മൈനാഗപ്പള്ളി കാർ അപകടം; പ്രതികളുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് .

കൊലപാതകത്തിന് കാരണമായ കാര്‍ ഓടിച്ച പ്രതി അജ്മലിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇതിനുശേഷം ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, കാർ അപകടത്തിൽ നിര്‍ണായകമായ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട് . അപകടമുണ്ടാക്കിയതിന് ശേഷം പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും കാറിൽ അമിത വേഗതയിൽ പോകുന്നതും ശേഷം ഇവരുടെ കാറിനെ നാട്ടുകാര്‍ ബൈക്കില്‍ പിന്തുടര്‍ന്ന് തടയുന്നതിന്‍റെയും ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

അപകടത്തിന് പിന്നാലെ കാ‍ര്‍ മുന്നോട്ടെടുക്കാൻ പ്രധാന പ്രതിയായ അജ്മലിനോട് ആക്രോശിച്ചത് ഡോക്ടർ ശ്രീക്കുട്ടിയാണെന്ന് ദൃക്സാക്ഷികൾ പറയുന്നത് . നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്നും പ്രതി പറയുന്നു. പിന്നാലെയാണ് കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെയും രക്ത സാമ്പിൾ പൊലീസ് ശേഖരിച്ചത്. ഇതോടെ ഇരുവരും മദ്യപിച്ചിരുന്നതായി തെളിഞ്ഞു. പ്രതികൾ മദ്യത്തിനൊപ്പം മയക്കു മരുന്നും ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കും.

പ്രതികളുടെ രക്ത മൂത്ര സാമ്പിളുകൾ ഇതിനു വേണ്ടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.യുവതിയെ ഇടിച്ചിട്ടിട്ട് നിര്‍ത്താതെ പോയ അജ്മലിന്റെ കാറിനെ നാട്ടുകാര്‍ ബൈക്കില്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് അമിതവേഗത്തിൽ പാഞ്ഞ കാര്‍ റോഡ് സൈഡിൽ നിയന്ത്രണം വിട്ടാണ് നിന്നത്. ഇതിനിടയിൽ ബൈക്കിലെത്തിയ യുവാക്കള്‍ കാര്‍ തടഞ്ഞു നിർത്തി. യുവാക്കള്‍ കാറിന്‍റെ ഡോര്‍ തുറന്ന് പ്രതിയായ അജ്മലിനെ പുറത്തിറക്കി. നാട്ടുകാര്‍ ഇയാളെ അപ്പോൾ ത‍ടഞ്ഞു വെച്ചെങ്കിലും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

അജ്മലിന് പുറകെ ശ്രീകുട്ടിയും നടന്നു പോകുന്നത് പ്രചരിക്കുന്ന ദൃശ്യത്തിലുണ്ട്. അടുത്ത ദിവസം പുലര്‍ച്ചെയാണ് അജ്മലിനെ പൊലീസ് പിടികൂടുന്നത്.

അപകടം നടന്ന ദിവസത്തെ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളാണിപ്പോള്‍ പുറത്തു വരുന്നത്. അജ്മല്‍ നാട്ടുകാരോട് തട്ടിക്കയറുന്നതും പിന്നീട് കടയുടെ സൈഡിലൂടെ പുറത്തേക്ക് പോകുന്നതും പിന്നാലെ ഡോ. ശ്രീക്കുട്ടി പോകുന്നതും ദൃശ്യങ്ങളിൽ കാണാം. അപകടമുണ്ടാക്കി വന്നതിന്‍റെ രോഷത്തിൽ നാട്ടുകാര്‍ അജ്മലിനെ ചോദ്യം ചെയ്യുന്നതും ദൃശ്യത്തിലുണ്ട്.

കേസിലെ പ്രതികൾക്കായി ശാസ്താംകോട്ട പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങി അപകട സ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. അജ്മലിനും ശ്രീക്കുട്ടിക്കുമെതിരെ മനപൂർവമുള്ള നരഹത്യാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കാർ ഓടിച്ചത് അജ്മലാണെങ്കിലും പരിക്കേറ്റ് കിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയതിൽ ശ്രീക്കുട്ടിയുടെ പ്രേരണ ഉണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു.

