
ഓണം ആഘോഷിക്കാൻ എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് മലയാളികൾ. എന്നാൽ, ഇപ്പോൾ മുംബൈയിലെ മലയാളികളുടെ പ്രതീക്ഷകൾ എല്ലാം അവസാനിക്കുന്ന അവസ്ഥയിലാണ്. ഓണത്തിന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനോ കൂടുതൽ ബോഗികളോ അനുവദിച്ചില്ലെങ്കിൽ ഇത്തവണ നാട്ടിൽ ആഘോഷിക്കാൻ കഴിയില്ല. വിമാന ടിക്കറ്റ് രണ്ട് ഇരട്ടിയിലേറെ വർധിച്ചതും ട്രെയിൻ ടിക്കറ്റ് കിട്ടാതായതും ഇവരെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.
നാലായിരത്തിൽ താഴെയായിരുന്ന വിമാന ടിക്കറ്റ് ഇപ്പോൾ 10,000 കടന്ന അവസ്ഥയാണ്. ട്രെയിനിലാണേ സീറ്റുമില്ല. മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ദിവസവുമുള്ളത് ഒരു ട്രെയിൻ ആണ്. ആഴ്ചയിൽ പല ദിവസങ്ങളിലായി നാലു ട്രെയിനുകൾ വേറെയും സർവീസ് നടത്തുന്നുണ്ട്. അതിലെല്ലാം മാസങ്ങൾക്ക് മുൻപേ ബുക്കിംഗ് പൂർത്തിയായി കഴിഞ്ഞി.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് മുംബൈ വഴി പോകുന്ന മറ്റ് ട്രെയിനുകളിലും സീറ്റില്ലാത്ത അവസ്ഥയാണ്. ഇങ്ങനെ പോയാൽ ഇത്തവണത്തെ ഓണത്തിന് എങ്ങനെ നാട്ടിലെത്തുമെന്നാണ് മുംബൈ മലയാളികൾ ചോദിക്കുന്നു. വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും റെയിൽവെയെ സമീപിച്ചിട്ടുണ്ട്.











