മകന്‍ പൊട്ടിച്ച കളിപ്പാട്ടത്തിന് പിതാവ് നല്‍കിയ പിഴ കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ഏറ്റവും വലിയ വഴക്ക് കളിപ്പാട്ടക്കടയില്‍ എത്തുമ്പോഴാണ്. കളിപ്പാട്ടങ്ങള്‍ പിടിച്ച് കരയുന്ന കുഞ്ഞുങ്ങള്‍ കടകളിലെ സ്ഥിരം കാഴ്ചയാണ്. ഹോങ്കോങ്ങിലെ കളിപ്പാട്ടക്കടയില്‍ നിന്ന് അച്ഛന് കിട്ടിയ പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

മകന് ചെയ്ത ചെറിയ തെറ്റിന് മൂന്ന് ലക്ഷം രൂപയാണ് കടക്കാരന്‍ പിതാവിനോട് ആവശ്യപ്പെട്ടത്. ലോംഗ് ഗെയിം പ്ലേസ് എന്ന ഷോപ്പിംഗ് മാളിലെ കളിപ്പാട്ടം നശിപ്പിച്ച ശേഷമാണ് പിതാവിന് ഇത്രയും വലിയ രൂപ നഷ്ടമായത്. മാളിലെ കെകെ പ്ലസ് എന്ന ഡിസൈനര്‍ ടോയ് സ്റ്റോറിലെ സ്വര്‍ണ നിറത്തിലുള്ള ടെലിട്യൂബിസിന്റെ പാവയാണ് കുട്ടി തകര്‍ത്തത്. 1.8 മീറ്റര്‍ ഉയരമുള്ള പാവയാണിത്.

ഞായറാഴ്ച വൈകീട്ട് ചെംഗ് എന്നയാളും ഭാര്യയും രണ്ട് കുട്ടികളും പ്ലേസ് മാളിലെ കെകെ പ്ലസ് ഷോപ്പിലെത്തിയത്. ഒരു ഫോണ്‍ കോള്‍ വന്ന് ചെംഗ് പോയപ്പോള്‍ സംഭവിച്ചത് ഇതാണ്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ ചെംഗ് കണ്ടത് തകര്‍ന്ന പാവയെയും നിസ്സഹായനായി നോക്കിനില്‍ക്കുന്ന മൂത്തമകനെയുമാണ്. മൂത്തമകനാണ് ഇത് നശിപ്പിച്ചതെന്ന് കടക്കാരന്‍ ചെംഗിനെ അറിയിച്ചു.

മകന്റെ തെറ്റിന് താന്‍ പണം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിന്റെ വില കേട്ട ഇയാള്‍ ഞെട്ടി. 33,600 ഡോളര്‍ അല്ലെങ്കില്‍ 3 ലക്ഷം രൂപ. എന്നാല്‍ കഥയിലെ ട്വിസ്റ്റ് ഇതല്ലെന്നും പിന്നീട് കടയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കളിപ്പാട്ടം മകന്‍ മനഃപൂര്‍വം പൊട്ടിച്ചതല്ലെന്ന് മനസ്സിലായെന്നും ചെംഗ് പറഞ്ഞു.

മാളില്‍ തന്റെ അടുക്കലേക്ക് വന്ന ഒരാള്‍ക്ക് സ്ഥലം കൊടുക്കാനൊരുങ്ങിയപ്പോഴാണ് മകന്‍ അറിയാതെ പാവയുടെ മേല്‍ തട്ടിയതെന്ന് ചെംഗ് തിരിച്ചറിഞ്ഞു. അച്ഛന്റെ ഭാഗമാണ് ശരിയെന്ന വാദവുമായി പലരും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ഇത്രയും വില കൂടിയ കളിപ്പാട്ടങ്ങള്‍ വയ്ക്കുമ്പോള്‍ എന്തുകൊണ്ട് സുരക്ഷ നല്‍കുന്നില്ലെന്നാണ് പലരും ചോദിക്കുന്നത്.