
ഇൻഡിഗോയുടെ വിമാന സർവീസ് തടസ്സത്താൽ യാത്രക്കാർ പ്രതിസന്ധിയിലാകുന്നതിനിടെ ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. ഇന്നും നാളെയും പ്രധാന ദീർഘദൂര റൂട്ടുകളിലേക്ക് അധിക സർവീസുകൾ ഓടിക്കും. ഡിസംബർ 5 മുതൽ 13 വരെ പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്താനാണ് തീരുമാനം. മൊത്തത്തിൽ 30 സ്പെഷ്യൽ ട്രെയിനുകൾക്കായി തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്. കൂടാതെ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു.
ഇൻഡിഗോയിലെ സേവനതകരാറുകളുടെ പശ്ചാത്തലത്തിൽ വ്യോമയാന മന്ത്രാലയം നടത്തിയ അന്വേഷണങ്ങൾ കമ്പനിയുടെ ഗൗരവമായ വീഴ്ചകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം നൽകിയ മന്ത്രാലയ ഉത്തരവ് കമ്പനി പാലിച്ചിട്ടില്ലെന്നും, ഉണ്ടായ പ്രതിസന്ധിയെക്കുറിച്ച് പ്രാഥമിക മുന്നറിയിപ്പ് പോലും നൽകിയില്ലെന്നുമാണ് വിവരം. എയർ ഇന്ത്യ ഉൾപ്പെടെ മറ്റു വിമാനക്കമ്പനികൾ ഡിജിസിഎ നിർദ്ദേശങ്ങൾ അനുസരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.
വിമാന സർവീസുകൾ പെട്ടെന്ന് നിർത്തിയതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുന്ന അവസ്ഥ തുടരുകയാണ്. നിരവധി സേവനങ്ങൾ റദ്ദായതും ചിലത് മണിക്കൂറുകളോളം വൈകുന്നതും യാത്രക്കാർക്ക് വൻ ദുരിതമുണ്ടാക്കുന്നു. ഇൻഡിഗോയുടെ ഭാഗത്ത് നിന്ന് വ്യക്തമായ വിവരങ്ങൾ ലഭ്യമാകാത്തതും ആശങ്ക വർധിപ്പിക്കുന്നു. വിദേശയാത്രക്കാരും ശബരിമല തീർത്ഥാടകരും അടക്കം നിരവധി പേർ വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കുകയാണ്.











