
സ്വകാര്യ ടെലികോം കമ്പനികൾ കുത്തകയാക്കി വെച്ചിരിക്കയാണ് ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ രംഗമൊന്നാകെ . അതില്‍ അതിശക്തരായി നിലകൊള്ളുന്നത് റിലയന്‍സിന്റെ ജിയോയാണ്. അടുത്തിടെയാണ് റിലയന്‍സ് ജിയയോയും, എയര്‍ടെലും വോഡഫോണ്‍ ഐഡിയയും രാജ്യത്ത് മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയത്. ഇതോടെ ടെലികോം മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ നിരക്കുകള്‍ മാത്രമാണ് ഇപ്പോള്‍ മാറ്റമില്ലാതെ തുടരുന്നത്. ഇക്കാരണത്താല്‍ വലിയൊരു വിഭാഗം ആളുകള്‍ തങ്ങളുടെ നമ്പറുകള്‍ ബിഎസ്എന്‍എലിലേക്ക് പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. നിരവധി എയര്‍ടെല്‍, ജിയോ ഉപയോക്താക്കളാണ് തങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ പോര്‍ട്ട് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴിതാ സ്വകാര്യ ടെലികോം കമ്പനികളുമായുള്ള യുദ്ധത്തില്‍ ബിഎസ്എന്‍എല്ലിന് കരുത്തു പകരാന്‍ വിപണിയിലേക്കിറങ്ങിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസും ബിഎസ്എന്‍എലും തമ്മിലുള്ള 15000 കോടി രൂപയുടെ കരാര്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. രാജ്യത്തുടനീളം 1000 ഗ്രാമങ്ങളില്‍ ബിഎസ്എന്‍എല്‍ 4ജി എത്തിക്കാന്‍ ഇരു കമ്പനികളും തമ്മില്‍ സഹകരിക്കാനാണ് പദ്ധതി.

വര്‍ഷങ്ങളായി 4ജി നെറ്റ് വര്‍ക്ക് വിന്യസിക്കുന്നതിലെ ബിഎസ്എന്‍എലിന്റെ പ്രധാന പങ്കാളിയാണ് ടിസിഎസ്.നിലവില്‍ ജിയോയും എയര്‍ടെലും മാത്രമാണ് 4ജി രംഗത്ത് ശക്തമായ സാന്നിധ്യമായുള്ളത്. ബിഎസ്എന്‍എല്‍ ഇപ്പോഴും 4ജിയിലേക്ക് മാറിയിട്ടില്ല. ടിസിഎസുമായി ചേര്‍ന്ന് ബിഎസ്എന്‍എലിന്റെ 4ജി വിന്യാസം പൂര്‍ത്തിയായാല്‍ അത് റിലയന്‍സ് ജിയോയ്ക്ക് ശക്തമായ വെല്ലുവിളിയായി മാറും. കാരണം നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് റിലയന്‍സ് ജിയോയാണ്. 12 ശതമാനം മുതല്‍ 25 ശതമാനം വരെയാണ് ജിയോ നിരക്കുയര്‍ത്തിയത്. എയര്‍ടെല്‍ 11 ശതമാനം മുതല്‍ 21 ശതമാനം വരെയും വോഡഫോണ്‍ ഐഡിയ 10 ശതമാനം മുതല്‍ 21 ശതമാനം വരെയും നിരക്ക് വര്‍ധിപ്പിച്ചു. വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്. സാധാരണക്കാരന്റെ കീശ കീറുന്ന താരിഫ് വര്‍ധനയാണ് നടപ്പാക്കിയതെന്ന് രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. 4ജി ഇല്ലെങ്കിലും ബിഎസ്എന്‍എല്‍ പ്ലാനുകളാണ് ഇതിനും ലാഭകരമെന്ന രീതിയില്‍ പ്രചാരണം ശക്തമാണ്. വര്‍ഷങ്ങളായി 4ജി സാങ്കേതിക വിദ്യാ വിന്യസിക്കുന്നതിലെ ബിഎസ്എന്‍എലിന്റെ പങ്കാളിയാണ് ടിസിഎസ്. തദ്ദേശീയമായി വികസിപ്പിച്ച 4ജി നെറ്റ് വര്‍ക്ക് സാങ്കേതിക വിദ്യകളാണ് ബിഎസ്എന്‍എല്‍ ഉപയോഗിക്കുക.

ടിസിഎസ്, സി-ഡോട്ട് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ നയത്തിന് അനുസൃതമായി പൂര്‍ണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ ഓഗസ്റ്റ് മുതല്‍ രാജ്യത്തുടനീളം 4ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2022-ല്‍ തന്നെ ബിഎസ്എന്‍എല്‍ 4ജി യാഥാര്‍ത്ഥ്യമാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും വൈകുകയായിരുന്നു. അതേസമയം റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചത് ഗുണമായത് ബിഎസ്എന്‍എല്ലിനാണു . ബിഎസ്എന്‍എല്ലിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ആളുകള്‍ മത്സരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. രണ്ടരലക്ഷത്തോളം ഉപഭോക്താക്കളെയാണ് സിം പോര്‍ട്ടബിള്‍ സംവിധാനം വഴി ബിഎസ്എന്‍എല്ലിന് പുതുതായി കിട്ടിയത്. ഇതോടൊപ്പം 25 ലക്ഷം പുതിയ കണക്ഷനുകളും ബിഎസ്എന്‍എല്ലിന് ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ജിയോയും എയര്‍ടെല്ലും വിഐയും വര്‍ധിപ്പിച്ച നിരക്കുകള്‍ പ്രാബല്യത്തില്‍ വന്ന ജൂലൈ 3-4 തിയതികള്‍ക്ക് ശേഷമാണ് ബിഎസ്എന്‍എല്ലിലേക്ക് ആളുകൾ എത്തിയത് . സ്വകാര്യ കമ്പനികളുടെ താരിഫ് വര്‍ധനവിന് ശേഷം രണ്ടരലക്ഷത്തോളം ഉപഭോക്താക്കളാണ് ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ വരുമാനമുള്ളവര്‍ക്കും സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കും ആകര്‍ഷകമായ റീച്ചാര്‍ജ് പാക്കേജുകള്‍ ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നതാണ് നമ്പര്‍ സ്വകാര്യ ടെലികോം സേവനദാതാക്കളില്‍ നിന്ന് പോര്‍ട്ട് ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. സ്വകാര്യ കമ്പനികള്‍ നിരക്കുകള്‍ 11 മുതല്‍ 24 ശതമാനം വരെയായിരുന്നു ജൂലൈ ആദ്യം ഉയര്‍ത്തിയത്. എന്നാല്‍ ബിഎസ്എന്‍എല്‍ ഇപ്പോഴും പഴയ നിരക്കുകളില്‍ തുടരുകയാണ്. എയര്‍ടെല്ലിന്റെയും റിലയന്‍സിന്റെയും ഒരു വര്‍ഷത്തേക്കുള്ള ഡാറ്റ പാക്കിന് 3,599 രൂപയാകുമെങ്കില്‍ ബിഎസ്എന്‍എല്ലിന്റെ സമാന പാക്കേജിന് 2,395 രൂപയെയുള്ളൂ. സമാനമായി 28 ദിവസത്തെ പാക്കേജിന് 189-199 വരെ മറ്റ് കമ്പനികള്‍ക്ക് നല്കണമെങ്കില് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ 108 രൂപ മുടക്കിയാല്‍ മതി.











