
ഡൽഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ ബോംബ് നിർമ്മിക്കാൻ ഉപയോഗിച്ച യന്ത്രങ്ങൾ അന്വേഷണ സംഘം കണ്ടെടുത്തു. ബോംബ് നിർമ്മാണത്തിനായി യൂറിയ പോലുള്ള വസ്തുക്കൾ പൊടിക്കാൻ ഉപയോഗിച്ച ഗ്രൈൻഡിംഗ് മെഷീൻ അടക്കമുള്ളവയാണ് പിടിച്ചെടുത്തത്. അറസ്റ്റിലായ മുസമ്മിലിന്റെ സുഹൃത്തായ ഒരു ടാക്സി ഡ്രൈവറുടെ ഫരീദാബാദിലുള്ള വീട്ടിൽ നിന്നാണ് ഈ ഉപകരണങ്ങൾ കണ്ടെത്തിയത്.
അതേസമയം, സ്ഫോടനത്തിന്റെ ആസൂത്രകർക്ക് വിദേശത്ത് പരിശീലനം ലഭിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ മുസമ്മിൽ തുർക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നുവെന്നാണ് എൻ.ഐ.എയ്ക്ക് ലഭിച്ച സൂചന.
വിദേശത്തുള്ള ഭീകരർ എൻക്രിപ്റ്റഡ് മൊബൈൽ ആപ്ലിക്കേഷനുകൾ വഴി ബോംബ് നിർമ്മാണത്തെക്കുറിച്ചുള്ള 42 വീഡിയോകൾ ഇവർക്ക് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഭീകര സംഘത്തിന് എല്ലാ നിർദ്ദേശങ്ങളും സഹായങ്ങളും നൽകി നിയന്ത്രിച്ചിരുന്ന മൂന്ന് പേരെക്കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിൽ ‘ഉകാസ’ എന്ന വ്യക്തിയാണ് മുസമ്മിലിനെ തുർക്കി, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയത്. ഈ ഉകാസ ഒരു ഇന്ത്യക്കാരൻ തന്നെയാണെന്ന സൂചനയും എൻ.ഐ.എക്ക് ലഭിച്ചിട്ടുണ്ട്.