അപകടത്തെ തുടര്‍ന്ന്  ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ്  ഇന്ന് പിടികൂടിയത്. ഇന്നലെയാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്. റോഡിൽ തെറിച്ചു വീണ ഇവരുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയായിരുന്നു. കുഞ്ഞുമോൾ വീണപ്പോള്‍ രക്ഷപ്പെടുത്താന്‍ തുനിയാതെ അജ്മൽ കാര്‍ ശരീരത്തിലൂടെ മുന്നോട്ടെടുത്തു. അപകടം കണ്ടപ്പോള്‍ തന്നെ നാട്ടുകാര്‍ അവിടേക്ക് പാഞ്ഞെത്തുകയും വാഹനം മുന്നോട്ടെടുക്കരുത്, നിര്‍ത്തൂ എന്ന് നാട്ടുകാര്‍ വിളിച്ചുപറഞ്ഞെങ്കിലും നാട്ടുകാരെ മറികടന്ന് അവരുടെ കൈയില്‍ പെടാതെ ഡ്രൈവര്‍ അതിവേഗം കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു.

കാര്‍ കുറച്ചുകൂടി മുന്നോട്ടു പോയെങ്കിലും നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി കാര്‍ നിര്‍ത്തിക്കാനായി. പിന്നീട്  നാട്ടുകാരെ കബളിപ്പിച്ച് അജ്മല്‍ രക്ഷപ്പെടുകയും വനിതാ ഡോക്ടര്‍ ഓടി അടുത്തുള്ള വീട്ടിലേക്ക് കയറുകയും ചെയ്തു. പിന്നാലെ യുവതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കാർ ഓടിച്ചിരുന്ന മുഹമ്മദ് അജ്മലിനെ ശൂരനാട് പതാരത്തെ ബന്ധുവീട്ടിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മനഃപൂർവമായ നരഹത്യ ഉൾപ്പെടെ ഗുരുതര വകുപ്പുകളാണ് അജ്മലിനെതിരെ ചുമത്തിയത്. അജ്മൽ ക്രിമിനൽ കേസുകളിൽ അടക്കം പ്രതിയായിരുന്നെങ്കിലും, ഈ കേസുകളിലെല്ലാം ജാമ്യം നേടിയിരുന്നു. കുഞ്ഞുമോൾ സഞ്ചരിച്ച സ്കൂട്ടർ ഓടിച്ച ബന്ധു ഫൗസിയയും പരിക്കുകളോടെ ചികിത്സയിലാണ്. നേരത്തെ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തെത്തിയിരുന്നു. വാഹനത്തിൽ ഇവരെ കൂടാതെ മൂന്നാമതൊരാൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കരുനാഗപ്പള്ളിയിലെ ശ്രീക്കുട്ടിയുടെ വാടകവീട്ടിൽ സ്ഥിരം മദ്യസൽക്കാരം നടക്കാറുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. തിരുവോണ ദിവസം മറ്റൊരു വീട്ടിൽ നിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ഈയൊരു കേസിൽ അകപ്പെട്ടതോടെ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താൽക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി. നെയ്യാറ്റിൻകര സ്വദേശിനിയായ ഡോ.ശ്രീക്കുട്ടി, വിവാഹമോചിതയാണ്. സമീപകാലത്താണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയായ വലിയത്ത് ഹോസ്പിറ്റലിൽ ജോലിയിൽ ശ്രീക്കുട്ടി പ്രവേശിച്ചത്. ഇവിടെ വച്ചാണ് അജ്മലിനെ പരിചയപ്പെടുന്നതും ഈ സൗഹൃദം വളരുന്നതെന്നും പൊലീസ് പറഞ്ഞു. കോയമ്പത്തൂരിൽ നിന്നാണ് ശ്രീക്കുട്ടി മെ‍ഡിക്കൽ പഠനം പൂർത്തിയാക്കിയത്.