മിസ് ട്രാന്‍സ് ഗ്ലോബല്‍ ജേതാവായി ശ്രദ്ധേയയാണ് ട്രാന്‍സ് വുമണ്‍ ശ്രുതി സിതാര. മോഡലായ ശ്രുതിയുടെ പുതിയ ഫോട്ടോ ഷൂട്ടാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ‘പിറവി’ എന്ന ആശയത്തിലാണ് ശ്രുതിയുടെ ഫോട്ടോഷൂട്ട്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് കിടക്കുന്നതുപോലെയാണ് ശ്രുതിയുടെ ഫോട്ടോ ഷൂട്ട്.
ബിബിന്‍ ഫോട്ടോഷൂട്ടിന്റെ കണ്‍സെപ്റ്റ് ആന്റ് ഫോട്ടോഗ്രഫി ചെയ്തിരിക്കുന്നത്. ഏതൊരു പിറവിയും സന്തോഷവും പ്രതീക്ഷയും നല്‍കുന്നതാണെന്നും ട്രാന്‍സ് വ്യക്തികളുടെ ജീവിതം കൂടിയാണ് ഈ ചിത്രങ്ങള്‍ പറയുന്നതെന്നും ബിബിന്‍ പറയുന്നു.
ട്രാന്‍സ് വ്യക്തികള്‍ അവരുടെ വ്യക്തിത്വം തിരിച്ചറിഞ്ഞ് പുതിയ ജീവിതം തുടങ്ങുന്നത് ഒരു കുഞ്ഞ് ജനിക്കുന്നതുപോലെ തന്നെയാണ്. അവരുടെ ജീവിതം എല്ലാതരത്തിലും മാറുകയാണ്. പിറവി എന്ന ഫോട്ടോഷൂട്ടിലൂടെ അതാണ് ഉദ്ദേശിക്കുന്നതെന്നും ബിബിന്‍ പറയുന്നു.
അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പിറവിക്കായി തയാറെടുക്കുന്ന പിഞ്ചുകുഞ്ഞിനെ പോലെയാണ് ശ്രുതി ചിത്രങ്ങളിലുള്ളത്. കോസ്റ്റ്യൂം ഒരുക്കിയത് സ്മൃതി സൈമണാണ്. മേക്കപ്പും ഹെയര്‍സ്റ്റൈലും രഞ്ജിത്ത് രാജാണ് ചെയ്തിരിക്കുന്നത്.
‘ഗര്‍ഭം’ ലോകത്തിന്റെ മണലില്‍ നിഷ്കളങ്കമായ പാദങ്ങളുമായി സമമല്ലാത്ത മണ്ണില്‍ ഇളക്കമുള്ള ചുവടുകളുമായി ഒരു പിറവി. ഓരോ പിറവിയും സന്തോഷത്തിന്റെയും, പ്രതീക്ഷയുടെയും അര്‍ത്ഥമുള്ള ഒരു യാത്രയിലേക്കുള്ള തുടക്കമാണ്. ഒരു ട്രാന്‍സ് വ്യക്തിയുടെ ജീവിതത്തിലെ സ്വപ്നങ്ങളും, സങ്കല്പങ്ങളും അടയാളപ്പെടുത്തുകയാണിവിടെ. ചുവട് തെറ്റാതെ വീണ്ടും അര്‍ത്ഥമുള്ള ഒരു പിറവിയായ് ,…യാത്രയായ്, എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് ശ്രുതി കുറിച്ചത്.