പുതിയ ലക്ഷ്യത്തോടെ കമ്മിറ്റി രൂപീകരിക്കാൻ ഉത്തരവിട്ട് തമിഴ്‌നാട് സർക്കാർ

പുതിയ ക്രിമിനൽ നിയമങ്ങൾ പഠിക്കാനും സംസ്ഥാന തല ഭേദഗതികൾ ശുപാർശ ചെയ്യാനും ഒരു കമ്മിറ്റി രൂപീകരിക്കാൻ ഉത്തരവിട്ട തമിഴ്നാട് സർക്കാർ. ദി ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത എന്നിവ ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ ക്രിമിനൽ നിയമങ്ങൾ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ കൺകറന്റ് ലിസ്റ്റിൽ വരുന്നതാണ്. ഇവ സംസ്ഥാനങ്ങൾക്ക് ഭേദഗതി ചെയ്യാൻ കഴിയും. തിങ്കളാഴ്ചയാണ് തമിഴ് നാട് സർക്കാർ റിട്ടയേഡ് മദ്രാസ് ഹൈക്കോടതി ജഡ്ജി എം സത്യനാരായന്റെ ഒരു ഏകാംഗ സമിതിയെയാണ് സര്‍ക്കാർ ഭേദഗതി നിർദ്ദേശങ്ങൾ വെക്കാൻ നിയോഗിച്ചത്. ഒരു മാസത്തിനകം ഭാരതീയ നിയമസംഹിതയിൽ വരുത്തേണ്ട മാറ്റങ്ങൾ ഈ സമിതി നിർദ്ദേശിക്കണം. മൂന്ന് നിയമങ്ങളാണ് ഭാരതീയ നിയമ സംഹിതയിൽ ഉൾപ്പെടുന്നത്. ഇവ മൂന്നിലും ആവശ്യമായ ഭേദഗതി നിർദ്ദേശം ചെയ്യണം സമിതി. ഭാരതീയ ന്യായ സംഹിതയിലെ അടിസ്ഥാനപരമായ സെക്ഷനുകളിൽ പിഴവുകൾ കാണാനുണ്ടെന്നും അവ തിരുത്തുകയാണ് ലക്ഷ്യമെന്നും നിയമ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. പാർലമെന്റിൽ കഴിഞ്ഞ വർഷം ബില്ല് അവതരിപ്പിച്ചപ്പോൾ തന്നെ തമിഴ്നാട് എതിർപ്പുമായി രംഗത്തുണ്ടായിരുന്നു.

സംസ്ഥാനങ്ങളുമായി ആലോചിച്ചല്ല ബില്ല് രൂപപ്പെടുത്തിയത് എന്നായിരുന്നു തമിഴ്നാട് ഉന്നയിച്ച പ്രശ്നം. ഭേദഗതികൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് സ്റ്റാലിൻ കത്തെഴുതുകയും ചെയ്തു. സംസ്കൃത പേരുകളാണ് നിയമങ്ങൾക്ക് ഇട്ടത് എന്നതിലും തമിഴ്നാടിന് വിയോജിപ്പുണ്ട്. ഒരുകാലത്തും ഇന്ത്യയുടെ സാധാരണക്കാരുടെ ഭാഷയായിരുന്നിട്ടില്ലാത്ത സംസ്കൃതത്തിൽ പേരുകളിട്ടത് അംഗീകരിക്കാൻ കഴിയില്ലെന്ന് തമിഴ്നാട് പറയുന്നു. സാധാരണ മനുഷ്യരാണ് നിയമത്തിന്റെ ഗുണഭോക്താക്കളാകേണ്ടത്. അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയിൽ വേണം പേരുകളിടാൻ എന്നും തമിഴ്നാട് വാദിക്കുന്നു. കർണാടകവും പുതിയ നിയമങ്ങളിൽ ഭേദഗതി വരുത്താൻ തയ്യാറെടുക്കുകയാണ്. നിയമങ്ങളിൽ ആകെ 25 ഭേദഗതികൾ വരെ വരുത്തുമെന്നാണ് കർണാടക പറയുന്നത്. ഇന്ത്യൻ പീനൽകോഡ്, സിആർപിസി, തെളിവുനിയമം എന്നിവ ഒഴിവാക്കിയാണ് പുതിയ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയ എന്നിവ നിലവിൽ വന്നത്.

അതേസമയം ജൂലൈ 1 മുതലാണ് രാജ്യത്ത് മൂന്ന് നിയമങ്ങൾ ഉൾപ്പെട്ട ഭാരതീയ നിയമ സംഹിത പ്രാബല്യത്തിൽ വന്നത്. മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ സമകാലിക കാലത്തിനും പ്രചാരത്തിലുള്ള സാങ്കേതികവിദ്യകൾക്കും അനുയോജ്യമായ നിരവധി പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് പുതിയ നിയമങ്ങൾക്ക് 2023 ഡിസംബർ 21-ന് പാർലമെൻ്റിൻ്റെ അംഗീകാരം ലഭിച്ചു. പ്രസിഡൻ്റ് ദ്രൗപതി മുർമു 2023 ഡിസംബർ 25-ന് അവർക്ക് അനുമതി നൽകി, അതേ ദിവസം തന്നെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. വിജ്ഞാപനമനുസരിച്ച്, മൂന്ന് നിയമങ്ങളും ശിക്ഷയെക്കാൾ നീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും, എല്ലാവിധത്തിലും വേഗത്തിലുള്ള നീതി ലഭ്യമാക്കാനും, ‘എല്ലാവർക്കും നീതിയിലേക്കുള്ള പ്രവേശന സംവിധാനത്തെ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു. നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ കേസ് മലപ്പുറത്ത് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഹെൽമറ്റില്ലാതെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തതിന് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.