50 വർഷങ്ങൾക്ക് മേലെ ആയിട്ടും വന്യ ജീവി സംരക്ഷണ നിയമങ്ങൾക്ക് ഭേദഗതികൾ നടത്താൻ സർക്കാർ തയാറായിട്ടില്ല

ലോകത്തെവിടെയും കാണാന്‍ കഴിയാത്ത വന-വന്യജീവി സംരക്ഷണ നിയമമാണ് ഇന്ത്യയിലുള്ളത്. 1972ല്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ നടപ്പാക്കിയ വന-വന്യജീവി സംരക്ഷണ നിയമം കാലഹരണപ്പെട്ടിട്ടും ഇനിയും അതില്‍ ഭേദഗതികള്‍ നടത്താന്‍ ഭരണകൂടം തയ്യാറായിട്ടില്ല എന്നതാണ് ഏറെ ദയനീയം. അതുകൊണ്ടൊക്കെ തന്നെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ വന്യജീവി ആക്രമണങ്ങൾക്ക് ഇരയായി കൊല്ലപ്പെട്ടവരുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. 2019-24 കാലയളവിൽ മാത്രം കേരളത്തിൽ 486 പേർക്ക് വന്യജീവി ആക്രമണങ്ങളിലൂടെ ജീവൻ നഷ്‌ടമായി എന്നാണ് പുറത്തു വരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. പരിക്കേറ്റവരുടെ എണ്ണം ഇതിലും എത്രയോ അധികമാണ് എന്നതും ശ്രദ്ധേയമാണ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള കണക്കുകളുടെ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. 2023-2024ല്‍ മാത്രം കേരളത്തില്‍ 94 മരണങ്ങളുണ്ടായി. അതായത് വന്യജീവി ആക്രമണത്തിലൂടെ ഒരു വർഷത്തിനുളളിൽ മാത്രം പൊലിഞ്ഞത് 94 ജീവനുകളാണ്. എന്നാൽ പക്ഷെ 2021-2022ലാണ് വന്യജീവി ആക്രമണങ്ങളില്‍ കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത്.

ആനകളുടെ ആക്രമണത്തില്‍ 35 പേരും കടുവകളുടെ ആക്രമണത്തില്‍ ഒരു മരണവും മറ്റ് വന്യജീവികളുടെ ആക്രമണത്തില്‍ 78 മരണങ്ങളും ഉള്‍പ്പെടെ 114 മരണങ്ങളാണ് 2021-2022ല്‍ കേരളത്തിൽ ഉണ്ടായത്. 2019-2020 കാലയളവില്‍ 92 പേരാണ് ഇത്തരത്തിൽ മരിച്ചത്. 2020-2021ല്‍ 88 പേര്‍ ഇത്തരത്തിൽ വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചിരുന്നു. 2022-2023ല്‍ 98 പേരും മരണപ്പെട്ടുവെന്നാണ് കണക്കുകൾ പ്രകാരം അറിയാൻ കഴിയുന്നത്. അതേസമയം, ആനകളുടെ ആക്രമണത്തിൽ ഏറ്റവുമധികം പേർക്ക് ജീവൻ നഷ്‌ടമായത് ഒഡീഷയിലാണ്. ഇവിടെ ഒരു വർഷത്തിനിടെ മാത്രം 154 പേർക്കാണ് ആനകളുടെ ആക്രമണത്തിൽ ജീവൻ നഷ്‌ടമായത്. വന്യജീവികളുടെ ആക്രമണത്തിൽ മരണപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകാനുള്ള പദ്ധതികളും ഉണ്ട്. എന്നാൽ പക്ഷെ നഷ്‌ടപരിഹാരം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങാറാണ് പതിവ്. നിലവിൽ പത്ത് ലക്ഷം രൂപ വരെയാണ് വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നൽകുന്നത്. വനത്തിനുള്ളിൽ വെച്ച് പാമ്പുകടിയേറ്റ്‌ മരിച്ചാൽ അവകാശികൾക്ക്‌ നഷ്‌ടപരിഹാരമായി 10 ലക്ഷം രൂപ വരെയാണ് ലഭിക്കുക, വനത്തിന് പുറത്തു വച്ചാണ് കടിയേൽക്കുന്നതെങ്കിൽ രണ്ട് ലക്ഷം രൂപ വരെ ലഭിക്കും. ആന, കാട്ടുപോത്ത്‌, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ആക്രമണത്തിൽ വനത്തിനുള്ളിലും പുറത്തും വെച്ച് മരിച്ചാൽ അവകാശികൾക്ക്‌ പത്തുലക്ഷം രൂപ വരെ ലഭിക്കും.

