ഇത് നീതിയുടെ വിജയം! സ്റ്റേ ഒഴിവാക്കിയതില്‍ ‘വരാഹരൂപം’ ഗാനരചയിതാവ്

കന്നഡ ചിത്രം കാന്താരയിലെ ‘വരാഹരൂപം’ ഗാനം ഏറെ ഹിറ്റാവുകയും അതേസമയം വിവാദത്തിലും പെട്ടിരുന്നു. പകര്‍പ്പവകാശത്തിലാണ് ‘വരാഹരൂപം’ കോടതി കയറിയത്. പകര്‍പ്പവകാശ ലംഘനം ആരോപിച്ച് തൈക്കുടം ബ്രിഡ്ജ് സമര്‍പ്പിച്ച ഹര്‍ജി ‘അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടി’ കോഴിക്കോട്…

കന്നഡ ചിത്രം കാന്താരയിലെ ‘വരാഹരൂപം’ ഗാനം ഏറെ ഹിറ്റാവുകയും അതേസമയം വിവാദത്തിലും പെട്ടിരുന്നു. പകര്‍പ്പവകാശത്തിലാണ് ‘വരാഹരൂപം’ കോടതി കയറിയത്. പകര്‍പ്പവകാശ ലംഘനം ആരോപിച്ച് തൈക്കുടം ബ്രിഡ്ജ് സമര്‍പ്പിച്ച ഹര്‍ജി ‘അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടി’ കോഴിക്കോട് ജില്ലാ കോടതി മടക്കി അയച്ചിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ‘വരാഹരൂപം’ ഗാനരചയിതാവ് ശശിരാജ് കാവൂര്‍.

കീഴ്ക്കോടതിയില്‍ നിന്ന് (യഥാര്‍ത്ഥ അധികാരപരിധി) ഇളവ് തേടാന്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ‘കാന്താര’ ടീമിനോട് നിര്‍ദ്ദേശിച്ചു. ഇന്ന് കീഴ്ക്കോടതി ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം തൈക്കുടം ബ്രിഡ്ജിന്റെ അപേക്ഷ തള്ളുകയും വരാഹ രൂപത്തിന് നല്‍കിയ സ്റ്റേ ഒഴിവാക്കുകയും ചെയ്തു. ഇത് നീതിയുടെ വിജയം. ജയ് തുളുനാട്,” എന്നാണ് ശശിരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

പരാതി തിരികെ നല്‍കുന്നതിനായി, സിവില്‍ പ്രൊസീജ്യര്‍ കോഡിന്റെ ഓര്‍ഡര്‍ 7 റൂള്‍ 10 പ്രകാരം സിനിമയുടെ നിര്‍മ്മാതാവായ ഹോംബാലെ ഫിലിംസ് നല്‍കിയ അപേക്ഷ നല്‍കിയിരുന്നു. യോഗ്യതയുള്ള കോടതിയില്‍ ഹാജരാക്കണമെന്ന് കാണിച്ച് ജില്ലാ കോടതി ആ ഹര്‍ജിയും മടക്കി.

14 ദിവസത്തിനകം കക്ഷികള്‍ എറണാകുളത്തെ കമേഴ്സ്യല്‍ കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജി മടക്കി നല്‍കുന്നതിനിടെ, യോഗ്യതയുള്ള കോടതിക്ക് മുമ്പാകെ ഇന്‍ജംഗ്ഷന്‍ അപേക്ഷ തുടരാമെന്നാണ് ജില്ലാ കോടതി വ്യക്തമാക്കിയത്.

അതോടെ സിനിമയിലെ ‘വരാഹരരൂപം’ ഗാനം ഉപയോഗിക്കുന്നതിനെതിരെ ഒക്ടോബര്‍ 28 ന് ജില്ലാ കോടതി പുറപ്പെടുവിച്ച പരസ്യ-ഇടക്കാല ഉത്തരവ് പ്രാബല്യത്തില്‍ വരില്ല. ഹോംബാലെ ഫിലിംസ്, ഋഷഭ് ഷെട്ടി, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് (ചിത്രത്തിന്റെ നിര്‍മ്മാതാവ്, സംവിധായകന്‍, കേരളത്തിലെ വിതരണക്കാര്‍ എന്ന നിലയില്‍) എന്നിവര്‍ക്കെതിരെയാണ് നിരോധന ഉത്തരവ്.

കൂടാതെ, ആമസോണ്‍ മ്യൂസിക്, സ്പോട്ടിഫൈ, വിങ്ക് മ്യൂസിക്, ജിയോസാവന്‍ തുടങ്ങിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളും ഗാനം പ്ലേ ചെയ്യുന്നതില്‍ നിന്ന് വിലക്കിയിരിക്കുകയാണ്.

മാത്രമല്ല ‘വരാഹരൂപം’ ഗാനം ഉപയോഗിക്കുന്നതിനെതിരെ പാലക്കാട് ജില്ലാ കോടതി നവംബര്‍ രണ്ടിന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്. കോപ്പിയടി വിവാദ വിഷയമായ ‘നവരസം’ ഗാനത്തിന്റെ പകര്‍പ്പവകാശ ഉടമയാണെന്ന് അവകാശപ്പെടുന്ന മാതൃഭൂമി പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ് ഫയല്‍ ചെയ്ത കേസിലാണ് രണ്ടാമത്തെ ഉത്തരവിട്ടത്.