‘ആ കുഴിയിൽ വീഴരുത്’; ചാവേറിനെക്കുറിച്ച് ഷിബു ബേബി ജോൺ

ടിനു പാപ്പച്ചൻ സംവിധാനം നിർവഹിച്ച ചാവേർ എന്ന ചിത്രത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻമന്ത്രിയും ആർ.എസ്.പി നേതാവും, നിർമാതാവുമായ ഷിബു ബേബി ജോൺ. ചാവേർ മികച്ച ചിത്രമാണ് എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. സിനിമ കണ്ടിറങ്ങിയവരുടെയെല്ലാം…

ടിനു പാപ്പച്ചൻ സംവിധാനം നിർവഹിച്ച ചാവേർ എന്ന ചിത്രത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻമന്ത്രിയും ആർ.എസ്.പി നേതാവും, നിർമാതാവുമായ ഷിബു ബേബി ജോൺ. ചാവേർ മികച്ച ചിത്രമാണ് എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. സിനിമ കണ്ടിറങ്ങിയവരുടെയെല്ലാം മനസ് നിറയ്ക്കാൻ ഈ ചിത്രത്തിന് കഴിയുന്നുവെന്നത് നിസാരമല്ലെന്നും ടിനു പാപ്പച്ചനെയോർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നുണ്ട്.  ചിത്രത്തെയും പ്രമേയത്തേയും അവതരണശൈലിയേയും അഭിനന്ദിച്ചുകൊണ്ടാണ് ഷിബു ബേബി ജോൺ രം​ഗത്തെത്തിയത്. ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ നമുക്ക് ചുറ്റും കാണാമെന്നും, നമ്മൾ ജീവിക്കുന്ന സമൂഹത്തിലെ രാഷ്ട്രീയ അപചയവും രാഷ്ട്രീയത്തിനുള്ളിലെ ജാതിയതയുമെല്ലാം തുറന്നുകാട്ടാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്നതും അഭിനന്ദനാർഹമാണെന്നും അദ്ദേഹം കുറിച്ചു. നടനും സംവിധായകനുമായ ജോയ് മാത്യു ആണ് ചാവേറിന് തിരക്കഥ ഒരുക്കിയത്. ചിത്രത്തിനെതിരെ വ്യാപകമായ ഡീ​​ഗ്രേഡിങ് നടക്കുന്നുണ്ടായിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ജോയ് മാത്യുവിനെതിരെയും ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. രാഷ്ട്രീയപരമായുള്ള വിമർശനങ്ങളും അദ്ദേഹം നേരിട്ടിരുന്നു. ഇടതുപക്ഷത്തെ പല കാര്യങ്ങളിലും വിമർശിക്കുന്ന ജോയ് മാത്യു സിനിമയിലും ഇടതുപക്ഷത്തെ ലക്ഷ്യം വെച്ചുവെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ സിനിമ ഒരിക്കലും ഒരു രാഷ്ട്രീയ പാർട്ടിയെയും വിമർശിക്കുന്നില്ലെന്നാണ് അണിയറപ്രവർത്തകർ നൽകിയ വിശദീകരണം. ഈ ചിത്രത്തെ തകർക്കാൻ ആദ്യദിനം മുതൽ തന്നെ ബോധപൂർവ്വമായ ശ്രമങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നുവന്നിരുന്നു. സിനിമ കാണുക പോലും ചെയ്യാതെ ഒരു നല്ല സിനിമയ്ക്കെതിരെ ഡിഗ്രേഡിങ് നടത്തുന്നത് ഈ സിനിമ തുറന്നു പിടിക്കുന്ന കണ്ണാടിയിൽ സ്വന്തം വൈകൃതം ദർശിക്കുന്നവരാണ്, ഈ സിനിമ പറയുന്ന വസ്തുതകൾ ജനങ്ങളിലേക്ക് എത്തരുതെന്ന് ആഗ്രഹിക്കുന്നവരാണ്. ആ കുഴിയിൽ നാം വീഴരുതെന്നും, ചാവേർ നാമോരോരുത്തരും തിയേറ്ററിൽ തന്നെ പോയി കാണേണ്ട സിനിമയാണ് എന്നും ഷിബു ബേബി ജോൺ പറയുന്നു. വ്യാജപ്രചരണങ്ങളിൽ വഞ്ചിതരായി മികച്ച സിനിമാനുഭവം നാം നഷ്ടപ്പെടുത്തരുതെന്നും, മനോഹരമായ ഒരു തീയേറ്റർ അനുഭവം സമ്മാനിച്ചതിന് സംവിധായകൻ ടിനു പാപ്പച്ചനും തിരക്കഥാകൃത്ത് ജോയ് മാത്യുവിനും അഭിനന്ദനങ്ങൾ എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. എന്നാല്‍ തന്‍റെ ആദ്യ രണ്ട് ചിത്രങ്ങളില്‍ നിന്നും വേറിട്ട ശൈലിയിലാണ് ടിനു ചാവേര്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ക്ക് തന്നെ ഇതൊരു അപ്രതീക്ഷിത അനുഭവമായിരുന്നു. ഒരു മുഴുനീള ആക്ഷന്‍ പടം പ്രതീക്ഷിച്ചെത്തിയവര്‍ തെല്ല് നിരാശയും പ്രകടിപ്പിച്ചിരുന്നു. അതേസമയം ചിത്രം ഇഷ്ടപ്പെടുന്നവരും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങളുമായി എത്തുന്നുണ്ട്. മെയ്ക്കിങില്‍ പതിവ് ടിനു പാപ്പച്ചന്‍ പുലർത്തുന്ന ചിത്രം മികച്ച സന്ദേശം നല്‍കുന്നുവെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

മെയ്ക്കിങ് ഗംഭീരമാണെങ്കിലും ജോയ് മാത്യൂവിന്റെ തിരക്കഥയില്‍ പാളിച്ചയുണ്ടായെന്നാണ് ചിത്രത്തിനെതിരായ പ്രധാന വിമർശനം. കുഞ്ചാക്കോ ബോബൻ, ആന്റണി വർ​ഗീസ്, അർജുൻ അശോകൻ, മനോജ് കെ.യു, സം​ഗീത, ജോയ് മാത്യു എന്നിവരാണ് ചാവേറിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. ഛായാഗ്രഹണവും എഡിറ്റിംഗും പശ്ചാത്തല സംഗീതവും ഗാനങ്ങളും ചാവേറിനെ ഏറെ മനോഹരമാക്കുന്നുണ്ട്. അതേസമയം ഷിബു ബോബിജോൺ ആദ്യമായി നിർമിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം മലൈക്കോട്ടൈ വാലിബൻ പ്രദർശനത്തിനൊരുങ്ങുകയാണ്. 2024 ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തുക. അതെ സമയം ആന്റണി വർഗീസ് പെപ്പെയുമായി പുതിയ ചിത്രത്തിന് കൈകോർത്ത് ഷിബു ബേബി  ജോൺ.  ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സന്റെ  രണ്ടാമത്തെ പ്രൊഡക്ഷനായിട്ടാണ് ചിത്രമെത്തുന്നത്. പരസ്യ സംവിധായകൻ ഗോവിന്ദ് വിഷ്ണുവമാണ് ചിത്രം ഒരുക്കുന്നത്. ഗോവിന്ദും ദീപുരാജീവനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആന്റണി വർഗീസിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപാനം.