
കേരളത്തിൽ ആളൊഴിഞ്ഞ് കിടക്കുന്നത് 15 ലക്ഷത്തിലധികം വീടുകൾ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആളൊഴിഞ്ഞ വീടുകളുടെ എണ്ണം കൂടുവാണെങ്കിലും ഓരോ വർഷവും കേരളത്തിൽ നിർമ്മിക്കുന്ന വീടുകളുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ട് എന്നതും ശ്രദ്ധേയമാണ്. 2021-22 കാലയളവിലെ സംസ്ഥാന നിർമ്മാണ മേഖലയെക്കുറിച്ചുള്ള സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് അനിസരിച്ച് 3.95 ലക്ഷം കെട്ടിടങ്ങളാണ് കേരളത്തിൽ പുതിയതായി രജിസ്റ്റർ ചെയ്തത്. ഇതിൽ ഏകദേശം 2.9 ലക്ഷം കെട്ടിടങ്ങളും വീടുകളാണ് എന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2021-22ൽ നിർമിച്ച കെട്ടിടങ്ങളുടെ എണ്ണം മുൻവർഷത്തേക്കാൾ 11.22 ശതമാനം കൂടുതലാണെന്ന് കഴിഞ്ഞയാഴ്ച പുറത്തുവിട്ട കണക്കുകൾ പറയുന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം ജനങ്ങളുടെ വരുമാനത്തിലുണ്ടായ പുരോഗതിയാണ് വീടുകൾ നിർമ്മിക്കുന്നതിൽ വർധനവുണ്ടായതിന്റെ പ്രധാന കാരണമായി പറയുന്നത്. റിപ്പോർട്ട് അനുസരിച്ച്, പുതിയതായി നിർമിച്ച 53,774 കെട്ടിടങ്ങളുമായി മലപ്പുറം ജില്ലയാണ് നിർമ്മാണത്തിൽ മുന്നിലുള്ളത്. അതേസമയം ഇടുക്കിയിലാണ് നിർമ്മാണത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 8,751 കെട്ടിടങ്ങളാണ് ഈ കാലയളവിൽ ഇടുക്കിയിൽ നിർമ്മിച്ച കെട്ടിടങ്ങളുടെ എണ്ണം. മലപ്പുറം ജില്ലയിലെ കെട്ടിടങ്ങളുടെ ഗണ്യമായ വർധനവിന് പിന്നിൽ, ജനസംഖ്യാ വർധനവ്, നഗരവൽക്കരണം, വിദേശ പണത്തിൽ നിന്നുള്ള സാമ്പത്തിക വികസനം തുടങ്ങിയ ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ടേക്കാമെന്ന് സൂചിപ്പിക്കുന്നു.
സംസ്ഥാന ആസൂത്രണ ബോർഡ്- 2022 വർഷത്തിലെ കണക്കുകൾ പ്രകാരം, ഗ്രാമങ്ങളിലും നഗരങ്ങളിലും വ്യക്തികൾ അവരുടെ ആവശ്യങ്ങളുമായി ആനുപാതികമല്ലാത്ത രീതിയിലുള്ള വലിയ വീടുകൾ നിർമ്മിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ പല കുടുംബങ്ങളും ഒന്നലധികം വീടുകൾ സ്വന്തമായുള്ളവരാണ്. ഇതിൽ, ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 10-15 ലക്ഷം വീടുകളാണ് ആളൊഴിഞ്ഞ് കിടക്കുന്നത്. ഉയർന്ന ഇടത്തരം അല്ലെങ്കിൽ സമ്പന്നരായ കുടുംബങ്ങളിലാണ് ഈ പ്രവണത കൂടുതലെന്നും റിപ്പോർട്ട് പറയുന്നു. അതേസമയം, കഴിഞ്ഞ വർഷത്തെ മൊത്തം നിർമ്മാണത്തിൽ, 26.42 ശതമാനം മാത്രമാണ് വാണിജ്യ, വ്യാവസായിക കെട്ടിടങ്ങൾ ഉൾപ്പെടുന്ന നോൺ റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഉള്ളത്. നോൺ റെസിഡൻഷ്യൽ വിഭാഗത്തിൽ, 85.52 ശതമാനം വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണ്. വ്യാവസായിക മേഖലയിലും സ്ഥാപന മേഖലയിലും യഥാക്രമം 4.87 ശതമാനവും 2.53 ശതമാനവും മാത്രമാണുള്ളത്. പുതിയ കോൺക്രീറ്റ് നിർമിതികളിൽ സംസ്ഥാന സർക്കാരിൻ്റെ സംഭാവനകൾ നിസാരമാണെന്നും റിപ്പോർട്ട് സൂചിപ്പിച്ചു. 2021-22ൽ നിർമ്മിച്ച മൊത്തം 3,95,803 കെട്ടിടങ്ങളിൽ 97.76 ശതമാനം സ്വകാര്യ വ്യക്തികളുടേതും, 0.76 ശതമാനം സർക്കാർ/തദ്ദേശ സ്ഥാപനങ്ങളുടേതും 1.48 ശതമാനം മറ്റുള്ളവരുടേതുമാണ്. കഴിഞ്ഞ വർഷങ്ങളിൽ നിർമ്മിച്ച വീടുകളിൽ 70.96 ശതമാനം ഗ്രാമപ്രദേശങ്ങളിലും 29.04 ശതമാനം നഗരപ്രദേശങ്ങളിലുമാണെന്ന്, സംസ്ഥാന ഗ്രാമ വ്യവസായ, സാമ്പത്തിക പ്രവർത്തന റിപ്പോർട്ട് സൂചിപ്പിക്കുന്നു.
