അവള്‍ക്കൊപ്പം നിന്നാല്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അനുഭവം പങ്കുവെച്ച് സയനോര

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയോളം മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചവരാണ് പരസ്യമായി നടിയെ പിന്തുണച്ച് രംഗത്തെത്തിയ സിനിമാ മേഖലയില്‍ ഉള്ളവര്‍. വലിയ വല്ലുവിളികളാണ് നടിയുടെ ഈ സുഹൃത്തുക്കള്‍ നേരിട്ടത്. അത്തരത്തില്‍ നടിയെ പിന്തുണച്ചവരില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു,…

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയോളം മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചവരാണ് പരസ്യമായി നടിയെ പിന്തുണച്ച് രംഗത്തെത്തിയ സിനിമാ മേഖലയില്‍ ഉള്ളവര്‍. വലിയ വല്ലുവിളികളാണ് നടിയുടെ ഈ സുഹൃത്തുക്കള്‍ നേരിട്ടത്. അത്തരത്തില്‍ നടിയെ പിന്തുണച്ചവരില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു, നടിയുടെ സുഹൃത്തും മലയാളികളുടെ പ്രിയ ഗായികയുമായ സയനോര.

ഇന്‍ഡസ്ട്രിയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്നും മാറ്റി നിര്‍ത്തപ്പെടുമെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് താന്‍ അത്തരത്തില്‍ ഒരു തീരുമാനം എടുത്തതെന്ന് സയനോര പറയുന്നു. നടി ആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസങ്ങളില്‍ ഉണ്ടായ സംഭവ വികാസങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സയനോര.

‘ആ യാത്രയില്‍ അവളുടെ ദുഃഖമാണോ കൂടുതല്‍ ഞങ്ങളുടെ ദുഃഖമാണോ കൂടുതല്‍ എന്ന് ചോദിച്ചാല്‍ നമ്മളുടെ എല്ലാവരുടെയും ദുഃഖമായരുന്നു ഒരുമിച്ചിട്ടുള്ളത്. നീ ഞാന്‍ എന്ന കോണ്‍സെപ്റ്റ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല.

സംഭവം നടന്ന ദിവസം എനിക്കോര്‍മയുണ്ട്. എനിക്ക് കണ്ണൂരില്‍ നിന്നും കൊച്ചിക്ക് ടിക്കറ്റ് കിട്ടിയിരുന്നില്ല. ആ സമയത്ത് ഇവരെല്ലാരും രമ്യയുടെ വീട്ടില്‍ ഉണ്ടായിരുന്നു. ഷഫ്നയും ശില്‍പയും എന്നെ വിളിച്ച് കരയുകയായിരുന്നു. ടി.വിയില്‍ ഇത് കണ്ടുകൊണ്ടിരിക്കുമ്പോള്‍ എനിക്കാണെങ്കില്‍ കയ്യും കാലും വിറച്ചിട്ട് എന്താ ചെയ്യേണ്ടേ എന്ന് പോലും അറിയുന്നുണ്ടായിരുന്നില്ല.

ഞാന്‍ ഇങ്ങനെ അവള്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ പല സ്ഥലങ്ങളില്‍ ഒറ്റപ്പെടുമെന്നും എനിക്കറിയാമായിരുന്നു. പക്ഷേ, നമ്മുടെ ഫ്രണ്ടിനെ ചേര്‍ത്തുനിര്‍ത്തുന്നതല്ലേ മനുഷ്യത്വം. ഇനിയിപ്പോള്‍ ഇവളോട് മിണ്ടാന്‍ നില്‍ക്കേണ്ട എന്നൊന്നും എനിക്ക് ചിന്തിക്കാന്‍ പറ്റില്ല.

ഞാന്‍ അങ്ങനെ ഒരു സ്റ്റാന്‍ഡ് എടുത്തതില്‍ എന്റെ ഡാഡി വളരെ പ്രൗഡ് ആണ്. ഡാഡി മാത്രമല്ല ഫുള്‍ ഫാമിലി സപ്പോര്‍ട്ട് ആയിരുന്നു. കാരണം ഭാവന ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരുന്നു. എന്റെ ഫാമിലിക്കാണ് ഇത് സംഭവിച്ചിരിക്കുന്നത്. സോ ഞാന്‍ അവളുടെ കൂടെ നില്‍ക്കും.

സമൂഹമാണ് തീരുമാനിക്കുന്നത് അവള്‍ക്ക് ഇനിയും ചാന്‍സ് കിട്ടണമായിരുന്നു അല്ലെങ്കില്‍ അവള്‍ക്ക് ചാന്‍സ് കിട്ടുന്നില്ല എന്നൊക്കെ. ഇതൊക്കെ അവര്‍ വിചാരിക്കുന്നതാണ്. എനിക്കെന്റെ ചാന്‍സ് നഷ്ടപ്പെട്ടു എന്ന എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഇഷ്ടം പോലെ ചിലപ്പോള്‍ പോയിട്ടുണ്ടാവാം. ബട്ട് ഐ ഡോണ്ട് കെയര്‍, അത് എനിക്ക് പ്രശ്നമല്ല. ഇപ്പോഴും ഞാന്‍ അങ്ങനെ തന്നെയാണ് പറയുന്നത്.

അങ്ങനെയല്ല അത് ചിന്തിക്കേണ്ടത്. ഇങ്ങനെ ഒരു പ്രശ്നം സിനിമാ ഇന്‍ഡസ്ട്രിയില്‍ നടന്നിട്ടും ശക്തരായ എത്രയോ പേര്‍ക്ക് പ്രതികരിക്കാമായിരുന്നു. ഇവര്‍ നമ്മളെ പ്രൊടക്ട് ചെയ്യും അല്ലെങ്കില്‍ ഇവര്‍ നമുക്ക് വേണ്ടി സംസാരിക്കും എന്ന് കരുതിയ ഒരുപാട് പേര്‍ ഉണ്ടായിരുന്നു.

എന്നാല്‍ അത്തരത്തില്‍ ഒരു സപ്പോര്‍ട്ടും അവള്‍ക്ക് കിട്ടാതെ വന്നപ്പോഴാണ്, എല്ലാവരും ചേര്‍ന്ന് അവളെ കുരിശില്‍ തളയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് ഡബ്ല്യു.സി.സി പോലുള്ള സംഘടനകള്‍ ഉണ്ടായത്. ഇങ്ങനെ ഒരു സംഭവം ഇനി ഒരു സ്ത്രീയ്ക്കും സംഭവിക്കരുത് എന്ന ദൃഢനിശ്ചയത്തിന്റെ പേരിലാണ് അത് ഫോം ചെയ്യുന്നത്.

സമൂഹത്തില്‍ നിന്ന് നമ്മള്‍ മാറ്റിനിര്‍ത്തപ്പെട്ടേക്കും ചിലപ്പോള്‍ വലിയ അവസരങ്ങള്‍ നമുക്ക് കിട്ടാതെ വരും. പക്ഷേ മനുഷ്യര്‍ എന്നുള്ള നിലയില്‍ നമ്മള്‍ ചെയ്യേണ്ട ചില കടമകളുണ്ട്. അത് നമ്മള്‍ ചെയ്തേ മതിയാവൂ. അതിനകത്ത് ലാഭനഷ്ട കണക്കുകള്‍ പറഞ്ഞാല്‍ നമ്മള്‍ മനുഷ്യരല്ല,’ സയനോര പറയുന്നു.