‘നമ്മള്‍ ജയിച്ചു ആശാനെ’!!! ആടുജീവിതത്തിന്റെ വിജയത്തിന് പിന്നാലെ പൃഥ്വി-ബ്ലെസി കൂടിക്കാഴ്ച വൈറല്‍

പ്രഖ്യാപന സമയം മുതല്‍ ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്‍ കുറിച്ചിട്ട വരികളിലൂടെ നജീബിനെ കണ്ട് കണ്ണീരണിഞ്ഞവരാണ് ഭൂരിഭാഗം ആളുകളും. കരളലിയിക്കുന്ന നജീബിന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിയപ്പോഴും ആ കാത്തിരിപ്പും പ്രതീക്ഷകളും ഒന്നും വെറുതെയായിട്ടില്ലെന്നാണ്…

പ്രഖ്യാപന സമയം മുതല്‍ ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്‍ കുറിച്ചിട്ട വരികളിലൂടെ നജീബിനെ കണ്ട് കണ്ണീരണിഞ്ഞവരാണ് ഭൂരിഭാഗം ആളുകളും. കരളലിയിക്കുന്ന നജീബിന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിയപ്പോഴും ആ കാത്തിരിപ്പും പ്രതീക്ഷകളും ഒന്നും വെറുതെയായിട്ടില്ലെന്നാണ് ബോക്‌സോഫീസും പ്രേക്ഷകരും ഒന്നടങ്കം പറയുന്നത്.

ബ്ലെസി എന്ന സംവിധായകന്റെ 16 വര്‍ഷത്തെ കാത്തിരിപ്പും പൃഥ്വിരാജിന്റെ കഠിനാധ്വാനവുമാണ് ആടുജീവിതം എന്ന് പ്രേക്ഷകലോകം ഒരേ സ്വരത്തില്‍ പറയുന്നു. സംവിധായകനും നായകനും അണിയറപ്രവര്‍ത്തകരുമെല്ലാം ഒന്നടങ്കം കൈയ്യടി നേടുകയാണ്.

ഇപ്പോഴിതാ സിനിമയുടെ വിജയത്തിന് ശേഷം പൃഥ്വിയും ബ്ലെസിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ വൈറലായിരിക്കുകയാണ്. വളരെ വൈകാരികമായിട്ടാണ് ഇരുവരും സന്തോഷം പങ്കിടുന്നത്. പൃഥ്വിരാജ് ബ്ലെസിയെ കെട്ടിപിടിക്കുന്നതാണ് വീഡിയോ. ആടുജീവിതത്തിന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ ആരാധകര്‍ നിരവധി രസകരമായ കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ്.

‘വര്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ക്ക് കാലം മറുപടി നല്‍കി’, ‘ഇത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം’, ‘ഇത് നിങ്ങളുടെ വിജയം’, ‘നമ്മള്‍ ജയിച്ചു ആശാനെ’ എന്നിങ്ങനെയൊക്കെയാണ് പ്രതികരണങ്ങള്‍.

സിനിമയ്ക്കായി പൃഥ്വിരാജ് നടത്തിയ കഠിനശ്രമങ്ങളൊന്നും വെറുതെയായില്ലെന്ന് എല്ലാവരും പറയുന്നു. മലയാളത്തിലേക്ക് ഓസ്‌കാര്‍ എത്തിയ്ക്കും, ഇന്റര്‍നാഷണല്‍ ലെവല്‍ സിനിമയാണ് ആടുജീവിതമെന്നൊക്കെ കമന്റുകളുണ്ട്. പൃഥ്വിരാജ് നജീബിനോട് പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു.

ആദ്യദിനത്തില്‍ തന്നെ ആടുജീവിതം കേരളത്തില്‍ നിന്നും മാത്രമായി ആറുകോടിയിലധികം രൂപ നേടിക്കഴിഞ്ഞു. നിലവില്‍ 12 കോടി കളക്ഷനുമായി വിജയ് ചിത്രം ലിയോ ആണ് ആദ്യദിനത്തില്‍ കേരളത്തില്‍ നിന്ന് ഏറ്റവും പണം വാരിയ ചിത്രം. പൃഥ്വിരാജിന്റെ കരിയര്‍ ബെസ്റ്റ് കളക്ഷനായിരിക്കും ആടുജീവിതമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.