
ഓണക്കാലത്ത് കുലുക്കി സർബത്തിന്റെ മറവിൽ ചാരായം വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ എറണാകുളത്ത് പിടിയിൽ. പൂക്കാട്ടുപടി സ്വദേശി സന്തോഷ്, കാക്കനാട് സ്വദേശി കിരൺകുമാറിനെയുമാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 20 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. വീട് വാടകക്കെടുത്തായിരുന്നു ഇവർ വാറ്റ് നടത്തിയിരുന്നത്. എക്സൈസിന് ലഭിച്ച രഹസ്യവിവരതത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
അതേസമയം, ഉടുമ്പൻചോലയിൽ 45 ലിറ്റർ വാറ്റ് ചാരായവും 400 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടിയിരുന്നു. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉടുമ്പൻചോല കാന്തിപ്പാറ സ്വദേശി ബാബു (39), ഇടുക്കി വാത്തിക്കുടി സ്വദേശി ജോബി ജോസഫ് (42) എന്നിവരാണ് അറസ്റ്റിലായത്.
അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ദിലീപ്.എൻ.കെ യും സംഘവും ചേർന്നാണ് കേസ് കണ്ടെടുത്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്.കെ.എം, അബ്ദുൾ ലത്തീഫ്.സി.എം, പ്രശാന്ത്.വി, യദുവംശരാജ്, ധനിഷ് പുഷ്പചന്ദ്രൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.











