
ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുൽ ഈശ്വർ, ജില്ലാ സെഷൻസ് കോടതിയിൽ നൽകിയിരുന്ന ജാമ്യ ഹർജി പിൻവലിച്ചു. ഒരേ സമയം രണ്ട് കോടതികളിൽ ഹർജി ഫയൽ ചെയ്തത് പ്രോസിക്യൂഷൻ എതിർത്തതിനെ തുടർന്നാണ് നടപടി.
അഡീഷണൽ മജിസ്ട്രേറ്റ് കോടതി ഹർജി പരിഗണിക്കുന്ന സാഹചര്യത്തിൽ, ഒരേ സമയം രണ്ട് ഹർജികൾ നിലനിർത്തുന്നത് നിയമത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇതേത്തുടർന്നാണ് ജില്ലാ സെഷൻസ് കോടതിയിലെ ഹർജി പിൻവലിച്ചത്. രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിലാണ് സൈബർ പോലീസ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.
അതേസമയം, സൈബർ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേരത്തെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ രാഹുൽ ഈശ്വറിനെ പൂജപ്പുര ജയിലിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാൽ, ജയിലിൽ പ്രവേശിച്ച ശേഷം നിരാഹാര സമരം പ്രഖ്യാപിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് മടക്കിക്കൊണ്ടുപോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ, ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.











