
കർണാടകയിൽ വ്യവസായസ്ഥാപനങ്ങളിലും മറ്റ് സ്വകാര്യസ്ഥാപനങ്ങളിലും കർണാടക സ്വദേശികള്‍ക്ക് സംവരണം നല്‍കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയതിനു പിന്നാലെ വ്യാപകമായ പ്രതിഷേധങ്ങളും വിമര്ശങ്ങളുമാണ് ഉയർന്നു വനന്ത. വൻ പ്രതിഷേധത്തെ തുടർന്ന് തദ്ദേശീയർക്ക് സംവരണം നിർബന്ധമാക്കുന്ന ബിൽ താത്ക്കാലികമായി നിർത്തിവെചിരിക്കുകയാണ് കർണാടക സർക്കാർ. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തിശേഷമാകും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. ഐടി മേഖലയിൽ നിന്നുൾപ്പടെ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് സിദ്ധരാമയ്യ സർക്കാർ ബില്ല് മരവിപ്പിച്ചത്. വ്യവസായ മേഖലയുമായി ആലോചിച്ചശേഷമേ അന്തിമതീരുമാനമെടുക്കൂ എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ബില്ല് മരവിപ്പിച്ച സർക്കാർ തീരുമാനം മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ പങ്കുവെച്ചിട്ടുമുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം ഗൗരവമായി ചർച്ചചെയ്യാനാണ് തീരുമാനം. സ്വകാര്യമേഖലയിലെ മാനേജ്‌മെൻ്റ് തസ്തികകളിൽ 50 ശതമാനത്തിലേക്കും മാനേജ്‌മെൻ്റ് ഇതര തസ്തികകളിൽ 75 ശതമാനത്തിലേക്കും കന്നഡിഗരെ നിയമിക്കണമെന്ന ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി മണിക്കൂറുകൾക്ക് ശേഷമാണ് സർക്കാരിന്റെ ഈ നീക്കം.
ഐ.ടി കമ്പനികള്‍, വ്യവസായശാലകള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളിലെ മാനേജ്മെന്റ് തസ്തികകളിൽ 50 ശതമാനവും ഇതര തസ്തികകളിൽ 70 ശതമാനവും കര്‍ണാടകത്തില്‍ ജനിച്ചുവളര്‍ന്ന, കന്നഡഭാഷ അറിയാവുന്ന പ്രദേശവാസികള്‍ക്ക് സംവരണം ചെയ്യാനായിരുന്നു തീരുമാനം. ജോലിക്കുള്ള അപേക്ഷകര്‍ കന്നഡഭാഷ ഒരു വിഷയമായി പഠിച്ച് പത്താംക്ലാസ് പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ സര്‍ക്കാര്‍ വിജ്ഞാപനംചെയ്യുന്ന നോഡല്‍ ഏജന്‍സി നടത്തുന്ന കന്നഡ നൈപുണി ടെസ്റ്റ് പാസാകണം. തസ്തികകളിൽ ആവശ്യാനുസരണം പ്രാദേശിക ഉദ്യോഗാര്‍ഥികള്‍ ഇല്ലെങ്കിൽ കമ്പനികള്‍ക്ക് മറ്റുള്ളവരെ നിയമിക്കാൻ ഇളവിന് അപേക്ഷിക്കാം. സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും. ഏത് സാഹചര്യത്തിലും പ്രാദേശിക ഉദ്യോഗാര്‍ഥികള്‍ മാനേജ്മെന്റ് തസ്തികയിൽ 25 ശതമാനത്തിലും ഇതര തസ്തികകളിൽ 50 ശതമാനത്തിലും കുറയാൻ പാടില്ല. നിയമലംഘനത്തിന് 10,000 രൂപ മുതൽ 25000 രൂപ വരെ പിഴ ഇടാക്കുമെന്നും ബില് പറഞ്ഞിരുന്നു . ഇതിനായുള്ള കര്‍ണാടക സ്റ്റേറ്റ് എംപ്ലോയ്-മെന്റ് ഒഫ് ലോക്കൽ കാൻഡിഡേറ്റ്സ് ഇൻ ദി ഇൻഡസ്ട്രീസ്, ഫാക്ടറീസ്, അദര്‍ എസ്റ്റാബ്ലിഷ്മെന്റ് ബിൽ 2024നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നൽകുകയായിരുന്നു. തിങ്കളാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഒന്നരലക്ഷത്തിലേറെ മലയാളികളാണ് ബെംഗളൂരുവില്‍ മാത്രം ഐ.ടി കമ്പനികളിലുള്ളത്. ബിൽ നിയമമാകുമ്പോൾ അത് മലയാളികളെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പാണ്.എന്നാൽ, സർക്കാരിന്‍റെ നീക്കത്തിനെതിരേ നിരവധി കോണുകളിൽനിന്ന് വിമർശനങ്ങൾ ഉയർന്നു.
ഇതിനേത്തുടർന്ന്, ബില്ലിന് സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന കാര്യം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇട്ട പോസ്റ്റ് നേരത്തെ സാമൂഹികമാധ്യമമായ എക്സില്‍നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. ഐടി സർവ്വീസ് സംഘടനകളുടെ ദേശീയ സംഘടനയായ നാസ്കോം ഉൾപ്പടെ ബില്ലിനെതിരേ വലിയ വിമർശനം ഉന്നയിച്ചിരുന്നു. രാജ്യത്തെ മുന്‍നിര ഐടി കമ്പനികളെല്ലാം കര്‍ണാടകയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ സര്‍ക്കാരിനെ എതിര്‍പ്പ് അറിയിക്കുകയും കന്നഡിഗര്‍ക്കു ജോലി സംവരണം ചെയ്യുന്ന ബില്‍ പാസാക്കായാല്‍ സംസ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്നും അറിയിച്ചു. കമ്പനികള്‍ ഹൈദരാബാദിലേക്ക് പോകുമെന്ന് സൂചനകള്‍ ലഭിച്ചതോടെയാണ് ബില്ല് തിരക്കിട്ട് മരവിപ്പിച്ചത്. ഇങ്ങനെ ഒരു നീക്കം ഉണ്ടായാല്‍ കര്‍ണാടകയുടെ സാമ്പത്തിക വ്യവസ്ഥതന്നെ തകരും.പ്രമുഖവ്യവസായികളും ബില്ലിനെ എതിർത്ത് രംഗത്തെത്തി. തൊഴിൽ നൈപുണ്യമുള്ളവരുടെ എണ്ണം കുറയുമെന്ന വിമർശനമാണ് പ്രധാനമായും ഉയർന്നത്. ജന്മംകൊണ്ട് അഥവാ ഒരാൾ ജനിച്ച സ്ഥലം പരിഗണിച്ച് ഇത്തരം സംവരണം ഏർപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നുള്ള നിയമോപദേശം സർക്കാരിന് ലഭിച്ചെന്നാണ് വിവരം. ബില്ലിന് അംഗീകാരം കൊടുത്തതിന് പിന്നാലെ വ്യവസായ മന്ത്രി പി.രാജീവും ആന്ധ്രാപ്രദേശിലെ ഐടി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി നാരാ ലോകേഷും ഐടി കമ്പനികളെ ക്ഷണിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഒരു പുനർവിചിന്തനത്തിന് സിദ്ധരാമയ്യ സർക്കാർ തയ്യാറായത്.











