കേരളത്തില്‍ ഹൈപ്പർ മാർക്കറ്റ് രംഗത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്

കേരളത്തില്‍ ഹൈപ്പർ മാർക്കറ്റ് രംഗത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള സജീവമായ നീക്കത്തിലാണ് ലുലു ഗ്രൂപ്പ്. കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ മാളുകള്‍ തുറന്ന ലുലു ഗ്രൂപ്പ് അടുത്ത മാസം കോഴിക്കോടും പുതിയ മാള്‍ തുറക്കും. കോഴിക്കോടിന് പുറമെ കോട്ടയത്തെ ലുലു മാളിന്റെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. കോഴിക്കോടിനും കോട്ടയത്തിനും പുറമെ തൃശൂർ, പെരിന്തൽമണ്ണ, തിരൂർ ഉൾപ്പെടെ 8 സ്ഥലങ്ങളിൽ കൂടി പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളും ലുലു ഗ്രൂപ്പ് ഉടൻ ആരംഭിക്കും. ഇതിനെല്ലാം പുറമെയാണ് ലുലു ഗ്രൂപ്പിന്റെ സ്വന്തം ഐടി ടവറുകളും സെപ്തംബറില്‍ പ്രവർത്തനം ആരംഭിക്കുന്നത്. കേരളത്തിലെ ഏറ്റവും ഉയരമുള്ള ഇരട്ട ഐടി ടവറുകളാണ് കൊച്ചിയിലെ സ്മാർട്ട് സിറ്റിയില്‍ ലുലു ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നത്. ലുലു ഗ്രൂപ്പ് ഐടി ടവർ ഒന്നിന്റെയും രണ്ടിന്റെയും നിർമാണം ഇതിനോടകം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. അവസാന ഘട്ട മിനുക്ക് പണികളും പൂർത്തിയാക്കിയ കെട്ടിടം ഉദ്ഘാടനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. 1500 കോടി രൂപ മുതല്‍ മുടക്കിൽ 12.74 ഏക്കറിൽ 34 ലക്ഷം ചതുരശ്ര അടിയിലാണ്‌ 153 മീറ്റർ ഉയരമുള്ള ഐ ടി ടവറുകൾ നിർമ്മിച്ചിരിക്കുന്നത്. 25 ലക്ഷം ചതുരശ്രയടി ഓഫീസ്‌ സ്‌പേസ്‌ ഇരു ടവറുകളിലുമുണ്ട്‌. ഓഫീസ്‌ സ്‌പേസ്‌ പാട്ടത്തിന്‌ നൽകാൻ ചർച്ച ആരംഭിച്ചിട്ടുണ്ട്‌. ചില കമ്പനികളുമായുള്ള ചർച്ചകള്‍ അവസാന ഘട്ടത്തിലുമാണ്. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളും ലുലു ഗ്രൂപ്പുമായി ചർച്ച നടത്തുന്നുവെന്നതാണ് ഏറെ ശ്രദ്ധേയം.

