
ശാന്തിഗിരി ഫെസ്റ്റ് ഡിസംബർ ഒന്നുവരെ നീട്ടി. പത്തു ദിവസത്തേക്കു നീട്ടാനായിരുന്നു ആദ്യ ആലോചന. എന്നാൽ, സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരുടെ അഭ്യർഥന കണക്കിലെടുത്താണ് ഡിസംബർ ഒന്നുവരെ നീട്ടാൻ തീരുമാനിച്ചതെന്ന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. ഫെസ്റ്റ് സന്ദർശനത്തിനായി വിവിധ സ്‌കൂളുകളിൽ നൽകിയിട്ടുള്ള പ്രവേശന പാസിനും നീട്ടിയ കാലാവധി ബാധകമാകും. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങും ഡിസംബർ ഒന്ന് വരെ നീട്ടിയിട്ടുണ്ട് .
മുൻപ് ഒക്ടോബർ 2നു തുടങ്ങി നവംബർ 10ന് അവസാനിക്കുമെന്നാണ് അറിയിച്ചിരുന്നത് . അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മണിമുതൽ രാത്രി 10 മണിവരെയും പ്രവൃത്തിദിവസങ്ങളിൽ വൈകീട്ട് മൂന്നുമുതൽ രാത്രി 10വരെയുമാകും പ്രവേശനം. കഴക്കൂട്ടം – തൈക്കാട് ബൈപാസ് റോഡിൽ ശാന്തിഗിരി ആശ്രമത്തിന്റെ പ്രധാന പ്രവേശന കവാടത്തിനു സമീപത്തെ വിശാലമായ ജലസംഭരണിയെ ചുറ്റിയാണ് ഇത്തവണത്തെ മേള.

ജലാശയത്തിലെ മ്യൂസിക്കൽ വാട്ടർഫൗണ്ടനും പ്രകാശ വിന്യാസവും ഹാപ്പിനസ് പാർക്കും പ്രധാന ആകർഷണമാകും. 13,000 ചതുരശ്ര അടിയിൽ ഫ്ലവർ ഷോ, നക്ഷത്രവനം, പെറ്റ് ഷോ, അക്വാ ഷോ, ഗോസ്റ്റ് ഹൗസ്, റോബട്ടിക് അനിമൽ ഷോ, ത്രീഡി വിസ്‌മയം, അമ്യൂസ്മെന്റ് പാർക്ക് എന്നിവയ്ക്കൊപ്പം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ സേനാവിഭാഗങ്ങളുടെയും സ്റ്റാളുകളും ഉണ്ട് .
ഇതിനു പുറമേ ഗെയിം ഷോകൾ, കുട്ടികൾക്കുള്ള വിനോദപരിപാടികൾ, കാർഷിക വിപണന മേളകൾ, ഗോത്രവർഗ ഗ്രാമങ്ങളുടെ ആവിഷ്‌കാരം, ഭാരതീയ ചികിത്സ വിഭാഗങ്ങൾ ഉൾക്കൊളളുന്ന ഹെൽത്ത് കോർണർ, വെൽനെസ് സെന്റർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് ടിക്കറ്റ് എടുക്കാൻ ബുദ്ധിവുട്ടുന്നവർക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്യാനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറുക .
Link; https://festbooking.santhigirionline.com/











