തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന് വിധേയമാക്കാനാണ് അധികൃതരുടെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്‌ടർ മൃഗസംരക്ഷണ ഓഫീസർക്ക് നൽകുകയും ചെയ്തു. മാടക്കത്തറ പഞ്ചായത്തിലെ പതിനാലാം നമ്പർ വാർഡിൽ ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം കണ്ടെത്തിയത്. രാവിലെ 7 മുതൽ ഡോക്‌ടർമാർ, ലൈവ്‌സ്‌റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ അടങ്ങുന്ന ആർആർടി സംഘമാണ് കള്ളിംഗ് നടത്തിയത്. തുടർന്ന് ഇവിടെ പ്രാഥമിക അണുനശീകരണ നടപടികൾ കൂടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. രോഗം കണ്ടെത്തിയതിന് പിന്നാലെ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിതമേഖലയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യൽ, കടകളുടെ പ്രവർത്തനം, പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും താൽക്കാലികമായി വിലക്കിയിട്ടുണ്ട്.

രോഗം കണ്ടെത്തിയ ഫാമിൽ നിന്ന് പന്നികളെ മറ്റ് ഇടങ്ങളിലേക്ക് കൊണ്ട് പോയിരുന്നോ എന്നതും പരിശോധിക്കും. മാത്രമല്ല ജില്ലയിലെ ചെക്ക് പോസ്‌റ്റുകളിൽ ഉൾപ്പെടെ കർശന പരിശോധന ഏർപ്പെടുത്താനാണ് തീരുമാനം. തൃശൂരിലേക്കോ ജില്ലയിൽ നിന്ന് പുറത്തേക്കോ പന്നിമാംസവും പന്നികളെയും അനധികൃതമായി കടത്തുന്നുണ്ടോയെന്നും പരിശോധിക്കുന്നതാണ്. ഇതിനായി രോഗം സ്ഥിരീകരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനപരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ എന്നിവർ ഉൾപ്പെട്ട റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്കും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാർക്കും ചുമതല നൽകിയിട്ടുമുണ്ട്. എല്ലാ പ്രായത്തിലുമുള്ള വളർത്തു പന്നികളെയും കാട്ടുപന്നികളെയും ബാധിക്കുന്ന പകർച്ചവ്യാധിയും മാരകവുമായ വൈറൽ രോഗവുമാണ് ആഫ്രിക്കൻ പന്നിപ്പനി. ഇത് മനുഷ്യരിലേക്ക് നേരിട്ട് പകരില്ലെന്നാണ് ഇതുവരെയുള്ള കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്. എങ്കിലും പന്നികൾ വൻ തോതിൽ ചത്തൊടുങ്ങാൻ ഈ രോഗബാധ കാരണമാവും എന്നാണ് വിലയിരുത്തൽ.

കടുത്ത പനി, വിശപ്പും കുറയൽ, ചുവപ്പ്, പൊട്ടുന്ന ചർമ്മം അല്ലെങ്കിൽ ത്വക്കിലെ മുറിവുകൾ, വയറിളക്കം, ഛർദ്ദി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട്, ഗർഭച്ഛിദ്രം അല്ലെങ്കിൽ പെട്ടെന്നുള്ള മരണം എന്നിവയാണ് സൂക്ഷിക്കേണ്ട ലക്ഷണങ്ങൾ. പന്നികളിൽ കൂട്ടത്തോടെയോ അല്ലാതെയോ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കേണ്ടതാണ്. അതേസമയം ആഫ്രിക്കൻ പന്നിപ്പനി എച്ച് വൺ എൻ വൺ പനിയുടെ പ്രതിരോധത്തിൽ നിന്നും വ്യത്യസ്തമാണ്. പന്നികളിൽ മാത്രം കണ്ടുവരുന്ന രോഗമായതിനാൽ ആഫ്രിക്കൻ പന്നിപ്പനി മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാനുള്ള സാധ്യത കുറവാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം മനുഷ്യരുമായുള്ള വന്യമൃഗങ്ങളുടെ ഏറ്റുമുട്ടല്‍ വര്‍ധിക്കുന്ന സമയത്താണ് സാധാരണയായി കള്ളിങ് രീതി അവലംബിക്കുന്നത്. കൊന്നൊടുക്കാനുള്ള വന്യമൃഗങ്ങളെ വെര്‍മിന്‍ അഥവാ ശല്യജീവികളായി പ്രഖ്യാപിക്കുകയാണ് ആദ്യപടി. ചിലയിടങ്ങളില്‍ ചുരുങ്ങിയ പ്രദേശത്തെ മാത്രം കേന്ദ്രീകരിച്ചായിരിക്കും ഇത് പ്രാവര്‍ത്തികമാക്കുക. എന്നാല്‍ മനുഷ്യരുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് കൊന്നൊടുക്കിയാലും വന്യമൃഗങ്ങളുടെ എണ്ണത്തില്‍ ഇടിവുണ്ടാകാറില്ല എന്നതാണ് സത്യം.