
പ്രതിദിനം പുറന്തള്ളുന്നത് രോഗകാരികളായ 774 ടൺ ആശുപത്രി മാലിന്യം; ഇതിനൊരു മാറ്റം, വളമാക്കുന്ന സാങ്കേതികവിദ്യ യാഥാർത്ഥ്യമാകുന്നു
തിരുവനന്തപുരം: രോഗകാരികളായ ആശുപത്രി മാലിന്യങ്ങൾ വളമാക്കുന്ന സാങ്കേതികവിദ്യ സാധൂകരിക്കുന്നതിനായി സിഎസ്ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്ഐആർ-എൻഐഐഎസ്ടി) ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായി ധാരണാപത്രം ഒപ്പിട്ടു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള സിഎസ്ഐആർ ലാബുകളിൽ സംഘടിപ്പിക്കുന്ന ‘വൺ വീക്ക് വൺ തീം’ പരിപാടിയിയുടെ ഭാഗമായി തിങ്കളാഴ്ച ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെൻററിൽ നടന്ന ചടങ്ങിലാണ് ധാരണാപത്രം കൈമാറിയത്.
ആഗോള ബയോമെഡിക്കൽ രംഗത്ത് വൻ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സാങ്കേതികവിദ്യക്ക് സാധിക്കും. എയിംസിൽ സാങ്കേതികവിദ്യ സ്ഥാപിക്കുന്നതിനു മുമ്പായി രണ്ട് സ്ഥാപനങ്ങളും വീണ്ടും കൂടിക്കാഴ്ച നടത്തും. കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചി(സിഎസ്ഐആർ)ൻറെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ വികസന സ്ഥാപനമായ എൻഐഐഎസ്ടിയുടെ തിരുവനന്തപുരം പാപ്പനംകോട്ടെ ലാബിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇതിലൂടെ രക്തം, കഫം, മൂത്രം, മറ്റ് ശരീര സ്രവങ്ങൾ, ദന്തമാലിന്യങ്ങൾ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മാലിന്യങ്ങൾ, കോട്ടൺ ബാൻഡേജ്, ലാബ് മാലിന്യങ്ങൾ എന്നിവ വളരെ പെട്ടന്ന് തന്നെ അണുനശീകരണം നടത്തുകയും ഖരമാലിന്യമാക്കി മാറ്റുകയും ചെയ്യും. ആശുപത്രി മാലിന്യങ്ങൾ ഉറവിടത്തിൽ വച്ച് തന്നെ സംസ്ക്കരിക്കാനാകുമെന്നതാണ് മെച്ചം. ആശുപത്രി മാലിന്യങ്ങളിൽ നിന്നും ഗുരുതരമായ രോഗചംക്രമണം ഉണ്ടാകുന്നത് തടയാനും സാധിക്കും.
സാങ്കേതികവിദ്യയുടെ അണുനശീകരണ ശേഷിയും വിഷരഹിത സ്വഭാവവും വിദഗ്ധ പഠനത്തിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇത് വെർമി കമ്പോസ്റ്റ് പോലുള്ള ജൈവ വളങ്ങളേക്കാൾ മികച്ചതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയും സിഎസ്ഐആർ വൈസ് പ്രസിഡൻറുമായ ഡോ. ജിതേന്ദ്ര സിംഗിൻറെ സാന്നിധ്യത്തിൽ സിഎസ്ഐആർ-എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ എയിംസ് ഡയറക്ടർ ഡോ. എം. ശ്രീനിവാസിന് ധാരണാപത്രം കൈമാറി. ഡിഎസ്ഐആർ സെക്രട്ടറിയും സിഎസ്ഐആർ ഡയറക്ടർ ജനറലുമായ ഡോ. എൻ. കലൈസെൽവി, സിഎസ്ഐആർ-സിബിആർഐ ഡയറക്ടർ ആർ. പ്രദീപ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത വിഭവങ്ങളിൽ നിന്നുള്ള മൂല്യവർധനയെക്കുറിച്ച് ശാസ്ത്രജ്ഞർ പരിശോധിക്കണമെന്നും ഇത് രാജ്യപുരോഗതിയിൽ സഹായകമാകുമെന്നും ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഹിമാലയൻ ഭൂപ്രദേശങ്ങളിലെയും സമുദ്രത്തിലെയും വിഭവങ്ങളുടെ മൂല്യവർധനയിൽ ശാസ്ത്രസമൂഹം ശ്രദ്ധവയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഴ് ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള നൂതന സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും രാജ്യത്തിനാകെ പ്രദർശിപ്പിക്കാൻ വൺ വീക്ക് വൺ തീമിലൂടെ സിഎസ്ഐആറിന് സാധിക്കുമെന്ന് ഡോ. എൻ. കലൈസെൽവി പറഞ്ഞു. ഈ ആശയങ്ങൾ പങ്കാളികളുടെ വിശ്വാസം നേടിയെടുക്കാൻ സിഎസ്ഐആറിനെ സഹായിക്കുമെന്നും ആഗോളതലത്തിലുള്ള സാങ്കേതികവിദ്യ കൈമാറ്റത്തിൽ രാജ്യത്തിന് മുതൽകൂട്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടി.
