സ്ത്രീയുടെ ആര്‍ത്തവത്തെ ഭൂമിദേവിയുമായി ബന്ധപ്പെടുത്തി ആഘോഷമാക്കുന്ന ഇന്ത്യൻ സംസ്ഥാനം

ആര്‍ത്തവത്തെ അശുദ്ധിയായും മറയ്ക്കപ്പെടേണ്ടതെന്നുമാണ് പലരും പറയുന്നത്. എന്നാല്‍ ആര്‍ത്തവത്തെ ഒരു ആഘോഷമാക്കുന്ന ഒരിടമുണ്ട്, ഒഡീഷ. എല്ലാവര്‍ഷവും ജൂണില്‍ നടക്കുന്ന ഈ ഉത്സവത്തെ രാജാ പര്‍ബാ അഥവാ മിഥുന സംക്രാന്തി എന്നാണ് പറയുന്നത്. കാര്‍ഷിക വര്‍ഷാരംഭത്തിലാണ് ഈ ആഘോഷം നടക്കുന്നത്. ജൂണ്‍ മധ്യത്തില്‍ പതിനാലു തൊട്ടു പതിനേഴു വരെയുള്ള ദിനങ്ങളിലാണ് രാജാ പര്‍ബ നടക്കാറുള്ളത്.
ആര്‍ത്തവാവസ്ഥയിലെ സ്ത്രീ എന്നര്‍ഥം വരുന്ന രാജശ്വാല എന്ന വാക്കില്‍ നിന്നുമാണ് രാജാ എന്ന വാക്കെടുത്തിരിക്കുന്നത്. ഉത്സവത്തിന്റെ ഓരോ ദിവസങ്ങള്‍ക്കും ഓരോ പേരുകളും അതിനെല്ലാം ഓരോ പ്രാധാന്യങ്ങളുമുണ്ട്. ആദ്യദിവസം പാഹിലി രാജോ, രണ്ടാം ദിവസം മിഥുന സംക്രാന്തി, മൂന്നാം ദിവസം ഭു ദാഹാ അല്ലെങ്കില്‍ ബാസി രാജാ നാലാം ദിവസം വസുമതി സ്‌നാനാ എന്നിങ്ങനെയാണ് അറിയപ്പെടുന്നത്.

സ്ത്രീയുടെ ആര്‍ത്തവത്തെ ഭൂമിദേവിയുമായി ബന്ധപ്പെടുത്തിയാണ് ഇവിടെ ആഘോഷിക്കുന്നത്. അവിവാഹിതരായ സ്ത്രീകള്‍ അവരുടെ പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് ഏറ്റവും മനോഹരിയായി വേണം ഈ നാലുദിവസവും കാണേണ്ടത്.
സ്ത്രീകള്‍ക്ക് ഈ സമയത്ത് വീട്ടുജോലികള്‍ ചെയ്യേണ്ട. ഇഷ്ടട ഭക്ഷണവും കഴിച്ച്‌ ഇഷ്ടടമുള്ള രീതിയില്‍ നടക്കാം. ആഘോഷത്തിന്റെ ആദ്യദിനത്തില്‍ പെണ്‍കുട്ടികള്‍ അതിരാവിലെ എഴുന്നേല്‍ക്കണം, തുടര്‍ന്ന് മഞ്ഞളും എണ്ണയും തേച്ച്‌ പുഴയിലോ കുളത്തിലോ വലിയ ടാങ്കിലോ വേണം കുളിക്കാന്‍. അടുത്ത രണ്ടു ദിവസത്തേക്ക് കുളിക്കാന്‍ പാടുള്ളതല്ല. ആദ്യത്തെ മൂന്നുദിവസങ്ങളില്‍ ജഗന്നാഥന്റെ പത്‌നിയായ ഭൂമിദേവി ആര്‍ത്തവ കാലത്തിലൂടെ പോകുമെന്നും നാലാംദിവസം ആചാരപ്രകാരം കുളിപ്പിക്കുമെന്നുമാണ് വിശ്വാസം. അവിവാഹിതരായ സ്ത്രീകളുടെ ആര്‍ത്തവകാലം പോലെ ഭൂമിദേവിക്കും ഈ സമയത്ത് വിശ്രമമാണ്. അതുകൊണ്ടു കാര്‍ഷിക പ്രവര്‍ത്തികളൊന്നും ഈ സമയത്ത് ചെയ്യില്ല.