
വയനാട്ടിലെ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് മരണസംഖ്യ ഉയരുകയാണ്. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഉരുൾ പൊട്ടൽ ദുരന്തം വിതച്ച വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യമെത്തും. അമ്പതിലേറെ വീടുകൾ, നിരവധി വാഹനങ്ങൾ എന്നിവ ഉരുൾപൊട്ടലിൽ തകർന്നും ഒലിച്ചു പോയിരിക്കുകയാണ്. ദുരന്തത്തിൽ വിവിധ ആശുപത്രികളിലായി ചികിത്സകളിലായി കഴിയുന്നത് നൂറിലധികം പേരാണ്. കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും എത്തും. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പും ബംഗളുരുവിൽ നിന്നും അടിയന്തരമായി വയനാട്ടിലെത്തും. എയർഫോഴ്സിന്റെ എ.എൽ.എച്ച്, എം.ഐ17 ഹോലികോപ്റ്ററുകൾ ദുരന്ത സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടിട്ടുണ്ട്. രണ്ട് സാരംഗ് ഹെലികോപ്റ്ററുകളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുക. അധികം വൈകാതെ തന്നെ രക്ഷാ ദൗത്യ സംഘം കൽപറ്റ എസ്.കെ.എം.ജെ. സ്കൂൾ ഗ്രൗണ്ടിലെത്തും. നിലവില്‍ അഗ്നിരക്ഷ, സിവില്‍ ഡിഫന്‍സ്, എന്‍ഡിആര്‍എഫ്, ലോക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, എന്നിവര്‍ ഉള്‍പ്പെടുന്ന 250 അംഗ സംഘമാണ് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിലുള്ളത്. പ്രളയ കാലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ഉൾപ്പെടെ രക്ഷാ ദൗത്യ സംഘത്തിലുണ്ട്.
വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടിയ മേഖലകളിൽ എയർ ലിഫ്റ്റിങ് അടക്കമുള്ള രക്ഷാപ്രവർത്തനങ്ങളിലേക്കാണ് സൈന്യം ആദ്യം നീങ്ങുക. ടെറിട്ടോറിയൽ ആർമി കോഴിക്കോട് 122 ബെറ്റാലിയനിൽ നിന്നും ഒരു കമ്പനിയും ഉടൻ വയനാട്ടിലേക്ക് യാത്ര തിരിക്കും. 50പേരടങ്ങുന്ന സംഘമാണ് പുറപ്പെടുന്നത്. കണ്ണൂർ കന്റോൺമെന്റിൽ നിന്ന് കരസേനയുടെ രണ്ട് സംഘം കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഗുരുതരമായ സ്ഥിതി കണക്കിലെടുത്ത് കരസേനയുടെ 190 അംഗ സംഘത്തെ നിയോഗിക്കാനാണ് തീരുമാനം. ഇതിൽ 138 പേർ നേരത്തെ പുറപ്പെട്ടിരുന്നു എൻഡിആർഎഫിന്റെ ഒരു സംഘം ദുരന്ത ഭൂമിയിലുണ്ട്. രണ്ട് സംഘം കൂടി തിരിച്ചിട്ടുണ്ട്. ഡിഫൻസ് സെക്യൂരിറ്റി ടീമിന്റെ രണ്ട് സംഘവും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. ഫയർഫോഴ്സിന്റെ ടീമുകളും രക്ഷാപ്രവർത്തനത്തിന് എത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ ആർമി, എയർ ഫോഴ്സ്, നേവി തുടങ്ങിയ സേനാ വിഭാഗങ്ങൾ വയനാട്ടിലേക്ക് തിരിക്കുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു. വയനാടിന് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദേശം നൽകിയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഉരുൾ പൊട്ടലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ദുഃഖം അറിയിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെടുകയും സ്ഥിതിഗതികൾ ആരായുകയും ചെയ്തു. വയനാടിലെ രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിട്ടുണ്ട്. ദുരന്തത്തിന്‍റെ വ്യാപ്തി ഇപ്പോഴും പറയാൻ കഴിയാത്ത അവസ്ഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പലയിടത്തും എത്തിപ്പെടാൻ പ്രയാസമാണെന്നും എല്ലാ സന്നാഹങ്ങളും വയനാട്ടിലേക്ക് പോവുകയാണെന്നും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും എല്ലാ സഹായവും വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതേസമയം കേരളത്തിൽ ഇന്ന് അതിതീവ്രമഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിപ്പ് നൽകുന്നു. ഒരാഴ്ച മഴ തുടരുമെന്നും അറിയിക്കുന്നു. കേരളത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ ആണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത് . ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.











