2008 നവംബർ 26 മുംബൈ ഭീകരാക്രമണം ; ഇന്ത്യ മറക്കില്ല സന്ദീപ് ഉണ്ണികൃഷ്ണനെ

2008 നവംബർ 26 ഈ ദിനം ഒരിക്കലും ഇന്ത്യക്ക് മറക്കാൻ കഴിയില്ല. മുംബൈയിലെ താജ്മഹൽ പാലസ് ഹോട്ടലിലേക്ക് കടന്നുകയറിയ ഭീകരർ ഒട്ടേറെപ്പേരെ വെടിവച്ചു വീഴ്ത്തി. ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായ 26/11 മുംബൈ ആക്രമണത്തിൻ്റെ 17-ാം വാർഷികമാണ് ഇന്ന്. ഏഴ് വർഷം കൊണ്ട് തയ്യാറാക്കിയ പ്ലാൻ ആയിരുന്നു ഈ ഭീകരാക്രമണം.

ഭീകരരെ നേരിടാൻ എത്തിയ ദേശീയ സുരക്ഷാ സേന 51 എൻഎസ്ജി വിങ്ങിന് നേതൃത്വം നൽകിയത് മലയാളിയ കോഴിക്കോട് സ്വദേശി മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ ആയിരുന്നു. ഭീകരർക്കെതിരെ പിന്നീട് നടന്നത് അതിശക്തമായ തിരിച്ചടിയായിരുന്നു.

മനുഷ്യ ജീവനുകൾ രക്ഷിക്കാനായി സന്ദീപും കൂട്ടരും പോരടിച്ചു. ഒരുപാട് പേരെ സന്ദീപ് ഒറ്റയ്ക്കുതന്നെ രക്ഷിച്ചു. കൂട്ടത്തിൽ ഉണ്ടായിരുന്ന കമാൻഡോ സുനിൽ യാദവിന് വെടിയേറ്റപ്പോൾ, മേജർ സന്ദീപ് ഭീകരരുടെ ശ്രദ്ധതിരിക്കാനായി മുന്നോട്ട് കുതിച്ചു. ആറാം നിലയിൽ നടന്ന ഈ ഏറ്റുമുട്ടലിനിടെ അദ്ദേഹത്തിന് വെടിയേൽക്കുകയും വീരമൃത്യു വരിക്കുകയും ചെയ്തു.

ആക്രമണം നടന്നു രണ്ടു മാസം പിന്നിട്ടപ്പോൾ സ്വന്തം ജീവൻ നാടിനായി സമര്‍പ്പിച്ച ധീരന് മരണാനന്തര ബഹുമതിയായി അശോകചക്ര ഇന്ത്യ സമർപ്പിച്ചു. രാജ്യത്തിന് തീരാവേദനയായി മാറിയ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിന് 17 വർഷം തികഞ്ഞതിനോടനുബന്ധിച്ച്, ജീവൻ നഷ്ടപ്പെട്ട നിരപരാധികൾക്കും നഗരത്തെ സംരക്ഷിക്കാൻ ജീവൻ നൽകിയ ധീരരായ വീരന്മാർക്കും രാജ്യം ആദരാഞ്ജലി അർപ്പിക്കുകയാണ് രാജ്യം.

മുംബൈ ഭീകരാക്രമണത്തിന് 17 വര്‍ഷം തികയുമ്പോള്‍ പ്രധാന സൂത്രധാരന്മാരിലൊരാളായ കോള്‍മാന്‍ ഹെഡ്ലിയെ ഇന്ത്യയിലേക്ക് എത്തിക്കാനായില്ല. മറ്റൊരു പ്രധാന പ്രതിയായ തഹാവൂർ ഹുസൈൻ റാണയെ അമേരിക്കയിൽ നിന്ന് തിരികെ എത്തിച്ചപ്പോഴും യുഎസ് പൗരനായ ഹെഡ്ലി അമേരിക്കൻ ജയിലിൽ 35 വർഷത്തെ തടവ് അനുഭവിക്കുകയാണ്. 20 സുരക്ഷാ ഉദ്യോഗസ്ഥരും 26 വിദേശികളും ഉൾപ്പെടെ 166 പേരാണ് അന്ന് ഭീകരരുടെ തോക്കിനിരയായത്.