ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ആണ് മരണപ്പെട്ടത്.
ആസിയയുടെ മൂത്ത മകൻ അബ്ദുൽ ഗഫൂറിന്റെ മകനാണ് ഇന്നലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച മുഹമ്മദ് സിനാൻ. ഒമ്പത് വയസായിരുന്നു. ആസിയയുടെ മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വീടിന്റെ തൊട്ടടുത്തുള്ള ​ഗേറ്റിലൂടെ കടന്ന് കുട്ടി അപ്പുറത്തേക്ക് പോകവേയാണ് ദാരുണമായ അപകടം ഉണ്ടായത്. ഗേറ്റ് പെട്ടെന്ന് വന്നടയുകയും ഗേറ്റിനുള്ളിൽ കുടുങ്ങി കുട്ടിക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കുട്ടിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടം നടക്കുന്ന സമയത്ത് വീട്ടിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. ഓടിക്കൂടിയ ആളുകളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, സാങ്കേതികപരമായി എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.