മമ്മൂട്ടിയ്ക്ക് പത്മ പുരസ്‌കാരം ലഭിച്ചില്ല എന്നല്ല… പത്മ അവാര്‍ഡിന് മമ്മൂട്ടിയെ കിട്ടിയില്ല എന്നാണ്!!!

ഈ വര്‍ഷത്തെ പത്മ പുരസ്‌കാരം പ്രഖ്യാപിച്ചതില്‍ രൂക്ഷ വിമര്‍ശനമാണ് സോഷ്യലിടത്ത് നിറയുന്നത്. പ്രധാനമായും മമ്മൂട്ടിയെ ഒഴിവാക്കി ഗൗരി ലക്ഷ്മി ഭായിക്ക് പത്മ പുരസ്‌കാരം നല്‍കിയതിലാണ് പ്രതിഷേധം നിറയുന്നത്. കേന്ദ്രസര്‍ക്കാറിന്റെ പുരസ്‌കാരത്തിനെതിരെ നിരവധി പേരാണ് പ്രതിഷേധം…

ഈ വര്‍ഷത്തെ പത്മ പുരസ്‌കാരം പ്രഖ്യാപിച്ചതില്‍ രൂക്ഷ വിമര്‍ശനമാണ് സോഷ്യലിടത്ത് നിറയുന്നത്. പ്രധാനമായും മമ്മൂട്ടിയെ ഒഴിവാക്കി ഗൗരി ലക്ഷ്മി ഭായിക്ക് പത്മ പുരസ്‌കാരം നല്‍കിയതിലാണ് പ്രതിഷേധം നിറയുന്നത്. കേന്ദ്രസര്‍ക്കാറിന്റെ പുരസ്‌കാരത്തിനെതിരെ നിരവധി പേരാണ് പ്രതിഷേധം അറിയിക്കുന്നത്. വിഷയം ചൂണ്ടിക്കാട്ടി സന്ദീപ് ദാസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

ഈ വര്‍ഷത്തിലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി എന്ന മഹാനടന്‍ വീണ്ടും ഒഴിവാക്കപ്പെട്ടിരിക്കുന്നു. അശാസ്ത്രീയതയും ജനാധിപത്യവിരുദ്ധതയും മാത്രം പ്രസംഗിക്കുന്ന ഗൗരി ലക്ഷ്മി എന്ന ‘രാജകുടുംബാംഗത്തിന്’ അവാര്‍ഡ് ലഭിച്ചിട്ടുമുണ്ട്!

ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ശക്തി വല്ലാതെ ക്ഷയിച്ചിരിക്കുന്നു. കാവിയണിഞ്ഞ ഫാസിസ്റ്റുകള്‍ ഈ രാജ്യത്ത് പിടിമുറുക്കിയിരിക്കുന്നു. രാജഭരണവും ചാതുര്‍വര്‍ണ്യവും തിരിച്ചുവരണം എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു. മമ്മൂട്ടി തഴയപ്പെടുന്നതും ‘തമ്പുരാട്ടി’ ആയ ഗൗരിലക്ഷ്മി ആദരിക്കപ്പെടുന്നതും അതുകൊണ്ടാണ്.

മമ്മൂട്ടിയെ അഭിനേതാവ് എന്ന മേല്‍വിലാസത്തില്‍ ഒതുക്കിനിര്‍ത്താനാവില്ല. അദ്ദേഹം കടുത്ത ജനാധിപത്യവാദി കൂടിയാണ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് നടന്ന ഒരു സംഭവം ഓര്‍മ്മ വരികയാണ്. മമ്മൂട്ടി വോട്ട് ചെയ്യാന്‍ വേണ്ടി ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഒരു മാദ്ധ്യമ പ്രവര്‍ത്തക ചോദിച്ചു-
”ഒരു സൂപ്പര്‍സ്റ്റാറായ നിങ്ങള്‍ ക്യൂ പാലിക്കുകയാണോ…!?’
മമ്മൂട്ടിയുടെ മറുപടി ഇപ്രകാരമായിരുന്നു-
”ക്യൂ പാലിക്കണം. ഇവിടെ ഞാന്‍ ഒരു വോട്ടര്‍ മാത്രമാണ്. ഇന്ത്യയിലെ ഓരോ പൗരനും വോട്ടവകാശം വിനിയോഗിക്കണം. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ആഘോഷമാണ് തിരഞ്ഞെടുപ്പുകള്‍…”ഇതാണ് മമ്മൂട്ടിയുടെ പൗരബോധം.

