
ശബരിമല സ്വർണ്ണക്കൊള്ള നടത്തിയ ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷ്യം വെച്ചത് രാജ്യാന്തര വിഗ്രഹക്കടത്ത് എന്ന സംശയം പ്രകടിപ്പിച്ച് കേരള ഹൈക്കോടതി.
രാജ്യാന്തര വിഗ്രഹക്കടത്തുകാരനായ സുഭാഷ് കപൂറിന്റെ ഓപ്പറേഷനുകൾക്ക് സമാനമായ നീക്കമായിരുന്നു പോറ്റിയുടേതും. ശബരിമലയിലെ വിശുദ്ധ വസ്തുക്കളുടെ പകർപ്പ് ഉണ്ടാക്കി അന്തരാഷ്ട്ര മാർക്കറ്റിൽ വിറ്റ് പണം തട്ടിക്കാൻ ശ്രമിച്ചതായി സംശയമെന്നും കോടതി വ്യക്തമാക്കി.
ഇതിൽ വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. വാതിലിന്റെയും, കട്ടിളപ്പടിയുടെയും, ദ്വാരപാലക ശിൽപത്തിന്റെയും പകർപ്പ് എടുത്തത് നിയമ വിരുദ്ധമാണെന്നും ഉദ്യോഗസ്ഥർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സന്നിധാനത്ത് നൽകിയത് അനിയന്ത്രിതമായ സ്വാതന്ത്ര്യം എന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് ഹൈക്കോടതി അനുമതി നൽകി. ഇതിനായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ്ണ സാമ്പിൾ ശേഖരിക്കാം. എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി.











