‘ഒരു പോലീസുകാരന്റെ മരണം’ വരുന്നു… ഉര്‍വ്വശി കേന്ദ്ര കഥാപാത്രം

മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് ഉര്‍വ്വശി. ആദ്യ സിനിമ കെ. ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താണി മുടിച്ചാച്ച് മുതല്‍ ഇങ്ങോട്ട് നിരവധി സിനിമകളിലാണ് ഉര്‍വ്വശി അഭിനയിച്ചത്. ഉര്‍വ്വശിയുടെ ഒരുപാട് കഥാപാത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ ഇന്നും…

മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് ഉര്‍വ്വശി. ആദ്യ സിനിമ കെ. ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താണി മുടിച്ചാച്ച് മുതല്‍ ഇങ്ങോട്ട് നിരവധി സിനിമകളിലാണ് ഉര്‍വ്വശി അഭിനയിച്ചത്. ഉര്‍വ്വശിയുടെ ഒരുപാട് കഥാപാത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ ഇന്നും നെഞ്ചോട് ചേര്‍ത്ത് വെച്ചിട്ടുണ്ട്. 1984 ല്‍ ഇറങ്ങിയ എതിര്‍പ്പുകള്‍ ആണ് ഉര്‍വശിയുടെ ആദ്യ മലയാള സിനിമ. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രശസ്ത നടന്‍ സൗബിന്‍ ഷാഹിറിന്റെ കൂടെ പുതിയ സിനിമയ്ക്കുള്ള ഒരുക്കത്തിലാണ് ഉര്‍വ്വശി.

ഒരിടവേളക്ക് ശേഷം ഉര്‍വശി കേന്ദ്ര കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയും ഉള്ളതാണ് പുതിയ ചിത്രം. വൈശാഖ സിനിമയും റിയല്‍ ക്രിയേഷനും ചേര്‍ന്ന് നിര്‍മ്മിച്ച് രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത് ഒരു പോലീസുകാരന്റെ മരണം എന്നാണ്. മമ്മുട്ടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തില്‍ വെച്ച് നടന്നു. ചിത്രത്തിന്റെ പേര് പോലെ തന്നെ ഒരു പോലീസുകാരന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആനുകാലിക പ്രസക്തിയുള്ള ഒരു സിനിമ ആയിരിക്കും ഇത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ശഹനാദ് ജലാല്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് കിരണ്‍ദാസും സംഗീതം ജസ്റ്റിന്‍ വര്‍ഗീസും ചെയ്യുന്നു.