
നാലാം വര്‍ഷികം ആഘോഷിക്കാനുള്ള ഒരു അവകാശവും ഈ സര്‍ക്കാരിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്.മലയോര ജനത വന്യജീവി ആക്രമണത്തില്‍ കഷ്ടപ്പെടുമ്പോള്‍ ഈ സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല.തീരപ്രദേശവും വറുതിയിലും പട്ടിണിയിലുമാണ്. ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ക്ഷേമ- വികസന പദ്ധതികള്‍ പൂര്‍ണമായു നിര്‍ത്തിവയ്ക്കുന്ന സ്ഥിതിയിലേക്ക് കേരളം കൂപ്പു കുത്തിയിരിക്കുകയാണ്. ഖജനാവില്‍ പണമില്ല. ആറു കോടി രൂപയുടെ കടക്കെണിയിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണ്.
കരാറുകാര്‍ക്ക് കോടിക്കണക്കിന് രൂപയാണ് നല്‍കാനുള്ളത്. ധനപ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.മുനമ്പത്ത് സംസ്ഥാന സര്‍ക്കാര്‍ കാട്ടിയ കള്ളക്കളിയാണ് പുറത്തുവന്നിരിക്കുന്നത്. വഖഫ് ട്രിബ്യൂണലില്‍ ഭൂമി നല്‍കിയ സേഠിന്റെ കുടുംബവും ഭൂമി സ്വീകരിച്ച ഫറൂഖ് കോളജ് മാനേജ്‌മെന്റും വഖഫ് ഭൂമി അല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം വഖഫ് ബോര്‍ഡ് ട്രിബ്യൂണലിന് എതിരെ ഹൈക്കോടതിയെ സമീപിച്ചു. മെയ് 29 വരെയാണ് സ്റ്റേ വാങ്ങിയിരിക്കുന്നത്. മെയ് 19 വരെയാണ് നിലവിലെ ട്രിബ്യൂണലിന്റെ കാലാവധി. സ്റ്റേ വാങ്ങിയതില്‍ വഖഫ് മന്ത്രിക്കും പങ്കുണ്ട്.
നിലവിലെ വഖഫ് ട്രിബ്യൂണലിനെക്കൊണ്ട് വിധി പറയിക്കരുത് എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. കേരള സര്‍ക്കാര്‍ വഖഫ് ബോര്‍ഡിനെ ഉപയോഗിച്ച് മുനമ്പത്തെ ജനങ്ങളോട് വഞ്ചനയാണ് ചെയ്തത്. മുനമ്പത്തെ ഭൂമി വഖഫ് ആണെന്നാണ് വഖഫ് ബോര്‍ഡിനെക്കൊണ്ട് പറയിപ്പിച്ചിരിക്കുന്നത്. അപ്പോള്‍ മുനമ്പം നിവാസികള്‍ കയ്യേറ്റക്കാരാണെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നിട്ടും എന്തിനാണ് മുനമ്പത്തെ ജനങ്ങളെ സംരക്ഷിക്കുമെന്ന പച്ചക്കള്ളം മുഖ്യമന്ത്രി പറയുന്നത്.വഖഫ് ട്രിബ്യൂണലില്‍ നിന്നും അനകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയാണ് എല്ലാവര്‍ക്കും ഉണ്ടായിരുന്നത്. അതാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. മുനമ്പത്തെ പ്രശ്‌നം പരിഹരിക്കാന്‍ പത്തു മിനിട്ട് മതി. യു.ഡി.എഫ് അധികാരത്തില്‍ എത്തുമ്പോള്‍ ഈ പ്രശ്‌നം പരിഹരിക്കുന്നത് എങ്ങനെയെന്നു കാണിച്ചു തരാം. വി ഡി സതീശൻ പറയുന്നു.











