സൈക്കിൾ യാത്രികനെ ഇടിച്ചിട്ട അന്യ സംസ്ഥാന ലോറിയെ പിന്തുടർന്ന് നവ്യ നായർ, രമേശന് ചികിത്സയും ഉറപ്പാക്കി ; മാതൃകാപരം

പട്ടണക്കാട്  പരിക്കേറ്റ സൈക്കിൾ യാത്രികന് സഹായമായത് നടി നവ്യ നായർ ആണ്‌. ഈയൊരു സംഭവം ഇപ്പോൾ മാധ്യമങ്ങളിൽ നിറയുകയാണ് . പട്ടണക്കാട് അഞ്ചാം വാർ‌ഡ് ഹരി നിവാസിൽ രമേശന്റെ സൈക്കിളിൽ ഇടിച്ച് നിർത്താതെ പോയ അന്യ സംസ്ഥാന ലോറിയെ നവ്യ നായർ പിന്തുടർന്ന് പുറകെ പോയി നിർത്തിക്കുകയും പരിക്ക് പറ്റിയ രമേശന് സഹായം ചെയ്ത് കൊടുക്കുകയും ചെയ്തു.

ഇതാണ് ശെരിക്കും ഹീറോയിൻ എന്ന് പറയാൻ കഴിയുന്ന ഒരു മാതൃകാപരമായ ഇടപെടൽ തന്നെയാണ് നടി നവ്യ നായർ നടത്തിയിരിക്കുന്നത്. അകട വിവരം കൃത്യ സമയത്ത് തന്നെ പോലീസിനെ അറിയിച്ച് രമേശന്  ചികിത്സയും ഉറപ്പാക്കിയതിന് ശേഷമാണ് നവ്യ നായർ സംഭവ സ്ഥലത്ത് നിന്നും മടങ്ങിയത്.

വീട്ടിലെ ഓണാഘോഷം കഴിഞ്ഞു തിങ്കളാഴ്ച രാവിലെ നവ്യ നായരും കുടുംബവും  മുതുകുളത്തുനിന്നു കാറിൽ കൊച്ചിയിലേക്കു മടങ്ങവെയാണ് ഈ അപകടം ശ്രദ്ധയിൽ പെടുന്നത്. നവ്യ നായരെ കൂടാതെ അച്ഛനും അമ്മയും  നവ്യയുടെ മകനും സഹോദരനും കാറിൽ ഉണ്ടായിരുന്നു. നവ്യയുടെ സഹോദരൻ രാഹുൽ ആണ് നവ്യ സഞ്ചരിച്ചിരുന്ന കാർ ഓടിച്ചിരുന്നത്.

തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. പാണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപമാണ് അപകടം നടന്നത്. ദേശീയ പാത നവീകരണത്തിനായ തൂണുകളുമായി വന്ന ഹരിയാന രജിസ്ട്രേഷൻ ട്രെയിലറാണ് രമേശൻ‌ സഞ്ചരിച്ച സൈക്കിളിൽ ഇടിച്ചത്. നവ്യ ഈ വാഹനത്തെ പിന്തുടർന്നു പോവുകയായിരുന്നു. തുടർന്നാണ് ലോറി നിർത്തുന്നത്. ഈയൊരു അപകടം നടന്ന ഉടൻതന്നെ നവ്യ നായർ കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചിരുന്നു. ഹൈവേ പോലീസും പട്ടണക്കാട് എ എസ് ഐ ട്രീസയും സ്ഥലത്ത് എത്തി  ഡ്രൈവറെ ഉൾപ്പെടെ എസ് എച്ച് ഒ കെ സജയൻ സ്റ്റേഷനിലേക്ക് കൊണ്ടു പോയതിന് ശേഷമാണ് നവ്യ നായർ തന്റെ യാത്ര തുടർന്നത്.

എല്ലാവരും ചെയ്യേണ്ട കാര്യമേ താനും ചെയ്തുള്ളൂ. റോഡിൽ അപകടം കണ്ടാൽ പരുക്കേറ്റയാളെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്നാണ് സംഭവത്തിന് ശേഷം മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ നവ്യ നായർ പറഞ്ഞത്. അപകടം ഉണ്ടാക്കിയ ലോറി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പരിക്കേറ്റ രമേശനെ ഹൈവേ പോലീസിന്റെ വാഹനത്തിൽ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം കൊല്ലം മൈനാഗപ്പള്ളിയിൽ കഴിഞ്ഞ ദിവസമാണ് സ്കൂട്ടർ യാത്രക്കാരിയെ മദ്യലഹരിയിൽ യുവ ഡോക്ടറും സുഹൃത്തും  ഇടിച്ചുവീഴ്ത്തി കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയത് .  തിരുവോണ ദിനത്തിൽ വൈകിട്ടു നടന്ന അപകട വാർത്ത അറിഞ്ഞ ഞെട്ടൽ മാറുന്നതിനു  പിറ്റേന്നാണു കാരുണ്യസ്പർശമുള്ള ഈ ഒരു സന്തോഷവാർത്ത പുറത്തു വന്നത്.

മൈനാ​ഗപ്പള്ളിയിൽ കുഞ്ഞുമോളുടെ  മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയ സംഭവം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നവ്യ നായരുടെ മാതൃകാപരമായ ഇടപെടൽ മൂലം പ്രതിയെ പിടികൂടാൻ കഴിഞ്ഞതും പരിക്കേറ്റയാളെ കൃത്യസമയത്ത് വൈദ്യ സഹായം നൽകാൻ കഴിഞ്ഞതും .  മൈനാ​ഗപ്പള്ളി അപകടത്തിൽ പ്രതികളായ അജ്മലിനും ഡോ ശ്രീക്കുട്ടിക്കുമെതിരെ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസ് എടുത്തിരിക്കുന്നത് .