ആശുപത്രി മാലിന്യങ്ങൾ വളമാക്കുന്നത് ഉൾപ്പെടെയുള്ള വിവിധ മാലിന്യ സംസ്കരണ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ എൻഐഐഎസ്ടി സജീവമാണെന്ന് ഡോ. സി. അനന്തരാമകൃഷ്ണൻ പറഞ്ഞു. രോഗകാരികളായ ആശുപത്രി മാലിന്യങ്ങൾ വളമാക്കുന്ന സാങ്കേതിക വിദ്യ ‘വേസ്റ്റ് ടു വെൽത്ത്’ എന്ന ആശയത്തിൻറെ ഉത്തമ ഉദാഹരണമാണ്. സാമൂഹികവും ദേശീയവും ആഗോളവുമായ പ്രാധാന്യത്തോടെ എല്ലാ സാങ്കേതിക വിദ്യകളിലും സുസ്ഥിരത പ്രദാനം ചെയ്യാൻ എൻഐഐഎസ്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രി മാലിന്യങ്ങൾ രോഗകാരികളായ സൂക്ഷ്മജീവികൾ അടങ്ങിയതും പകർച്ചവ്യാധികൾ ഉണ്ടാക്കുന്നവയുമാണ്. ഇതിൻറെ നിർമ്മാർജ്ജനം വലിയ വെല്ലുവിളി ഉയർത്തുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ 2020 ലെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ പ്രതിദിനം 774 ടൺ ആശുപത്രി മാലിന്യമാണ് പുറന്തള്ളുന്നത്.
ആശുപത്രി മാലിന്യങ്ങളുടെ സംസ്കരണത്തിൽ മനുഷ്യ സമ്പർക്കം കുറയ്ക്കുന്നതിനായുള്ള ഓട്ടോമേറ്റഡ് ഇൻറഗ്രേറ്റഡ് ഉപകരണവും എൻഐഐഎസ്ടി വികസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഭാരത് മണ്ഡപത്തിൽ സിഎസ്ഐആർ സംഘടിപ്പിച്ച എക്സ്പോയിൽ ഇത് പ്രദർശിപ്പിച്ചിരുന്നു.
കാർഷികാവശിഷ്ടങ്ങളിൽ നിന്നും സസ്യജന്യ തുകൽ ഉത്പാദിപ്പിക്കുന്നതിനുള്ള എൻഐഐഎസ്ടി സാങ്കേതികവിദ്യ അഹമ്മദാബാദിലെ വെഗാൻവിസ്റ്റ കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പിന് കൈമാറുന്ന ധാരണാപത്രവും ചടങ്ങിൽ ഒപ്പുവച്ചു. കള്ളിച്ചെടിയിൽ നിന്ന് സസ്യജന്യ തുകൽ ബദലുകൾ (വെഗൻ ലെതർ) ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യയാണിത്. രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കള്ളിച്ചെടിയിൽ നിന്നുള്ള മൂല്യവർധന കർഷകർക്ക് വരുമാനവും തൊഴിലവസരവും സൃഷ്ടിക്കും. ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ കാർബൺ ബഹിർഗമനം കുറയ്ക്കാനും വരണ്ട പ്രദേശങ്ങളിലെ തരിശുഭൂമിയുടെ ഉപഭോഗം ഉറപ്പാക്കുകയും ചെയ്യാനാകും.
സസ്യ എണ്ണയിൽ നിന്നുള്ള ബയോ-റസിൻ വികസിപ്പിക്കുന്നതിനുള്ള എൻഐഐഎസ്ടി സാങ്കേതികവിദ്യ സഞ്ചിത് ഗുലാത്തിയുടെ ഉടമസ്ഥതയിലുള്ള ഹരിയാനയിലെ പാനിപ്പത്തിലെ സ്റ്റാർട്ടപ്പിന് കൈമാറി. പ്ലാസ്റ്റിക്കുകളുടെ ഒറ്റത്തവണ ഉപയോഗത്തിന് ബദലാകാൻ ഈ സാങ്കേതികവിദ്യക്കാകും. കടലാസിലും മറ്റ് സെല്ലുലോസിക് ഉൽപ്പന്നങ്ങളിലുമുള്ള ബയോ-റസിൻ ലൈനർ പരിസ്ഥിതി സൗഹൃദവും പുനരുപയോഗ സാധ്യതയുള്ളതുമാണ്.