69.62 ശതമാനം നോൺ റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ഏറ്റവും വലിയ ഭാഗവും ഗ്രാമീണ മേഖലയിലാണ്. 2021-22ൽ നിർമ്മിച്ച പുതിയ കെട്ടിടങ്ങളിൽ, ഏകദേശം 85.13 ശതമാനം വ്യാവസായിക കെട്ടിടങ്ങളും 73.74 ശതമാനം സ്ഥാപന കെട്ടിടങ്ങളും ഗ്രാമീണ മേഖലയിലാണ് നിർമ്മിച്ചിരിക്കുന്നത്. അതേസമയം കെട്ടിടങ്ങൾ ഇങ്ങനെ ഒഴിനു കിടക്കുന്നത് തുടരുകയായെങ്കിൽ ഭോമ്മിയുടെ വില കുത്തനെ ഇടിയാനുള്ള സാധ്യതകളുമുണ്ട്. ഇക്കാര്യം മുരളി തുമ്മാരുകുടി ഉൾപ്പെടെയുള്ളവർ പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ വീട് നിര്‍മ്മിക്കാനുള്ള സ്ഥലത്തിന് ഉള്‍പ്പെടെ വില കുറയുമെന്ന പ്രവചനമാണ് മുരളി തുമ്മാരുകുടി നേരത്തെ നടത്തിയത്. ജപ്പാനിലെ 90 ലക്ഷം വീടുകള്‍ ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. ജപ്പാനില്‍ സംഭവിക്കുന്നത് റാഡിക്കിളായ കാര്യമൊന്നുമല്ലെന്നും ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് കുറയുന്ന പ്രദേശങ്ങളില്‍ കുടിയേറ്റം സംഭവിച്ചില്ലെങ്കില്‍ ഇക്കാര്യം സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ തന്നെ രണ്ടിന് താഴേക്ക് എത്തിയിരുന്നു. അതേസമയം തന്നെ നമ്മുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചുവന്നത് കൊണ്ട് ജനസംഖ്യയിലെ കുറവ് ഇനിയും കണ്ടു തുടങ്ങിയിട്ടില്ലെന്ന് മാത്രമേയുള്ളൂവെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ജനസംഖ്യയുടെ സാധാരണ പ്രൊജക്ഷന്‍ അനുസരിച്ച് തന്നെ 2035 ആകുന്നതോടെ നമ്മുടെ ജനസംഖ്യ താഴേക്ക് വന്നു തുടങ്ങും. ഒപ്പം അടുത്തയിടെയുള്ള കുട്ടികളുടെ വിദേശ കുടിയേറ്റത്തിന്റെ ട്രെന്‍ഡ് കൂടി കണക്കിലെടുത്താല്‍ കാര്യങ്ങള്‍ കുറച്ചുകൂടി നേരത്തെ ആകാനും മതിയെന്നും മുരളി തുമ്മാരുകുടി മുന്നറിയിപ്പ് നല്‍കിയിരുന്നു. 2010 ലെ കണക്കനുസരിച്ച് കേരളത്തിലും പത്തു ലക്ഷം വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട് 2030 ആകുമ്പോള്‍ വിവിധ കാരണങ്ങള്‍ കൊണ്ട് അത് ഇപ്പോഴത്തെ കണക്കിനേക്കാള്‍ ഇരട്ടിയെങ്കിലും ആകുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്.











