എല്ലാം നാട്ടുകാർക്കായി, വാതത്തിന് മരുന്നുമായി ന്നാ താൻ കേസ് കൊട് ഫെയിം കുഞ്ഞികൃഷ്‍ണൻ

  1. ന്നാ താൻ കേസ് കൊട് എന്ന സിനിയിലെ ജഡ്ജിയായി എത്തിയ അമ്പരിപ്പിച്ച നടനാണ് പി പി കുഞ്ഞികൃഷ്‍ണൻ. ഇപ്പോൾ വാതത്തിന് സ്വന്തം നാട്ടിൽ മരുന്ന് എത്തിക്കുന്നതിലും മുന്നിൽ നിൽക്കുന്ന സ്വന്തം നാടിനെ തൊട്ടറിഞ്ഞ ഇതേ നടൻ തന്നെയാണ്. മഴക്കാലത്തെ വാത സംബന്ധമായ വേദനകള്‍ക്കും അസുഖത്തിനും വലിയ ആശ്വാസമാണ് കൊട്ടംചുക്കാദി തൈലം. കാസര്‍കോട് പടന്ന പഞ്ചായത്തില്‍ തൈലമെത്തിക്കാനാണ് കുഞ്ഞികൃഷ്‍ണൻ മുന്നിലുള്ളത്.

ഒമ്പതാം വാര്‍ഡിലെ വീടുകളില്‍ തൈലമെത്തിക്കാൻ സിനിമാ നടൻ പി പി കുഞ്ഞികൃഷ്‍ണൻ നടൻ എന്ന നിലയിലല്ല പ്രവർത്തിക്കുന്നത്. വാര്‍ഡ് മെമ്പർ കൂടിയാണ് അദ്ദേഹം. പുളിയില, ഉമ്മത്തില, വെളുത്ത എരിക്കില, കൊട്ടം, ചുക്ക്, വയമ്പ് തുടങ്ങിയ ആയുര്‍വേദ മരുന്നുകള്‍ ചേര്‍ത്താണ് തൈലം തയ്യാറാക്കുന്നത്. ഇലമരുന്നുകള്‍ നുറുക്കി ഇടിച്ച് പിഴിഞ്ഞ് ചാറെടുത്തത് പ്രദേശത്തെ സ്‍‍ത്രീകളാണ്. വാര്‍ഡ് മെമ്പറും പ്രശസ്‍ത സിനിമാ താരവുമായ പിപി കുഞ്ഞികൃഷ്‍ണന്‍റെ മേല്‍നോട്ടത്തിലായിരുന്നു കൊട്ടംചുക്കാദി തയ്യാറാക്കിയത്. ഉരുളിയില്‍ തൈലം തിളച്ച് മറിഞ്ഞ് പാകമാകുമ്പോള്‍ അരിച്ചെടുത്ത് പാത്രങ്ങളിലേക്ക്. ഇനി ചെറിയ കുപ്പികളിലാക്കി ഒന്‍പതാം വാര്‍ഡിലെ എല്ലാ വീടുകളിലുമെത്തിക്കും. പ്രധാനമായും വയോജനങ്ങളെ ലക്ഷ്യമിട്ടാണ് വിതരണം.