ജമൈക്കയിൽ മെലിസ കൊടുങ്കാറ്റ്: കനത്ത നാശനഷ്ടം, ക്യൂബയിലേക്ക് നീങ്ങുന്നു

ജമൈക്കയിൽ കനത്ത നാശനഷ്ടത്തിൽ ആഴ്ത്തി ശക്തമായ ചുഴലിക്കാറ്റ് ‘മെലിസ’. മണിക്കൂറിൽ 295 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ച കാറ്റ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ തീരത്ത് കരതൊട്ടത്. കാറ്റഗറി 5 ശക്തിയുള്ള ഈ കൊടുങ്കാറ്റ് വീടുകളും സ്കൂളുകളും ആശുപത്രികളും അടക്കമുള്ള കെട്ടിടങ്ങൾ തകർത്തുവീഴ്ത്തി. പല പ്രദേശങ്ങളും വെള്ളപ്പൊക്കത്തിൽ മുങ്ങി ദുരിതം രൂക്ഷമായി.

നാശനഷ്ടത്തിന്റെ തോത് ഗണ്യമാണ് എന്ന് പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ് വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ആശുപത്രികൾക്കും പാർപ്പിടങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വൻ നാശനഷ്ടങ്ങളുണ്ടായതായി അദ്ദേഹം അറിയിച്ചു.

പ്രധാനമായും സെന്റ് എലിസബത്ത് മേഖലയാണ് ഏറ്റവും ഗുരുതരമായ ബാധ നേരിട്ടതെന്ന് ദുരന്തനിവാരണ-അടിയന്തര മാനേജ്മെന്റ് വകുപ്പ് (ODPEM) ഡയറക്ടർ ജനറൽ റിച്ചാർഡ് തോമ്സൺ അറിയിച്ചു. പ്രദേശത്തെ സ്കൂളുകളും ആശുപത്രികളും വീടുകളും തകർന്നതായും, എങ്കിലും ഇതുവരെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, യു.എസ്. നാഷണൽ ഹരിക്കേൻ സെന്റർ (NHC) പുറത്തിറക്കിയ ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം, മെലിസയുടെ ശക്തി കുറഞ്ഞ് ഇപ്പോൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുള്ള കാറ്റഗറി 3 ചുഴലിക്കാറ്റായി ദുർബലമായിട്ടുണ്ട്. ചുഴലിക്കാറ്റ് ജമൈക്കയിൽ നിന്ന് അകലത്തെ കിഴക്കൻ ക്യൂബയിലേക്കാണ് നീങ്ങുന്നത്. നിലവിൽ, മെലിസ ക്യൂബയിലെ ഗ്വാണ്ടനാമോയിൽ നിന്ന് ഏകദേശം 160 മൈൽ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. മണിക്കൂറിൽ 8 മൈൽ വേഗതയിൽ അത് വടക്ക്-വടക്കുകിഴക്ക് ദിശയിൽ സഞ്ചരിക്കുന്നു.