
കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍കയറ്റി കൊലപ്പെടുത്തിയ കേസില്‍ കാറോടിച്ചിരുന്ന യുവാവിനൊപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറെയും പ്രതി ചേര്‍ത്തേക്കും. സംഭവസമയത്ത് താനും ഒപ്പമുണ്ടായിരുന്ന ഡോക്ടറും മദ്യപിച്ചിരുന്നതായി കാറോടിച്ച അജ്മല്‍ മൊഴി നല്‍കിയതായാണ് വിവരം. മാത്രമല്ല, സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചിട്ടശേഷം കാര്‍ മുന്നോട്ടെടുക്കാന്‍ ഡ്രൈവറോട് പറഞ്ഞത് ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറാണെന്ന് ദൃക്‌സാക്ഷി മൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കാറോടിച്ചിരുന്ന അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. മായ ശ്രീക്കുട്ടിയും പൊലീസ് കസ്റ്റഡിയിലാണ്. തിരുവോണദിവസം വൈകീട്ട് 5.30-നാണ് ആനൂര്‍ക്കാവില്‍ കൊടും ക്രൂരത അരങ്ങേറിയത്. അമിതവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരായ സ്ത്രീകളെ ഇടിച്ചുതെറിപ്പിക്കുകയും പിന്നാലെ റോഡിലേക്ക് തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിന് മുകളിലൂടെ കയറ്റിയിറക്കുകയുമായിരുന്നു. ഇതിന് ശേഷം കാർ നിർത്താതെ പോയി. ഹംപിന് മുകളിലൂടെ കയറിയിറങ്ങുന്നപോലെയാണ് ഡ്രൈവര്‍ കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കിയത്.
പഞ്ഞിപുല്ലും വിളയില്‍ കുഞ്ഞുമോള്‍ (47) ആണ് അതിദാരുണമായ സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 10.30-ഓടെയാണ് മരിച്ചത്. അപകടത്തില്‍ കുഞ്ഞുമോള്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരി ഫൗസി(30)ക്കും പരിക്കേറ്റു.











