സർക്കാർ എന്ത് ചെയ്തുവെന്ന പാർവതിയുടെ ചോദ്യത്തോട് വിസ്മയം, പാര്‍വതി തിരുവോത്തിന് തുറന്ന കത്തുമായി മാല പാര്‍വതി

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി സംബന്ധിച്ച കേസുകള്‍ അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത നടി പാര്‍വതി തിരുവോത്തിനെതിരെ മാല പാര്‍വതി. അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന പാര്‍വതിയുടെ ചോദ്യത്തെ തനിക്ക് വിസ്മയത്തോടെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ, തുറന്ന കത്തില്‍ മാല പാര്‍വതി പറഞ്ഞു. ഹേമാ കമ്മിറ്റി വച്ചതും എസ്.ഐ.ടി രൂപീകരിച്ചതും, ഡബ്ല്യൂ.ഡി.സിയുടെ പ്രവര്‍ത്തനങ്ങളും, സ്ത്രീകളെ ഇന്‍ഡസ്ട്രീയിലേക്ക് കൊണ്ട് വരാന്‍ അക്കാദമി ചെയ്യുന്ന കാര്യങ്ങളും, കരട് രേഖ ചമയ്ക്കുന്നതിന്റെ ചര്‍ച്ചകളും ഒന്നും കാണാതെ പോകുന്നുണ്ടോ ,സംശയം എന്നും മാല പാർവതി പറഞ്ഞു.

മറ്റൊരു സംസ്ഥാനവും ചിന്തിക്കാത്ത കാര്യം ചെയ്ത് തുടങ്ങിയ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കാമായിരുന്നു. കോടതിയില്‍ പോയി നമ്മുടെ പരാതി പറയാതെയും നമ്മുടെ പക്ഷം പറയാതെയും നിയമ നടപടി ഉണ്ടാകണമെന്ന് പറയുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ലാ, ഗവണ്‍മെന്റ് എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്? ഹേമാ കമ്മിറ്റിയില്‍ മൊഴി കൊടുത്ത പ്രകാരം, കേസെടുത്ത് പ്രതികളെ ശിക്ഷിക്കട്ടെ, കൂടുതല്‍ ചോദ്യോത്തരം ഒന്നും വേണ്ട എന്നാണോ? സ്വാഭാവിക നീതിക്ക് എതിരായി ഗവണ്‍മെന്റ് നിലപാടെടുക്കണം എന്നാണോ?

കോടതിയില്‍ പോയാല്‍, സിനിമയില്‍’ ‘അവസരം നഷ്ടപ്പെടുത്തും’, വെച്ചേക്കത്തില്ല, അതു കൊണ്ട്, മൊഴി കൊടുത്തത് തന്നെ ധാരാളം, ചെയ്തത് മതി. ഇനി നടപടിയുണ്ടാവട്ടെ എന്ന വാദം യോജിക്കാനാവാത്തതാണ്, മാലാ പാർവതി പറയുന്നു. Right To Be Heard എന്നത് ഒരു ഫണ്ടമെന്റല്‍ പ്രിന്‍സിപ്പിള്‍ ആണ് , അത് പെണ്ണിനും ആണിനും കൊടുക്കേണ്ടത് ഒരു ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണെന്നും പിന്നെ കരട് രേഖ, അത് നടക്കുന്നുണ്ട് എന്നതും എല്ലാവര്‍ക്കും അറിയാമെന്നും പരിഹാസത്തിന് പ്രസക്തിയുണ്ടോ എന്ന് ഉറക്കെ ചിന്തിക്കുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.