
ഉത്തർപ്രദേശിലെ അലിഗഢിലെ ജവാഹർലാൽ നെഹ്റു മെഡിക്കൽ കോളജിൽ ആയിരുന്നു സംഭവം നടന്നത്. വിഷം ഉള്ളിൽ ചെന്ന നിലയിൽ ആയിരുന്നു യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ഷീലാ ദേവി എന്ന നാല്പതുകാരിയാണ് ചികിത്സക്കിടെ വായിലുണ്ടായ പൊട്ടിത്തെറിയെത്തുടർന്ന് മരിച്ചത്.

പൊട്ടിത്തെറിയുണ്ടായത് വയറ്റിൽ നിന്ന് വിഷാംശം വലിച്ചെടുക്കുന്നതിനായി സക്ഷൻ ട്യൂബ് ഇറക്കി നടത്തിയ ചികിത്സാ നടപടിക്കിടെയാണ്. ഗുരുതരാവസ്ഥയിലെത്തിയ യുവതിക്ക് അടിയന്തര ചികിത്സ നൽകി. യുവതി കഴിച്ചത് ഫോസ്ഫൈൻ വാതകം പുറത്തുവിടുന്ന സെൽഫോസ് ഗുളിക ആകാമെന്നാണ് നിഗമനം.

പ്രാഥമിക നിഗമനം കുഴലിലെ ഓക്സിജനും ആമാശയസ്രവവുമായി സമ്പർക്കമുണ്ടായപ്പോൾ പൊട്ടിത്തെറിയുണ്ടായതാകുമെന്നുമാണ്. ജെഎൻ മെഡിക്കൽ കോളജ് ചീഫ് മെഡിക്കൽ ഓഫിസർ എസ്.എസ്.സെയ്ദി സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി അറിയിച്ചു.

യഥാർഥ മരണകാരണം പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ വെളിപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചികിൽസാ മുറിയുടെ സിസിടിവി ഫൂട്ടേജും പരിശോധിച്ചു.