കുറഞ്ഞ വാടകയും കേരളത്തിലെ ഐടി പ്രൊഫഷണലുകളുടെ തൊഴിൽ വൈദഗ്‌ധ്യവും പുറത്ത് നിന്നുള്ള കമ്പനികളെ ആകർഷിക്കുന്ന പ്രധാന കാര്യമാണ്. ഇരട്ട ടവറുകള്‍ പ്രവർത്തനം ആരംഭിക്കുന്നതോടെ നേരിട്ടും പരോക്ഷമായും 25,000 മുതൽ 30,000 പേർക്ക്‌ വരെ ജോലി ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. സ്‌മാർട്ട്‌ സിറ്റി കൊച്ചി രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ്‌ ഐ ടി ടവറുകളുടെ നിർമാണം. ഇരട്ട ഐ ടി ടവറുകളിലായി ഫുഡ് കോർട്ട്, ക്രഷ്, ജിം, റീടെയ്ൽ സ്‌പേസ്, 100 ശതമാനം പവർ ബാക്കപ്, സെൻട്രലൈസ്ഡ് എസി, മാലിന്യ സംസ്‌കരണ പ്ലാന്റ്, മഴവെള്ള സംഭരണി എന്നിവയും ഉണ്ടാകും. ആകെ 4200 കാറുകള്‍ക്ക് കെട്ടിടത്തില്‍ ഒരേ സമയം പാർക്ക് ചെയ്യാന്‍ സാധിക്കും. മൂവായിരത്തോളം കാറുകൾ റോബോട്ടിക്‌ സംവിധാനം ഉപയോഗിച്ച്‌ പാർക്ക്‌ ചെയ്യാൻ കഴിയും. കെട്ടിട നിർമാണത്തിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കി പ്രീ സർട്ടിഫൈഡ്‌ ലീഡ്‌ പ്ലാറ്റിനം ലഭിച്ച എ ഗ്രേഡ്‌ കെട്ടിടങ്ങളാണ്‌ രണ്ടും എന്നതാണ് ഏറ്റവും ശ്രദ്ധേയം. അതേസമയം, സംസ്ഥാനത്ത് വർധിച്ച് വരുന്ന ഐടി പ്രൊഫഷണലുകള്‍ക്കും ലുലു ഗ്രൂപ്പ് ഐ ടി ടവർ ഏറെ സഹായകരമാകും. 2023 ലെ കണക്കുകള്‍ പ്രകാരം രണ്ടര ലക്ഷത്തോളം ഐടി പ്രൊഫഷണലുകളാണ് കേരളത്തില്‍ പ്രവർത്തിക്കുന്നത്. ഇതില്‍ ഒരു ലക്ഷത്തോളം പേര്‍ മാത്രമാണ് കൊച്ചിയിൽ ജോലി ചെയ്യുന്നത്. ലുലു ഗ്രൂപ്പിന്റെ ഐ ടി ടവർ പ്രാവർത്തികമാകുന്നതോടെ ഇവരില്‍ വലിയൊരു വിഭാഗം കൊച്ചിയിലേക്ക് പ്രവർത്തനം മാറ്റുകയും ചെയ്തേക്കുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം അടുത്തതായി തുറക്കാന്‍ പോകുന്ന കോഴിക്കോട്ടെ ലുലു മാളില്‍ എല്ലാ പ്രമുഖ ബ്രാന്‍ഡുകളും എത്തിക്കഴിഞ്ഞുവെന്നാണ് ലുലു ഗ്രൂപ്പ് തന്നെ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചത്.

“എല്ലാ ബ്രാൻഡുകളും ഇതിനോടകം തന്നെ കോഴിക്കോട് ലുലു മാളിലേക്ക് എത്തിയിട്ടുണ്ടെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവസാനഘട്ട മിനുക്ക് പണികള്‍ അതിവേഗം പുരോഗമിക്കുകയാണ്. സ്ഥാപനം ഉടന്‍ തന്നെ തുറന്ന് പ്രവർത്തനം ആരംഭിക്കും എന്ന് ലുലു മാൾസ് ഇന്ത്യ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ ലുലു ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. “കോഴിക്കോട് മാങ്കാവിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന മാൾ 3.5 ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്നതാണ്. മൂന്ന് നിലകളിലായി ഷോപ്പിംഗ് സൗകര്യമുണ്ട്. ഇതില്‍ 1.5 ലക്ഷം ചതുരശ്ര അടിയില്‍ പ്രവർത്തിക്കുക ലുലു ഹൈപ്പർമാർക്കറ്റായിരിക്കും. 16 വൈവിധ്യമാർന്ന ബ്രാൻഡുകളുള്ള 400 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ട്, പാൻ ഏഷ്യൻ റെസ്റ്റോറൻ്റ്, കുട്ടികൾക്കുള്ള ഗെയിമിംഗ് ഏരിയ എന്നിവയും കോഴിക്കോട് ലുലു മാളില്‍ ഉൾപ്പെടുന്നു. ലുലു മാൾ കോഴിക്കോട്ടെ ഗംഭീരമായ ഉദ്ഘാടനത്തിനായി കാത്തിരിക്കുക.” എന്നും ലുലു ഗ്രൂപ്പ് കുറിച്ചു.