
കൊച്ചിയിലെ നൗഷാദ് എന്ന വഴിയോരക്കച്ചവടക്കാരനെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. 2019 ലെ പ്രളയകാലത്ത് നൗഷാദ് എന്ന വഴിയോര കച്ചവടക്കാരനായ, സാധാരണക്കാരനായ ആ മനുഷ്യൻ ചെയ്ത നന്മ മലയാളക്കര മറന്നുകാണില്ല. 2019 ലെ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി ലാഭനഷ്ടം നോക്കാതെ തന്റെ കയ്യിലുള്ള വസ്ത്രങ്ങളെല്ലാം എടുത്തുകൊടുത്ത മനുഷ്യനാണ് കൊച്ചിയിലെ നൗഷാദ്. ഇപ്പോഴിതാ വയനാട്ടിലെ ദുരിതം അനുഭവിക്കുന്ന മനുഷ്യർക്കും തന്നാലാവുന്ന സഹായം ചെയ്യാൻ മുന്നോട്ട് വന്നിരിക്കുകയാണ് നൗഷാദ്. പുത്തൻ വസ്ത്രങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി നൽകിയിരിക്കുകയാണ് നൗഷാദ്. ചാക്ക് നിറയെ പുതിയ വസ്ത്രങ്ങൾഎടുത്തുകൊടുക്കുന്ന നൗഷാദിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ്. പ്രളയകാലത്തും വില നോക്കാതെയാണ് ചാക്ക് നിറയെ അദ്ദേഹം വസ്ത്രങ്ങൾ നൽകിയത്. ഇപ്പോഴും അതിൽ മാറ്റം വന്നിട്ടില്ല. ആവശ്യമുള്ളതെല്ലാം എടുത്തോളൂ എന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും അടക്കമുള്ള വസ്ത്രങ്ങളാണ് ചാക്ക് നിറയെ നൗഷാദ് നൽകിയത്.

നൗഷാദിന്റെ വലിയ മനസ്സിനെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മൂന്നുദിവസം മുന്നേ വെറുതെ ഒന്ന് ഓർത്തു പോയതാണ് പക്ഷേ വീണ്ടും ആ മനുഷ്യൻ തിരിച്ചെത്തി, നൗഷാദ് ഒരു മാതൃകയാണ്, സത്യത്തിൽ ഇദ്ദേഹത്തെ പോലെ ഉള്ളവർ ഇവരാണ് ഭൂമിയിലെ മാലാഖമാർ അന്നത്തെ അത്താഴത്തിന് മാത്രം കഴിവുള്ള യാതൊരു സാമ്പത്തികം ഇല്ലാത്ത കൊച്ചുകൊച്ചു വ്യാപാരികൾ എത്ര ചെറുതായാലും എത്ര വലുതായാലും അവർ തരുന്ന സംഭാവനകൾ മഹത്തരങ്ങളാണ് എന്നൊക്കെയാണ് ചിലർ പറയുന്നത്. 2019 ലെ പ്രളയ സമയത്ത് ബ്രോഡ് വേയിലെ ഫുട്പാത്തിലുള്ള ചെറിയ കടയിൽ നിന്ന് ചാക്കുകെട്ടിൽ നിറച്ച് നൗഷാദ് വസ്ത്രങ്ങൾ നൽകുന്ന വീഡിയോയും വൈറൽ ആയിരുന്നു. തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളുമാണ് പ്രളയബാധിതർക്കായി അന്ന് നൗഷാദ് നൽകിയത്. നമ്മൾ ഇവിടെ നിന്ന് പോകുമ്പോൾ ഇവയൊന്നും കൂടെ കൊണ്ടുപോകാൻ കഴിയില്ലയെന്നും താൻ ഇന്ന് എന്ത് നൽകിയാലും ദൈവം എനിക്ക് പകരം തരും. ഇത് ഞാൻ ചെയ്യുന്ന ഒരു ചെറിയ കാര്യമാണ്, എന്നാണ് അന്ന് മാലിപ്പുറം സ്വദേശിയായ നൗഷാദ് പറഞ്ഞത്. നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം എന്ന് അന്ന് ആ മനുഷ്യൻ പറഞ്ഞത് ഉള്ളിൽത്തട്ടിയായിരുന്നു. ഇന്നും ആ നന്മയ്ക്ക് കുറവ് വന്നിട്ടില്ല എന്നതാണ് സത്യം. അതേസമയം വൈറലായി പ്രശസ്തനായതോടെ നിരവധി കാര്യങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും നൗഷാദ് പറഞ്ഞിരുന്നു.

താൻ വൈറലാകാൻ വേണ്ടിയല്ല ഒന്നും ചെയ്യുന്നതെന്നും പക്ഷെ, വൈറലായതോടെ ജീവിതം തന്നെ ബുദ്ധിമുട്ടിലായി എന്നും നൗഷാദ് നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി എന്നെയും ദുബായിലേക്കു കൊണ്ടുപോയിരുന്നുവെന്നും അവിടെ ചെന്ന് ഞാൻ പറഞ്ഞത് ആരും എന്റെ കയ്യിൽ ഒന്നുമേൽപ്പിക്കേണ്ട മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് കൊടുത്താൽ മതിയെന്നായിരുന്നുവെന്നും പലരും സ്നേഹത്തോടെ എന്റെ അക്കൗണ്ടിലേക്ക് തന്ന തുക പോലും താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് കൊടുത്തതെന്നും നേരത്തെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നൗഷാദ് വ്യക്തമാക്കിയിരുന്നു. പക്ഷേ ദുബായിൽ പോയി വന്നശേഷം എനിക്ക് ഒരുപാട് കാശ് കിട്ടിയെന്നും ഞാൻ കോടീശ്വരൻ ആണെന്നുമായിരുന്നു ചിലർ പ്രചരിപ്പിച്ചതെന്നും എന്നാൽ ഒരു രൂപ പോലും താൻ കൈപ്പറ്റിയിട്ടില്ലയെന്നും പ്രവാസിയായിരുന്ന താൻ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയിട്ടിപ്പോൾ 23 വർഷമായിയെന്നും പ്രവാസി ലോണെടുത്താണ് കട പോലും തുടങ്ങിയത് എന്നും നൗഷാദ് പറഞ്ഞിരുന്നു. മാത്രമല്ല തന്റെ കടയിലേക്കു വസ്ത്രം വാങ്ങാനെത്തുന്നവരേക്കാൾ കൂടുതൽ സഹായം തേടിയെത്തുന്നവരാണ് എന്നും വൈറലായതോടെ സഹായം തേടിയെത്തുന്നവരുടെ എണ്ണവും കൂടിയെന്നും പല ആവശ്യങ്ങളുമായി ആളുകൾ വരാറുണ്ട്. കയ്യിലുണ്ടെങ്കിൽ ഭക്ഷണമായും വസ്ത്രമായുമൊക്കെ സഹായം നൽകുംമെന്നും നൗഷാദ് പറയുന്നുണ്ട്