എന്നാല്‍ ഗൗരിലക്ഷ്മിയുടെ അവസ്ഥ എന്താണ്? ഇന്ത്യയില്‍ ജനാധിപത്യം വന്നു എന്ന വസ്തുത ഗൗരിലക്ഷ്മി ഇതുവരെ അംഗീകരിച്ചിട്ടില്ല. തമ്പുരാട്ടി എന്നാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഗൗരിലക്ഷ്മിയ്ക്ക് നിയമസഭയോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും പുച്ഛമാണ്. വോട്ട് എന്ന അവകാശത്തില്‍ അവര്‍ വിശ്വസിക്കുന്നില്ല.

ഒരു പുരോഗമന സമൂഹത്തില്‍ വിലക്കപ്പെടേണ്ട തരത്തിലുള്ള പ്രസ്താവനകളാണ് ഗൗരിലക്ഷ്മിയുടെ ഭാഗത്തുനിന്ന് ഉണ്ടാവാറുള്ളത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ വെള്ളമൊഴിച്ചാല്‍ ചെടി കരിഞ്ഞുപോകും എന്ന മണ്ടന്‍ സ്റ്റേറ്റ്‌മെന്റ് ആര്‍ക്കെങ്കിലും മറക്കാനാവുമോ? അത് പറഞ്ഞ ആളിനെയാണ് രാജ്യം ഇപ്പോള്‍ ആദരിച്ചിട്ടുള്ളത്!

മമ്മൂട്ടി അശാസ്ത്രീയത പറയാറില്ല. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ മനുഷ്യരെ വേര്‍തിരിക്കാറില്ല. വര്‍ത്തമാനകാല ഇന്ത്യയില്‍ അതൊരു വലിയ അയോഗ്യതയാണ്!
നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമ പുറത്തിറങ്ങിയ സമയത്ത് മമ്മൂട്ടി അഭിപ്രായപ്പെട്ടിരുന്നു-”മതപരവും ഭാഷാപരവും ആയ വ്യത്യാസങ്ങളേക്കാള്‍ പ്രധാനമാണ് മാനുഷിക മൂല്യങ്ങള്‍. അതാണ് ഈ ചലച്ചിത്രം പറയുന്ന രാഷ്ട്രീയം…!”

ഇന്ത്യയ്ക്ക് സമഗ്രമായ സംഭാവനകള്‍ നല്‍കിയ മമ്മൂട്ടിയും ഗൗരിലക്ഷ്മിയും തമ്മില്‍ ഒരു താരതമ്യത്തിന് പോലും വകുപ്പില്ല. പക്ഷേ ഇന്നത്തെ ഇന്ത്യയ്ക്ക് മമ്മൂട്ടിമാരെ ആവശ്യമില്ല. ഇത് തമ്പുരാട്ടിമാരുടെ യുഗമാണ്!
മമ്മൂട്ടിയ്ക്ക് പത്മ പുരസ്‌കാരം ലഭിച്ചില്ല എന്നല്ല പറയേണ്ടത്. പത്മ അവാര്‍ഡിന് മമ്മൂട്ടിയെ കിട്ടിയില്ല എന്നാണ് വിലയിരുത്തേണ്ടത്. മമ്മൂട്ടിയ്ക്ക് ഇനിയെന്താണ് തെളിയിക്കാനുള്ളത്!?
വര്‍ഗീയവാദികളുടെ നടുവില്‍ മമ്മൂട്ടി മനുഷ്യത്വം പറഞ്ഞ് ജീവിക്കുകയാണ്. ഈ അവാര്‍ഡില്ലായ്മയാണ് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ അവാര്‍ഡ് എന്നാണ് സന്ദീപ് ദാസ് പങ്കുവച്ചിരിക്കുന്നത്.