
കൽപ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും മുസ്ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാര്‍ഡ് നടത്തിവന്ന ഭക്ഷണവിതരണം പൊലീസ് നിര്‍ത്തിവെപ്പിച്ചതായി ആക്ഷേപം. കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നിന്നുള്ള വൈറ്റ് ഗാര്‍ഡ് സംഘമാണ് കള്ളാട് മഖാം കേന്ദ്രീകരിച്ച് കഴിഞ്ഞ നാല് ദിവസമായി ഭക്ഷണ വിതരണം നടത്തിയിരുന്നത്.
എന്നാല്‍ ഇന്നലെ ഇവരോട് ഭക്ഷണ വിതരണം നിര്‍ത്തണം എന്ന് ഡി ഐ ജി തോംസൺ ആവശ്യപ്പെടുകയായിരുന്നു. മാത്രമല്ല പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളെ ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ ആരോപണം. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന വിവിധ സേനകളിലുള്ള ആയിരത്തിലധികം പേര്‍ക്കാണ് മൂന്ന് നേരവും വൈറ്റ് ഗാര്‍ഡ് ഭക്ഷണം നല്‍കിയിരുന്നത്.
കഴിഞ്ഞ ദിവസം ഭക്ഷണവുമായി പോകുമ്പോഴാണ് പൊലീസ് തടഞ്ഞത് എന്നാണ് ഇവര്‍ പറയുന്നത്. ഭക്ഷണം ലഭിക്കാതെ ഒരുപാട് പേരുണ്ട് എന്ന് നാട്ടുകാരന് കൂടിയായ പഞ്ചായത്ത് മെമ്പറിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് തങ്ങള്‍ പാഴ്സലുമായി അവിടേക്ക് പോകുമ്പോഴാണ് പൊലീസ് തടഞ്ഞത് എന്ന് വൈറ്റ് ഗാര്‍ഡ് അംഗം പറഞ്ഞു. ‘പൊലീസ് അങ്ങോട്ടേക്ക് കടത്തി വിടാതിരിക്കുകയും ഞങ്ങളുമായി തര്‍ക്കത്തിലാവുകയും ചെയ്തു. പിന്നീട് പഞ്ചായത്ത് മെമ്പറുമായി സംസാരിച്ചതിന് ശേഷം വണ്ടി കടത്തിവിടുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു. അതേസമയം തിരികെ വരുമ്പോള്‍ പൊലീസ് വീണ്ടും തടഞ്ഞെന്നും പിന്നീട് തങ്ങളെ പൊലീസ് കണ്ട്രോള് റൂമിലേക്ക് കൊണ്ടുപോയെന്നും ഇയാള്‍ പറഞ്ഞു. അവിടെ ഡിഐജി തോംസണുമായി സംസാരിച്ചപ്പോള്‍ ഇനി ഞങ്ങളുടെ സേവനം ആവശ്യമില്ല എന്നാണ് പറഞ്ഞാണ്. ‘ ഇവിടെ റവന്യുവിന്റെ ഭക്ഷണം ഉണ്ട്. ഫയര്‍ഫോഴ്സും മറ്റ് സേനാംഗങ്ങളുമൊക്കെയുണ്ട്. ഞങ്ങള്‍ക്ക് നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരു പുല്ലുമില്ല, ചുക്കുമില്ല എന്നൊക്കെയാണ് പറഞ്ഞത്,’ അദ്ദേഹം പറഞ്ഞു.