വന്യജീവി ആക്രമണത്തിൽ പരിക്കേറ്റാൽ ചികിത്സാ ധനസഹായമായി പരമാവധി ഒരു ലക്ഷം രൂപ വരെയും ലഭിക്കും. പട്ടിക വർഗക്കാർക്ക് മുഴുവൻ ചികിത്സച്ചെലവും അനുവദിക്കും. വന്യമൃഗ ആക്രമണത്തിൽ അംഗവൈകല്യം സംഭവിച്ചാൽ രണ്ടുലക്ഷം രൂപവരെ സഹായവും ലഭിക്കും. വീടുകൾ, കുടിലുകൾ, കൃഷി, കന്നുകാലികൾ എന്നിവയ്ക്കു നേരേയുള്ള വന്യജീവി ആക്രമണങ്ങൾക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയാണ് നഷ്‌ടപരിഹാരം ലഭിക്കുക. പലപ്പോഴും വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്ന ആളുകൾക്ക് ലഭിക്കേണ്ട നഷ്‌ട പരിഹാരം സമയബന്ധിതമായി നൽകാൻ കഴിയുന്നില്ലെന്ന പരാതിയും ഉയർന്ന് വരാറുണ്ട്. ആനകളുടെയും മറ്റ് വന്യജീവികളുടെയും ആക്രമണത്തിൽ കൊല്ലപ്പെടുന്ന ആളുകൾക്ക് അടിയന്തര ധനസഹായം ഉൾപ്പെടെ വൈകുന്നുവെന്നാണ് ഉയർന്നു വരുന്ന ആക്ഷേപം. അതേസമയം മനുഷ്യന്റെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന വന്യജീവികളെ കൊന്നുതന്നെ നിയന്ത്രിക്കണമെന്ന് വന്യജീവിശല്യ പ്രതിരോധ വിദഗ്ദർ മുന്നറിയിപ്പ് നൽകാറുണ്ട്. സ്വീഡൻ, നോർവേ തുടങ്ങിയ രാജ്യങ്ങൾ ഉദാഹരണമായെടുക്കാം. അവിടെ വന്യജീവികളെ മനുഷ്യനു വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന വിഭവമായാണു കരുതുന്നത്. മനുഷ്യനെ കൊല്ലുന്ന ആന, കടുവ, കാട്ടുപോത്ത് എന്നിവയെ 24 മണിക്കൂറിനുള്ളിൽ വെടിവയ്ക്കാനുള്ള ഉത്തരവും സർക്കാർ നൽകണം. ഭരണഘടനാവിരുദ്ധമായ 1972ലെ വന്യജീവി സംരക്ഷണനിയമം പിൻവലിച്ചേ തീരൂ.

മനുഷ്യന്റെ ജീവനും സ്വത്തും നശിപ്പിക്കുന്നതു ക്രിമിനൽ കുറ്റമാക്കുന്ന ഐപിസി 100,103 വകുപ്പുകളുടെ ലംഘനമാണ് ആ നിയമം. കോടതിയെ സമീപിച്ചു ഭേദഗതി വരുത്താനാകും. ഭരണഘടനയിലെ മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള 73,74 ഭേദഗതികൾ ഉപയോഗിക്കണം. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം, 2001ലെ കർഷകരുടെ അവകാശ സംരക്ഷണനിയമം അഥവാ പ്രൊട്ടക്‌ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് ആക്ട്. 2002ലെ ജൈവവൈവിധ്യനിയമം, 2006ലെ വനാവകാശനിയമം ഇവയിലൊക്കെയുള്ള വകുപ്പുകൾ ഉപയോഗപ്പെടുത്തണം. എന്ന നിർദേശമൊക്കെ നേരത്തെ വന്യമൃഗശല്യ പ്രതിരോധ വിദഗ്ധർ മുന്നോട്ട് വെച്ചിട്ടുള്ളതാണ്.