കെട്ടിപ്പിടിക്കുന്ന വീഡിയോ വൈറലായി; ഏഴ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികള്‍ ആശ്ലേഷിക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് അസമിലെ ഒരു കോളേജിലെ ഏഴ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. കോളേജിലെ പതിനൊന്നാം ക്ലാസിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന സംഘം ക്ലാസ് മുറിയില്‍ പരസ്പരം കെട്ടിപ്പിടിക്കുകയായിരുന്നു. ഇതേ ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥി വീഡിയോ പകര്‍ത്തുകയും പിന്നീട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനമായ സില്‍ച്ചാറിലെ രാമാനുജ് ഗുപ്ത കോളേജിലാണ് സംഭവം.

വീഡിയോ വൈറലായതോടെ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ചിലര്‍ കോളേജ് അധികൃതരെയും കുറ്റപ്പെടുത്തി. ബുധനാഴ്ചയാണ് വീഡിയോകള്‍ കോളേജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്, തുടര്‍ന്ന് ഏഴ് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഏഴ് പേരില്‍ നാല് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തിന്റെ അച്ചടക്കത്തിന്റെ ലംഘനമാണെന്നും അതുകൊണ്ടു തന്നെ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്നും അധികൃതര്‍ വിശദീകരിച്ചു. അധ്യാപകര്‍ ഇല്ലാതിരുന്ന സമയത്താണ് വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ പരസ്പരം കെട്ടിപ്പിടിച്ചതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പൂര്‍ണദീപ് ചന്ദ പറഞ്ഞു. കോളേജ് പരിസരത്ത് സിസിടിവി ക്യാമറകള്‍ ഉണ്ടെന്നും കാമ്പസില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Previous article‘വഴിയില്‍ കുഴിയുണ്ട് , മനുഷ്യര്‍ കുഴിയില്‍ വീണ് മരിക്കുന്നുമുണ്ട്’ ജോയ് മാത്യു
Next articleആ ഡാൻസിന് വേണ്ടി ഞാൻ പടം കാണും പൃഥ്വിരാജ് സുകുമാരൻ !!