
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കൂളുകളിലെ അർധവാർഷിക പരീക്ഷാ തീയതികളിലും ക്രിസ്മസ് അവധിയിലും മാറ്റം വരുത്തി. ഡിസംബറിൽ നടക്കേണ്ട പരീക്ഷ ഒറ്റ ഘട്ടമായി നടത്താനും, ക്രിസ്മസ് അവധി നീട്ടാനും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി.
പുതിയ ധാരണ പ്രകാരം, ഡിസംബർ 15-ന് പരീക്ഷകൾ ആരംഭിക്കുകയും ഡിസംബർ 23-ന് പൂർത്തിയാക്കി സ്കൂളുകൾ അടക്കുകയും ചെയ്യും. തുടർന്ന്, ജനുവരി 5-നായിരിക്കും സ്കൂളുകൾ വീണ്ടും തുറക്കുക. ഇതോടെ വിദ്യാർഥികൾക്ക് 12 ദിവസം അവധി ലഭിക്കും. വിദ്യാഭ്യാസ നിലവാരസമിതിയുടെ യോഗത്തിലായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
നിലവിലുള്ള 2025-2026 അക്കാദമിക് കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതലായിരുന്നു രണ്ടാം പാദ വാർഷിക പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഡിസംബർ 9, 11 തീയതികളിലും വോട്ടെണ്ണൽ ഡിസംബർ 13-നും ആയി തീരുമാനിച്ചു. ഈ സാഹചര്യത്തിൽ പരീക്ഷകൾ രണ്ട് ഘട്ടങ്ങളായി നടത്താൻ നേരത്തെ ആലോചിച്ചിരുന്നു.
എന്നാൽ, പരീക്ഷ രണ്ട് ഘട്ടങ്ങളായി നടത്തുന്നത് വിദ്യാർഥികളിൽ മാനസിക സമ്മർദം വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ്, അവധിക്ക് മുൻപായി പരീക്ഷകൾ ഒറ്റ ഘട്ടത്തിൽ പൂർത്തിയാക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.











