ്പൊക്കവും, ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും ഒടുവിലെ കോവിഡ് 19 മഹാമാരിയും.
ഈ മൂന്നു പ്രതിസന്ധിഘട്ടങ്ങളെയും ഒരു പരിധി വരെ തരണം ചെയ്യാൻ സാധിച്ചത് അതിസമർത്ഥരായ, പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ നിസ്സീമമായ സഹകരണം ഒന്നു കൊണ്ട് മാത്രമായിരുന്നു. അതിൽ എടുത്തു പറയേണ്ട പേരാണ് സൗമ്യനായ, ഉദ്യോഗസ്ഥ പരിമതികളില്ലാതെ ജനങ്ങളോട് ഇടപെട്ടിരുന്ന, ഏറെ കാര്യക്ഷമതയോടെ പ്രവർത്തിച്ചിരുന്ന നവീൻ ബാബുവിന്റേത്.
പതിനെട്ടിലെ വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് കുട്ടികൾ വളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന് മുന്നോട്ടു വന്നപ്പോൾ അവരുടെ ഏകോപനം ഏൽപ്പിക്കാൻ നവീൻ ബാബുവിനെക്കാൾ മികച്ച ഒരു ഓഫീസർ ഉണ്ടായിരുന്നില്ല. പത്തനംതിട്ടയിലെ പ്രമാടത്ത് മാസങ്ങളോളം പ്രവർത്തിച്ചിരുന്ന ഫ്ലഡ് റിലീഫ് മെറ്റീരിയൽ കളക്ഷൻ സെൻററിൽ വെളുപ്പിന് മൂന്നു മണി വരെ പ്രവർത്തിച്ചിരുന്ന നവീൻ ബാബുവിനെയാണ് എനിക്ക് പരിചയം.
എല്ലാവരോടും ചിരിച്ചു കൊണ്ട്മാത്രം ഇടപെട്ടിരുന്ന, സൗഹൃദത്തോടെ മാത്രം പെരുമാറിയിരുന്ന നവീൻ ബാബുവിന് കുട്ടികളോട് അടുത്ത ബന്ധം പുലർത്താൻ കഴിഞ്ഞത് പ്രമാടത്തെ കളക്ഷൻ സെൻറ്ററിന്റെ പ്രവർത്തനത്തെ തല്ലൊന്നുമല്ല സഹായിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട പ്രതിസന്ധികളിലും പ്രവർത്തികൾ വിശ്വസിച്ചേൽപ്പിക്കാൻ കഴിയുമായിരുന്ന കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു.
2019 ലെ കോവിഡ് കാലത്ത് തിരുവല്ലയിൽ പ്രവർത്തിച്ചിരുന്ന കോവിഡ് ക്വാറന്റൈൻ സെൻറർ പരാതികൾ ഏതുമില്ലാതെ മികച്ച രീതിയിൽ ഏകോപിപ്പിക്കുന്നതിൽ നവീൻ ബാബുവിന്റെ സംഘടനാ പാടവം പ്രകടമായിരുന്നു.
സഹപ്രവർത്തകനായി കൂടെ ഉണ്ടായിരുന്ന മൂന്നു വർഷക്കാലം ഒരു പരാതിയും കേൾപ്പിക്കാത്ത, ഏത് ഔദ്യോഗികകാര്യവും 100 ശതമാനം വിശ്വസിച്ച് ഏൽപ്പിക്കാൻ കഴിയുമായിരുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരിൽ ഒരാൾ എന്നതാണ് നവീൻ ബാബുവിനെ കുറിച്ച് എൻറെ ഓർമ്മ.
എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള ഒരു വ്യക്തി, ഒരു കാര്യത്തിലും ഒരിക്കൽ പോലും പരാതി പറയാത്ത, ആരുമായിട്ടും എളുപ്പത്തിൽ ഒത്തുപോകുന്ന ഒരു ഉദ്യോഗസ്ഥൻ അതും ഒടുവിൽ ഇത്തരത്തിൽ യാത്ര പറഞ്ഞു പോകുന്നത് അസഹനീയമാണ്.
30ലേറെ വർഷക്കാലത്തെ ഗവൺമെന്റിലെ പ്രവർത്തനത്തിനുശേഷം റിട്ടയർമെൻറ് ലേക്ക് കിടക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുമ്പ് അദ്ദേഹത്തിന് ഇത്തരത്തിൽ ഒരു തീരുമാനമെടുക്കേണ്ടി വന്നത് ഏറെ സങ്കടകരമാണ്.
ഗവൺമെൻറ് വകുപ്പുകളിൽ സാധാരണ ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായതും ദിവസത്തിലെ നിശ്ചിത സമയക്രമത്തിൽ ജോലിചെയ്യാൻ സാധിക്കാത്തതും ഏറെ ജോലിഭാരം ഉള്ളതുമായ ഒരു വകുപ്പിൽ 30ലേറെ വർഷക്കാലം ജോലി ചെയ്ത് യാത്ര പറഞ്ഞു പോകുമ്പോൾ അദ്ദേഹം കുറഞ്ഞപക്ഷം ഇതിലും മികച്ച ഒരു യാത്രയയപ്പ് അർഹിച്ചിരുന്നു.
പ്രിയപ്പെട്ട നവീൻ, ദീർഘമായ നിങ്ങളുടെ സർവീസ് കാലയളവിൽ നിങ്ങൾ സഹായിച്ച, നിങ്ങളുടെ സ്നേഹപൂർണ്ണമായ പെരുമാറ്റത്തിന്റെ – സഹാനുഭൂതിയുടെ പങ്കു പറ്റിയ ആയിരങ്ങൾ എന്നും നിങ്ങളെ കൃതജ്ഞതയോടെ ഓർക്കുന്നുണ്ടാകും. അതിൽ ഞാനുമുണ്ടാകും”. എന്നാണ് അദ്ദേഹം കുറിച്ചത് .
അതേസമയം പി പി ദിവ്യയെ പിന്തുണക്കുന്ന CPM കണ്ണൂർ ഘടകം ദിവ്യ ആരോപിച്ച അഴിമതിയുടെ വാസ്തവം മറക്കുകയാണ് . ആരോപണം ഉന്നയിച്ച പെട്രോൾ പമ്പിന്റെ എൻ ഒ സി നവീൻ വൈകിപ്പിച്ചു എന്നുള്ള അഴിമതി ആരോപണം പ്രാഥമിക അന്വേഷണത്തിൽ തെറ്റാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട് . അപകട സാധ്യത കണക്കിലെടുത്തു പോലീസ് അന്വേഷണറിപ്പോർട്ട് കാരണമായിരുന്നു പെട്രോൾ പമ്പിന് എൻ ഒ സി ലഭിക്കാഞ്ഞത് .
എന്നാൽ അഴിമതി രഹിത സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടികയിലുള്ള ആളായിരുന്നു നവീൻ . റവന്യു വകുപ്പ് തയാറാക്കിയ അഴിമതിരഹിത ഉദ്യോഗസ്ഥരുടെ രഹസ്യപട്ടികയിലെ ആദ്യസ്ഥാനക്കാരിൽ ഒരാളാണ് കെ.നവീൻ ബാബു .











