ആശാപ്രവർത്തകരുടെ സമരം തീർക്കാൻ സർക്കാർ പരമാവധി വിട്ടുവീഴ്ച്ച ചെയ്യ്തു; ഇതിനപ്പുറം ഇനിയും ചെയ്യാനാകില്ല, മന്ത്രി വി ശിവൻകുട്ടി

ആശവർക്കർമാരുടെ സമരം തീർക്കാൻ സർക്കാർ പരമാവധി വിട്ടുവീഴ്ച ചെയ്തെന്ന്, തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ഇനിയും ഇതിനപ്പുറം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശാവർക്കർമാർ തൊഴിൽ മന്ത്രി എന്ന നിലയിൽ തന്നെ കാണാൻ വന്നിരുന്നു, അവരുടെ നിവേദനം താൻ കൈപ്പറ്റിയെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ മന്ത്രി 3 തവണ ചർച്ച നടത്തിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ രണ്ടാം ചർച്ചയും പരാജയമായതിന് പിന്നാലെയാണ് ആശമാർ നിരാഹാര സമരം തുടങ്ങുന്നത്.

പിന്നീടും ആശമാരുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ തങ്ങളുടെ ആവശ്യങ്ങളിൽ ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ആശ പ്രവർത്തകർ. അതേസമയം കഴിഞ്ഞ ദിവസവും ആശമാരുമായി ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ആശാപ്രവർത്തകരുടെ വേതനം കൂട്ടുന്നതിനായി സമിതിയെ നിയോഗിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് കൂടിക്കാഴ്ചക്ക് പിന്നാലെ വീണ ജോർജ്ജ് വ്യക്തമാക്കി.

അതേ സമയം, ആശാ വർക്കർമാരുടെ സമരം ഇന്ന് 58ആം ദിവസം പിന്നിടുന്നു. ഓണറേറിയം കൂട്ടണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിൽ മന്ത്രിക്ക് ഇന്നലെ സമരസമിതി 5 നിവേദനങ്ങൾ നൽകിയിരുന്നു. ആവശ്യങ്ങൾ പഠിക്കാനുള്ള കമ്മറ്റി ഒരു മാസത്തിനുള്ളിൽ രൂപീകരിച്ച് റിപ്പോർട്ട് നൽകുമെന്നാണ് തൊഴിൽ മന്ത്രി സമരക്കാർക്ക് നൽകിയ ഉറപ്പ്.