വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും, മോദിയുടെ സന്ദർശന ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

വിഴിഞ്ഞം തുറമുഖം ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും . തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലാകും രാത്രി തങ്ങുക. നാളെ രാവിലെ 10 ന് ശേഷം പാങ്ങോട് സൈനിക ക്യാംപിലെ കൊളച്ചൽ സ്റ്റേഡിയത്തിൽ നിന്ന് വായുസേനയുടെ പ്രത്യേക ഹെലികോപ്റ്ററിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഇറങ്ങും. തുടർന്ന് പോർട്ട് ഓപറേഷൻ കേന്ദ്രത്തിലെത്തി കംപ്യൂട്ടർ നിയന്ത്രിത ത പ്രവർത്തന രീതികൾ, ക്രെയിനുകൾ എന്നിവ വീക്ഷിക്കും.പന്ത്രണ്ടോടെ മടങ്ങും.

നാളെ രാവിലെ പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്നും ഹെലികോപ്ടറിലാണ് വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യാനായി അദേഹം തിരിക്കുക. കാലാവസ്ഥ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ റോഡ് മാര്‍ഗമായിരിക്കും അദേഹം വിഴിഞ്ഞത്ത് എത്തുക. രാവിലെ 10.30ന് ചടങ്ങുകള്‍ ആരംഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഇന്നും വെള്ളിയാഴ്ചയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കരയിലും കടലിലും വന്‍ സുരക്ഷയാണ് പ്രധാനമന്ത്രിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കരയില്‍ സൈന്യവും കടലില്‍ നാവിക സേനയും തുറമുഖത്തിന് എസ്പിജി സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി പത്തുവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി കമ്മീഷന്‍ ചെയ്യുന്നത്.ഇന്നലെ മുതൽ വിഴിഞ്ഞത്തും പരിസരത്തും പോലീസ് വിന്യാസം ഉണ്ട്. നഗരത്തിൽ ഉൾപ്പെടെ 3000 ത്തോളം പോലീസുകാരെ വിന്യസിക്കും എന്നാണ് വിവരം.