
ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകളുമായും അവരുടെ തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷൻ ആയിരുന്നു ജസ്റ്റിസ് ഹേമ കമ്മീഷൻ. കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന് വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത്. വ്യക്തികളുടെ സ്വകാര്യത ഹനിക്കുന്ന വിവരങ്ങൾ മാറ്റി വെക്കാം. അതിനർത്ഥം റിപ്പോർട്ട് പുറത്ത് വിടേണ്ട എന്നല്ല. ആർടിഐ നിയമ പ്രകാരം വിലക്കപ്പെടുന്ന വിവരങ്ങൾ ഒഴികെ മറ്റൊന്നും മറച്ച് വെക്കാൻ സർക്കാരിന് അധികാരമില്ലെന്നും വിവരാകാശ കമ്മീഷൻ വ്യക്തമാക്കി. ഈയൊരു ഉത്തരവിനെ സിനിമാ രംഗത്തെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി സ്വാഗതം ചെയ്യുകയും ചെയ്‌തിരുന്നു. സിനിമാ രംഗത്തെ സ്ത്രീ സമത്വത്തിന് വേണ്ടി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉന്നയിച്ച ശുപാർശകൾക്കെതിരെ സംസാരിക്കുകയാണ് നടനും സംവിധായകനുമായ ശാന്തിവിള ദിനേശിപ്പോൾ. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിലാണ് പ്രതികരണം. മലയാള സിനിമാ രംഗത്തെ സമാകാലിക സംഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്ത്രീകൾക്കും പുരുഷൻമാർക്കും സിനിമാ രംഗത്ത് തുല്യ പ്രതിഫലം സാധ്യമല്ലെന്ന് ശാന്തിവിള ദിനേശ് പറയുന്നു. സൂപ്പർതാരങ്ങളെ വിമർശിച്ച് സംസാരിക്കാനും ഇദ്ദേഹം മടിക്കാറില്ല. ഇത് പലപ്പോഴും വിവാദമായിട്ടുമുണ്ട്.
ഈയൊരു വിഷയത്തിലും മലയാളത്തിലെ നടിമാരുടെയടക്കം പേരുകൾ എടുത്ത് പറഞ്ഞു കൊണ്ടാണ് ശാന്തിവിള ദിനേശ് സംസാരിക്കുന്നത്. ഞാട മുറിക്കാൻ ഇപ്പോൾ ഓരോയിടത്തും പോകുന്ന ഹണി റോസുണ്ടല്ലോ. ഹണി റോസിന് കിട്ടുന്ന പ്രതിഫലം പ്രേമലു എന്ന പടത്തിൽ കോടികളുണ്ടാക്കിയ പയ്യന് കിട്ടുമോ. കിട്ടില്ല. കാരണം ആളുകൾക്ക് ഹണി റോസിനെയാണ് ഇഷ്ടം. കാരണം ഹണി റോസ് വന്നാൽ പതിനായിരം പേർ കൂടും. അതുകൊണ്ട് ഹണി റോസ് പറയുന്ന സൗകര്യങ്ങൾ കൊടുക്കും. അവിടെ തുല്യത വേണമെന്ന് പുരുഷൻമാർക്ക് വാദിക്കാൻ പറ്റുമോ എന്നാണ് വിമർശന രൂപേണ ശാന്തിവിള ദിനേശ് പറയുന്നത്. മഞ്ജു വാര്യർ വാങ്ങുന്ന പ്രതിഫലം സിനിമയിൽ ചെറിയ വേഷം ചെയ്യുന്ന കാമാക്ഷിക്ക് കിട്ടുമോ. കാമാക്ഷിക്കും മഞ്ജു വാര്യർക്കും ഒരേ പ്രതിഫലം നൽകണമെന്ന് പറയാൻ പറ്റുമോ. നയൻതാരയുടെ പ്രതിഫലം അവരുടെ കൂടെ അഭിനയിക്കുന്ന പല നായകൻമാരേക്കാൾ കൂടുതൽ അല്ലേ. എന്താണ് യാഥാർത്ഥ്യ ബോധത്തോടെ ഇത്തരം കാര്യങ്ങളെ കാണാത്തതെന്നും ശാന്തിവിള ദിനേശ് ശക്തമായ ഭാഷയിൽ തന്നെ ചോദിക്കുന്നു. സിനിമാ മേഖലയിലെ സ്ത്രീകളെ പ്രത്യക്ഷമായോ പരോക്ഷമായോ ഫാൻ ക്ലബുകൾ മുഖേനയോ ഏതെങ്കിലും മാധ്യമത്തിലൂടെയോ ശല്യപ്പെടുത്തരുത് എന്ന നിർദ്ദേശത്തിനെതിരെയും ശാന്തിവിള ദിനേശ് സംസാരിക്കുന്നു. അഞ്ച് വർഷമായി അടയിരിക്കുന്ന കമ്മീഷൻ റിപ്പോർട്ടുള്ള സാംസ്കാരിക വകുപ്പ് മുഖ്യമന്ത്രിയോടും ആഭ്യന്തര വകുപ്പ് മന്ത്രിയോടും തനിക്ക് ചോദിക്കാനുള്ള ചോദ്യം ഇവിടെ എറണാകുളത്ത് ബുദ്ധി വളർച്ചയില്ലാത്ത ചെറുക്കൻ മഞ്ജു വാര്യർക്ക് തന്നേക്കാളും പ്രായം കൂടുതലാണെങ്കിലും താൻ കെട്ടിക്കോളാം എന്ന് പറയുന്നു.
നിത്യ മേനോനെ വേണമെങ്കിലും കെട്ടാം, മീനയുടെ ഭർത്താവ് മരിച്ച് പോയത് കൊണ്ട് മീന ചേച്ചിയെയും താൻ കെട്ടാമെന്ന് പറയുന്നു. ഒരു മന്ദബുദ്ധി ചെറുക്കൻ. അവന്റെ പേര് പോലും ഉപയോഗിക്കുന്നില്ല താൻ എന്നും. നിരന്തരമായി ഇങ്ങനെയൊരു ചെറുക്കൻ യൂട്യൂബ് വഴി ശല്യപ്പെടുത്തുന്നുണ്ട്. ഇത്രയും കാലത്തിനിടയിൽ ഒരു പെറ്റിക്കേസെങ്കിലും അവന്റെ പേരിൽ എടുത്തോ. നൊട്ടോറിയസ് ക്രിമിനലാണെന്നേ താൻ ഈ ചെറുക്കനെ പറയൂയെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. ഹേമ കമ്മീഷന്റെ മറ്റ് നിർദ്ദേശങ്ങളെയും ശാന്തിവിള ദിനേശ് പരിഹസിക്കുന്നുണ്ട്. അതേസമയം കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ‘വിമൺ ഇൻ സിനിമ കളക്ടീവ്’ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 2018 മെയ് മാസത്തിലാണ്, സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സർക്കാർ മൂന്നംഗ സമിതിയെ നിയമിച്ചത്. ജസ്റ്റിസ് ഹേമ, റിട്ട ഐഎഎസ് ഓഫീസർ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയതാണ് ജസ്റ്റിസ് ഹേമ കമ്മിഷന്‍. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സര്‍ക്കാര്‍ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നത്. മലയാള സിനിമ രംഗത്തെ പ്രവര്‍ത്തകരോട് സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവര്‍ നേരിടുന്ന ചൂഷണം എന്നീ പ്രശ്നങ്ങൾ പഠിച്ച് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിഷനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ ഏതാണ്ട് രണ്ടു വര്‍ഷത്തോളം സമയമെടുത്താണ് ഹേമ കമ്മിഷന്‍ അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.











