
വീട്ടിൽ കൊതുകു വളർത്തൽ കേന്ദ്രമെന്ന് കാണിച്ച് വീട്ടുടമക്ക് കോടതി പിഴയിട്ടു. വീട്ടിലും പരിസരത്തും കൊതുക് പെരുകാന്‍ സാഹചര്യമുണ്ടാക്കിയെന്ന് കാണിച്ച് ഇരിങ്ങാലക്കുട മുരിയാട് പുല്ലൂര്‍ സ്വദേശിക്കാന് കോടതി 2000 രൂപ പിഴ വിധിച്ചത് . ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം സൂപ്പര്‍വൈസര്‍ കെ ബി ജോബി ഫയല്‍ ചെയ്ത കേസിലാണ് ഇരിങ്ങാലക്കുട ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്. കേരള പബ്ലിക് ഹെൽത്ത് ആക്‌ട് 2023 നിയമപ്രകാരം സംസ്ഥാനത്ത് വിധിക്കുന്ന ആദ്യ ശിക്ഷയാണിതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രദേശത്ത് ഡെങ്കിപ്പനി വ്യാപകമായപ്പോള്‍ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
ഇതില്‍ മുരിയാട് സ്വദേശി വീഴ്ച വരുത്തിയതോടെയാണ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കേസെടുത്തത്. കൊതുകിന്റെ കൂത്താടികള്‍ വളരാനുള്ള സാഹചര്യം നിലനിര്‍ത്തിയെന്നും ശുചീകരണത്തിന് തയ്യറായില്ലെന്നുമായിരുന്നു ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ റിപ്പോര്‍ട്ട്. തുടർന്ന്, കേരള പബ്ലിക് ഹെൽത്ത് ആക്‌ട് സെക്ഷൻ 53(1) പ്രകാരം കേസ് ഫയൽ ചെയ്യുകയും ജൂൺ 26 ന് വിഷയം കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇരിഞ്ഞാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജൂലൈ 10 ന് വാദം കേൾക്കുകയും 2000 രൂപ പിഴ ചുമത്തുകയും ചെയ്തു.











